|

2,237 ദിവസത്തിന് ശേഷം വീണ്ടുമത് സംഭവിച്ചു; നിരാശനാക്കി വില്യംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരും ടൂര്‍ണമെന്റിന്റെ ആതിഥേയരുമായ പാകിസ്ഥാന്‍ മുന്‍ ചാമ്പ്യന്‍മാരായ ന്യൂസിലാന്‍ഡിനെ നേരിടുകയാണ്. കറാച്ചി നാഷണല്‍ സ്റ്റേഡിയമാണ് വേദി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സ് നേടി.

വില്‍ യങ്ങിന്റെയും വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന്റെയും സെഞ്ച്വറി കരുത്തിലാണ് ന്യൂസിലാന്‍ഡ് മികച്ച സ്‌കോറിലെത്തിയത്. യങ് 113 പന്ത് നേരിട്ട് 107 റണ്‍സ് നേടി. 2025 ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ സെഞ്ച്വറി കൂടിയാണ് യങ്ങിലൂടെ കറാച്ചിയില്‍ കുറിക്കപ്പെട്ടത്.

വെകാതെ ടോം ലാഥവും ന്യൂസിലാന്‍ഡിനായി സെഞ്ച്വറി പൂര്‍ത്തിയാക്കി. 104 പന്ത് നേരിട്ട താരം പുറത്താകാതെ 118 റണ്‍സാണ് സ്വന്തമാക്കിയത്. 39 പന്തില്‍ 61 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സും കിവീസ് നിരയില്‍ കരുത്തായി.

എന്നാല്‍ സൂപ്പര്‍ താരം കെയ്ന്‍ വില്യംസണ്‍ ആരാധകരെ പാടെ നിരാശപ്പെടുത്തി. ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ടുമുമ്പ് നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പടെ 162.5 ശരാശരിയില്‍ 325 റണ്‍സ് നേടിയ വില്യംസണ്‍, കറാച്ചിയില്‍ രണ്ട് പന്തില്‍ ഒറ്റ റണ്‍സ് നേടിയാണ് പുറത്തായത്.

നീണ്ട 35 ഇന്നിങ്‌സുകള്‍ക്കും 2,237 ദിവസങ്ങള്‍ക്കും ശേഷം ഇതാദ്യമായാണ് വില്യംസണ്‍ ഒറ്റയക്കത്തിന് പുറത്താകുന്നത്.

2019 ജനുവരി അഞ്ചിനാണ് കെയ്ന്‍ വില്യംസണ്‍ ഇതിന് മുമ്പ് ഒറ്റയക്കത്തിന് പുറത്തായത്. ശ്രീലങ്കയ്‌ക്കെതിരെ മൗണ്ട് മംഗനൂയിയില്‍ നടന്ന മത്സരത്തില്‍ ഒമ്പത് പന്ത് നേരിട്ട താരം ഒരു റണ്‍സാണ് നേടിയത്.

ആ ഇന്നിങ്‌സിന് ശേഷം, 55, 64, 20, 28, 11, 39, 11, 65*, DNB, 40, 79*, 106*, 148, 41, 40, 27, 67, 30, 22, 19, 34, 45, 17, 27, 94*, TDNB, 0*, 26, 58, 53, 78*, 95, 14, 69, 58, 133*, 34, 1 എന്നിങ്ങനെയായിരുന്നു വില്യംസണിന്റെ പ്രകടനം.

വില്യംസണ്‍ നിരാശപ്പെടുത്തിയെങ്കിലും മറ്റ് താരങ്ങള്‍ തകര്‍ത്തടിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍.

പാകിസ്ഥാനായി നസീം ഷായും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതം നേടി. അബ്രാര്‍ അഹമ്മദാണ് ശേഷിച്ച വിക്കറ്റെടുത്തത്.

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

ഡെവോണ്‍ കോണ്‍വേ, വില്‍ യങ്, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), നഥാന്‍ സ്മിത്, മാറ്റ് ഹെന്റി, വില്‍ ഒ റൂര്‍ക്.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

ഫഖര്‍ സമാന്‍, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അലി ആഘ, തയ്യിബ് താഹിര്‍, ഖുഷ്ദില്‍ ഷാ, ഷഹീന്‍ ഷാ അഫ്രിദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.

Content highlight: Champions Trophy: PAK vs NZ: Kane Williamson out for single digit after  2237 days