ലണ്ടന്‍: അടികളും തിരിച്ചടികളും വാക്കു കൊണ്ടും ബാറ്റു കൊണ്ടുമെല്ലാമുള്ള മറുപടികളുമൊക്കെ എന്നും ക്രിക്കറ്റിനെ ഹരം കൊള്ളിക്കുന്ന കാഴ്ച്ചകളാണ്. ഇന്ത്യ-പാക് മത്സരങ്ങളും ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മത്സരങ്ങളും ഉദാഹരണങ്ങളാണ്. അതുപോലെ ഇന്ത്യന്‍ ക്രിക്കറ്റിന് മറക്കാനാവാത്ത നിമിഷങ്ങളിലൊന്നായിരുന്നു ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരായ വിജയം. ജേഴ്സി ഊരി വീശിയുള്ള സൗരവ് ഗാംഗുലിയുടെ ആഹ്ലാദ പ്രകടനം ഇന്നും ഇന്ത്യന്‍ ആരാധകരുടെ മനസില്‍ മായാതെ നില്‍ക്കുന്നുണ്ടാകും.
ഇന്നും ഓര്‍ക്കുമ്പോള്‍ ആരാധകരുടെ മനസില്‍ തീ പടര്‍ത്തുന്ന ആ കാഴ്ച്ച ഗാംഗുലിയ്ക്ക് ആന്‍ഡ്രൂ ഫ്ളിന്റോഫിനോടുള്ള ഒരു മധുര പ്രതികാരം കൂടിയായിരുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ആ ചരിത്രമൂഹൂര്‍ത്തത്തെ ഓര്‍മ്മിപ്പിച്ച് സൗരവിനെ ട്രോളിയിരിക്കുകയാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനിടെ മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരവുമായ മൈക്ക് അതേര്‍ട്ടന്‍.
സൗരവും അതേര്‍ട്ടനും ചേര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിന്റെ കമന്ററി ചെയ്യുമ്പോഴായിരുന്നു രസകരമായ ആ മുഹൂര്‍ത്തം. മത്സരത്തിനിടെ ഫല്‍ന്റോഫിനെ കണ്ടപ്പോള്‍ സൗരവിനൊപ്പം കമന്ററി ചെയ്തിരുന്ന മൈക്ക് അതേര്‍ട്ടന്‍ ഫ്‌ലിന്റോഫ് ഗ്രൗണ്ടിലുണ്ട്, ഷര്‍ട്ടൂരി വീശി ആഹല്‍ദ പ്രകടനം നടത്തണ്ടേ എന്ന് സൗരവിനോട് ചോദിക്കുകയായിരുന്നു. പണ്ട് ഫ്ളിന്റോഫ് ജേഴ്സി ഊരി വീശുകയും താങ്കളെ അത് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് ഗ്രൗണ്ടിലെ മോശമായ കാഴ്ച്ചകളിലൊന്നായിരുന്നു അതെന്നും മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഗാംഗുലിയോട് പറഞ്ഞു.
എന്നാല്‍ പൊതുവെ കളിക്കളത്തിലെന്ന പോലെ വാക്കു കൊണ്ടും മറുപടി നല്‍കാറുള്ള ദാദ അതേര്‍ട്ടന്റെ നര്‍മ്മം കലര്‍ന്ന ചോദ്യത്തിന് താങ്കളങ്ങനെ കരുതുന്നുണ്ടോ? എന്നുമാത്രമാണ് മറുപടി നല്‍കിയത്. ആ സമയത്ത് കമന്ററി ബോക്‌സില്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറുമുണ്ടായിരുന്നു.
മുംബൈയിലെ വാങ്കെഡെ സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ ആരാധകരുടെ മുന്നില്‍വച്ച് ഏകദിന മത്സരത്തില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയപ്പോള്‍ ജേഴ്സി ഊരി വീശിയാണ് ആന്‍ഡ്രൂ ഫ്ളിന്റോഫ് ആഹ്ലാദം പ്രകടിപ്പിച്ചത്. ഇന്ത്യന്‍ മണ്ണില്‍ പരാജയപ്പെട്ടതിനും ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ നൈരാശ്യത്തിനും ഇംഗ്ലണ്ട് മണ്ണില്‍ത്തന്നെ ഇന്ത്യ 2002 ല്‍ മറുപടി കൊടുത്തു. അന്ന് ആന്‍ഡ്രൂ ഫ്ളിന്റോഫിന് ഒരു മറുപടിയായി കൂടിയാണ് സൗരവ് ഗാംഗുലി ജേഴ്സി ഊരി വീശി ആഹ്ലാദം പങ്കുവെച്ചത്.