Sports News
മറ്റ് ടീമുകളെക്കുറിച്ച് തോന്നിയതെന്തും സംസാരിക്കുന്നത് അത്ര നല്ലതല്ല; ഗവാസ്‌കറിനെതിരെ ആഞ്ഞടിച്ച് ഇന്‍സമാമം ഉള്‍ ഹഖ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 11, 05:14 am
Tuesday, 11th March 2025, 10:44 am

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. എന്നാല്‍ ആതിഥേയരായ പാകിസ്ഥാന് ടൂര്‍ണമെന്റിലെ ബി-ഗ്രൂപ്പില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു. മോശം പ്രകടനം കാഴ്ചവെച്ചാണ് മെന്‍ ഇന്‍ ഗ്രീന്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോടും പിന്നീട് ഇന്ത്യയോടും പരാജയപ്പെട്ടത്. പാകിസ്ഥാന് തങ്ങളുടെ അവസാന മത്സരം മഴമൂലവും നഷ്ടമായി.

എന്നാല്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ വിജയിച്ചതോടെ മുന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ സുനില്‍ ഗവാസ്‌കര്‍ പാകിസ്ഥാനെ പരാജയപ്പെടുത്താന്‍ ഇന്ത്യയുടെ ബി ടീമിന് പോലും സാധിക്കുമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതിന് മറുപടി പറയുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഇന്‍സമാം ഉള്‍ ഹഖ്.

‘ഇന്ത്യ മത്സരം ജയിച്ചു, അവര്‍ നന്നായി കളിച്ചിരുന്നു. പക്ഷേ മിസ്റ്റര്‍ ഗവാസ്‌കര്‍ സ്ഥിതിവിവരക്കണക്കുകള്‍ കൂടി പരിശോധിക്കണം. പാകിസ്ഥാനെതിരെ കളിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം ഒരിക്കല്‍ ഷാര്‍ജയില്‍ നിന്ന് ഓടിപ്പോയി. അദ്ദേഹം നമ്മളേക്കാള്‍ പ്രായമുള്ളയാളാണ്, അദ്ദേഹം ഞങ്ങളുടെ സീനിയറാണ്. ഞങ്ങള്‍ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു.

പക്ഷേ മറ്റൊരു രാജ്യത്തെ കുറിച്ച് നിങ്ങള്‍ സംസാരിക്കരുത്. തീര്‍ച്ചയായും, നിങ്ങളുടെ ടീമിനെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര പ്രശംസിക്കാന്‍ അവകാശമുണ്ട്, പക്ഷേ മറ്റ് ടീമുകളെക്കുറിച്ച് ഇങ്ങനെ അഭിപ്രായം പറയുന്നത് മോശമാണ്,’ ഇന്‍സമാം ഒരു പ്രാദേശിക വാര്‍ത്താ ചാനലില്‍ പറഞ്ഞു.

അതേസമയം ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ വമ്പന്‍ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ വിജയിച്ചുകയറിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 241 റണ്‍സിന്റെ വിജയലക്ഷ്യം 45 പന്ത് അവശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ഇന്ത്യ.

Content Highlight: Champions Trophy: Inzamam Ul Haq Criticize Sunil Gavaskar