|

ഗവാസ്‌കര്‍ പറഞ്ഞത് അസംബന്ധം; മറുപടിയുമായി മുന്‍ പാകിസ്ഥാന്‍ പരിശീലകന്‍ ജെയ്‌സണ്‍ ഗില്ലസ്പി

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍  വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ വിജയിച്ചുകയറിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 241 റണ്‍സിന്റെ വിജയലക്ഷ്യം 45 പന്ത് അവശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നിരുന്നു.

മത്സര ശേഷം മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ പാകിസ്ഥാന്‍ ടീമിനെ പരിഹസിച്ച് സംസാരിച്ചിരുന്നു. ഇന്ത്യയുടെ ബി ടീമിന് പോലും പാകിസ്ഥാനെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നാണ് മുന്‍ താരം പറഞ്ഞത്. സ്‌പോര്‍ട്‌സ് ടുഡേയോട് സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍.

ഗവാസ്‌കര്‍ പറഞ്ഞത്

‘ഇന്ത്യയില്‍ നിന്നുള്ള ഒരു ബി ടീമിന് പോലും തീര്‍ച്ചയായും പാകിസ്ഥാനെ വെല്ലുവിളിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു,’ ഗവാസ്‌കര്‍ പറഞ്ഞു.

ഇപ്പോള്‍ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ബൗളറും മുന്‍ പാകിസ്ഥാന്‍ പരിശീലകനുമായ ജെയ്‌സണ്‍ ഗില്ലസ്പി. ഗവാസ്‌കര്‍ പറഞ്ഞത് അസംബന്ധമാണെന്നും മികച്ച ടീം തെരഞ്ഞെടുക്കുകയാണെങ്കില്‍ പാകിസ്ഥാന് ഏത് ടീമിനേയും പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് ഗില്ലസ്പി പറഞ്ഞത്.

ഗില്ലസ്പി പറഞ്ഞത്

‘എനിക്ക് ഇത് സ്വീകാര്യമല്ല. ബി അല്ലെങ്കില്‍ സി ടീം പാകിസ്ഥാന്റെ പ്രധാന ടീമിനെ തോല്‍പ്പിക്കുമെന്ന സുനില്‍ ഗവാസ്‌കറിന്റെ പരാമര്‍ശം ഞാന്‍ കണ്ടു. അത് അസംബന്ധമാണ്. പാകിസ്ഥാന്‍ ശരിയായ കളിക്കാരെ തെരഞ്ഞെടുത്ത് അവര്‍ക്ക് സമയം നല്‍കിയാല്‍, ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിയും,’ ഗില്ലസ്പി പറഞ്ഞു.

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിരാശാജനകമായ പ്രകടനമാണ് ആതിഥേയരായ പാകിസ്ഥാന്‍ പുറത്തെടുത്തത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ എന്ന് പേരും പെരുമയുമായി എത്തിയ ടീമിന് ആ പേരിനോടും പെരുമയോടും നീതി പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല.

സ്വന്തം മണ്ണില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെയാണ് പാകിസ്ഥാന്‍ പുറത്തായത്. ഗ്രൂപ്പ്ര് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് 60 റണ്‍സിനും രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് ആറ് വിക്കറ്റിനും മെന്‍ ഇന്‍ ഗ്രീന്‍ പരാജയപ്പെട്ടിരുന്നു.

ബംഗ്ലാദേശിനെതിരായ പാകിസ്ഥാന്റെ അവസാന മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഇതോടെ പാകിസ്ഥാന്‍ ക്രിക്കറ്റിനെതിരെ മുന്‍ പാക് താരങ്ങളായ വസീം അക്രവും വഖാര്‍ യൂനിസും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

2025 ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലിനാണ് ലോക ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് 9ന് ദുബായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍വെച്ചാണ് മത്സരം. ആദ്യ സെമി ഫൈനലില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് എത്തിയപ്പോള്‍ രണ്ടാം സെമിയില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡും മെഗാ ഇവന്റില്‍ പ്രവേശിക്കുകയായിരുന്നു.

Content Highlight: Champions Trophy Jason Gillespie Criticized Sunil Gavaskar

Video Stories