സൂപ്പര്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ പുകഴ്ത്തി ഇന്ത്യന്‍ ലെജന്‍ഡ് ആര്‍. അശ്വിന്‍. താരം ഉറപ്പായും ചാമ്പ്യന്‍സ് ട്രോഫി പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കുമെന്നാണ് അശ്വിന്‍ അഭിപ്രായപ്പെടുന്നത്. ബാറ്റിങ്ങിലും വാഷിങ്ടണിന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് ഏറെ പ്രയോജനപ്പെടുമെന്നും അശ്വിന്‍ പറഞ്ഞു.
പരിശീലകന്‍ ഗൗതം ഗംഭീര്‍ വാഷിങ്ടണിന് മികച്ച പിന്തുണ നല്‍കുന്ന കാര്യവും അശ്വിന്‍ ചൂണ്ടിക്കാട്ടി. മികച്ച പ്രകടനങ്ങളിലൂടെ താരം തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാറുമുണ്ട്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്‍ ഓള്‍ റൗണ്ടമാരായ അശ്വിനെയും രവീന്ദ്ര ജഡേജയെയും മറികടന്ന് വാഷിങ്ടണ്‍ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ സീരീസ് ഓപ്പണര്‍ കളിച്ചതും ഇതേ കാരണത്താലായിരുന്നു.
‘നിലവിലെ സാഹചര്യത്തില്‍ ഇടംകയ്യന്‍ താരങ്ങളുടെയും വലംകയ്യന്‍ താരങ്ങളുടെയും കോമ്പിനേഷന്‍ ടീമിലുണ്ടാകേണ്ടത് നിര്‍ണായകമാണ്, പ്രത്യേകിച്ച് ഒരു ഓഫ് സ്പിന്നര്‍ ടീമില്‍ ഇല്ലാതിരിക്കുന്ന സാഹചര്യത്തില്‍. നിങ്ങള്‍ക്കൊപ്പം ഇടംകയ്യന്‍ സ്പിന്നര്‍ ഉണ്ട് എന്ന കാര്യം ശരി തന്നെ, എന്നാല്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക എന്നത് വളരെ പ്രധാനമാണ്.
എനിക്ക് തോന്നുന്നത് വാഷിങ്ടണ്‍ സുന്ദര്‍ എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്നാണ്. ഇതിന് ഒരുപാട് കാരണങ്ങളുമുണ്ട്. ഞാന്‍ മനസിലാക്കിയിടത്തോളം ഗൗതം ഗംഭീര്‍ അവനില്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്, അദ്ദേഹം അവനെ പിന്തുണയ്ക്കുന്നുമുണ്ട്. വാഷിങ്ടണ്‍ എട്ടാം നമ്പറില്‍ ബാറ്റ് ചെയ്താല്‍ ടീമിന്റെ ബാലന്‍സില്‍ ഉറപ്പായും മികച്ച മാറ്റങ്ങളുണ്ടാകും,’ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ അശ്വിന്‍ പറഞ്ഞു.
‘ഇനി മുമ്പോട്ട് പോകുമ്പോള്‍ വാഷിങ്ടണിന് ബാറ്റിങ്ങില്‍ ഉറപ്പായും കൂടുതല്‍ പ്രധാന ചുമതലകള്‍ നിര്‍വഹിക്കേണ്ടി വരും. മികച്ച ബൗളിങ്ങിനൊപ്പം അവനെ നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ കൊണ്ടുവന്നാല്‍ ടീമിന് കൂടുതല്‍ മികച്ച ബാലന്‍സ് ഉണ്ടാകും.
ഒരു ഓഫ് സ്പിന്നറെ ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്ക് കൊണ്ടുവരുമ്പോഴുള്ള ഡൈനാമിക് ഷിഫ്റ്റിനെ കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കൂ, ഇത് കൂടുതല്‍ സാധ്യതകള്‍ തുറന്നിടുന്നുണ്ട്. അവന്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുകയാണെങ്കില്‍ ടീം സെറ്റപ്പില്‍ വലിയ സാധ്യതകള്‍ ഉണ്ടാകും,’ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 20നാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് എതിരാളികള്‍.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് ടീമുകളാണ് ഗ്രൂപ്പ് എ-യില്‍ ഇന്ത്യയ്‌ക്കൊപ്പമുള്ളത്.
ഫെബ്രുവരി 20 vs ബംഗ്ലാദേശ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.
ഫെബ്രുവരി 23 vs പാകിസ്ഥാന്‍ – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.
മാര്‍ച്ച് 2 vs ന്യൂസിലാന്‍ഡ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.
Content Highlight: Champions Trophy: R Ashwin praises Washington Sundar