ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് തിരിച്ചടികളുടെ ഘോഷയാത്ര. സൂപ്പര്‍ ഓള്‍ റൗണ്ടര്‍ മാര്‍കസ് സ്‌റ്റോയ്‌നിസിന്റെ വിരമിക്കലിന് പിന്നാലെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സൂപ്പര്‍ താരം ജോഷ് ഹെയ്‌സല്‍വുഡിനും ടൂര്‍ണമെന്റ് നഷ്ടമായിരിക്കുകയാണ്.
ഇരു താരങ്ങളും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിന്റെ ഭാഗമാകില്ല.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ ഒടുക്കത്തില്‍ കണങ്കാലിന് പരിക്കേറ്റ കമ്മിന്‍സ് പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. ഹിപ്പ് ഇന്‍ജുറിയാണ് ഹെയ്‌സല്‍വുഡിനെ വലച്ചിരിക്കുന്നത്.
പാറ്റ് കമ്മിന്‍സ്
ജോഷ് ഹെയ്‌സല്‍വുഡ്
കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ ഇരു താരങ്ങളും ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിര്‍ഭാഗ്യവശാല്‍ പാറ്റ് (പാറ്റ് കമ്മിന്‍സ്), ജോഷ് (ജോഷ് ഹെയ്‌സല്‍വുഡ്), മിച്ച് (മിച്ചല്‍ മാര്‍ഷ്) എന്നിവര്‍ നിലവില്‍ പരിക്കിന്റെ പിടിയിലാണ്. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ കൃത്യസമയത്ത് അവര്‍ക്ക് തിരിച്ചെത്താന്‍ സാധിക്കില്ല,’ നാഷണല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ബെയ്‌ലി പറഞ്ഞു.
‘ഇവരുടെ അഭാവം നിരാശയുണര്‍ത്തുന്നതാണെങ്കിലും മറ്റുള്ള താരങ്ങള്‍ക്ക് വേള്‍ഡ് ഇവന്റില്‍ മികച്ച പ്രകടനം നടത്താനുള്ള അവസരം നല്‍കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് കമ്മിന്‍സിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സംസാരിച്ചിരുന്നു.
‘പാറ്റ് കമ്മിന്‍സ് ഇനിയും പന്തെറിഞ്ഞ് തുടങ്ങിയിട്ടില്ല, ഇക്കാരണം കൊണ്ട് തന്നെ അവന് ചാമ്പ്യന്‍സ് ട്രോഫി നഷ്ടപ്പെടാനുള്ള സാധ്യതകളും ഏറെയാണ്. ഞങ്ങള്‍ക്ക് പുതിയ ഒരു ക്യാപ്റ്റനെ ആവശ്യമായി വന്നിരിക്കുകയാണ്,’ ഓസ്ട്രേലിയന്‍ റേഡിയോ സ്റ്റേഷനായ എസ്.ഇ.എന്നിനോട് മക്ഡൊണാള്‍ഡ് പറഞ്ഞു.
കമ്മിന്‍സിന്റെ അഭാവത്തില്‍ ഓസ്‌ട്രേലിയയെ നയിക്കുക ആരായിരിക്കും എന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു.
‘ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്ട്രേലിയയെ നയിക്കുന്നത് സംബന്ധിച്ച് ഞങ്ങള്‍ സ്റ്റീവ് സ്മിത്തുമായും ട്രാവിസ് ഹെഡുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അവരില്‍ ഒരാളെയാണ് ഞങ്ങള്‍ പരിഗണിക്കുന്നത്.
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്റെ റോളില്‍ മികച്ച പ്രകടനമാണ് സ്മിത് പുറത്തെടുത്തത്. ഏകദിനത്തിലും അവന് മികച്ച ട്രാക്ക് റെക്കോഡുകളുണ്ട്. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്മിത്തോ ഹെഡോ ആകും എത്തുക,’ ഓസ്ട്രേലിയന്‍ പരിശീലകന്‍ പറഞ്ഞു.
ഫെബ്രുവരി 12നാണ് ഓരോ ടീമുകളും തങ്ങളുടെ ഫൈനല്‍ സ്‌ക്വാഡ് ലിസ്റ്റ് സമര്‍പ്പിക്കേണ്ടത്. മാര്‍ഷ്, കമ്മിന്‍സ്, ഹെയ്സല്‍വുഡ് എന്നിവര്‍ക്ക് പകരക്കാരായി ഓസ്ട്രേലിയ ആരെ ഉള്‍പ്പെടുത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
മാര്‍ഷിന്റെ പകരക്കാരനായി മിച്ച് ഓവനെ കൊണ്ടുവരണമെന്നാണ് റിക്കി പോണ്ടിങ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്മിന്‍സിനും ഹെയ്സല്‍വുഡിനും പകരക്കാരായി ഷോണ്‍ അബോട്ടും സ്പെന്‍സര്‍ ജോണ്‍സണും ടീമിന്റെ ഭാഗമായേക്കും.
ഓസ്ട്രേലിയ സ്‌ക്വാഡ് (നിലവില്‍)
പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), അലക്സ് കാരി, നഥാന്‍ എല്ലിസ്, ആരോണ്‍ ഹാര്‍ഡി, ജോഷ് ഹെയ്സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാര്‍നഷ് ലബുഷാന്‍, ഗ്ലെന്‍ മാക്സ്‌വെല്‍, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്, മിച്ചല്‍ സ്റ്റാര്‍ക്, മാര്‍കസ് സ്റ്റോയ്നിസ്, ആദം സാംപ.
Content Highlight: Champions trophy: Pat Cummins and Josh Hazelwood ruled out