|

ഏഷ്യന്‍ 'കിങ്' ഹിറ്റ്മാന്‍; ഇവന് മുന്നിലും പിന്നിലും ഒരുത്തനുമില്ല, കുറിച്ചത് പുതു ചരിത്രം!

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഫൈനലില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയെടുത്തത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ വിജയിച്ചുകയറിയത്. 83 പന്തില്‍ ഏഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് രോഹിത് കിവീസിനെതിരെ അടിച്ചെടുത്തത്. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മിന്നും പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിന് സാധിച്ചു.

രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ അപരാജിത കുതിപ്പാണ് ഇന്ത്യ നടത്തുന്നത്. രണ്ട് ഐ.സി.സി കിരീടങ്ങളാണ് രോഹിത് തുടര്‍ച്ചയായി ഇന്ത്യയ്ക്ക് വേണ്ടി നേടിയത്. മാത്രമല്ല ഐ.സി.സിയുടെ നാല് ടൂര്‍ണമെന്റുകളിലും ഒരു ടീമിനെ ഫൈനലില്‍ എത്തിക്കുന്ന ഏക ക്യാപ്റ്റനെന്ന നേട്ടവും താരത്തിന് നേടാനായി.

എന്നാല്‍ ഇതിനെല്ലാം പുറമെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മറ്റൊരു തകര്‍പ്പന്‍ നേട്ടമാണ് റാഞ്ചിയത്. ഐ.സി.സിയുടെ ടൂര്‍ണമെന്റുകളില്‍ ബാക് ടു ബാക് കിരീടം നേടുന്ന ആദ്യത്തെ ഏഷ്യന്‍ താരമാകാനാണ് രോഹിത്തിന് സാധിച്ചത്.

2024ലെ ഐ.സി.സി ടി-20 ലോകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയ്ക്ക് വേണ്ടി രോഹിത് തന്റെ ആദ്യ കിരീടത്തില്‍ മുത്തമിട്ടത്. ഇപ്പോള്‍ 2025 ചാമ്പ്യന്‍സ് ട്രോഫിയിലും രോഹിത് തന്റെ കയ്യൊപ്പ് പതിപ്പിച്ചിരിക്കുകയാണ്. ഇതുവരെ മറ്റൊരു ഏഷ്യന്‍ ക്യാപ്റ്റനും സാധിക്കാത്ത തകര്‍പ്പന്‍ റെക്കോഡും റാഞ്ചിയാണ് രോഹിത്ത് മുന്നോട്ട് കുതിക്കുന്നത്.

ഫൈനല്‍ മത്സരത്തിലെ താരമാകാനും 37കാരനായ രോഹിത് ശര്‍മയ്ക്ക് സാധിച്ചിരുന്നു. ഐ.സി.സിയുടെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും രോഹിത്തിനെ തേടിയെത്തിയിരുന്നു. ഈ നേട്ടത്തില്‍ മുന്‍ ഓസ്ട്രേലിയന്‍ താരം ആദ് ഗില്‍ക്രിസ്റ്റിനെയാണ് രോഹിത് മറികടന്നത്.

Content Highlight: Champions Trophy: Rohit Sharma Achieve Great Record In Champions Trophy As Asian Captain

Latest Stories