Sports News
നിങ്ങള്‍ താരങ്ങളുടെ റണ്‍സുകളെയും സ്റ്റാറ്റ്സുകളെയുമാണ് വിലയിരുത്തുന്നത്, എന്നാല്‍ പ്രാധാന്യം മറ്റൊന്നിന്; തുറന്ന് പറഞ്ഞ് ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 05, 10:19 am
Wednesday, 5th March 2025, 3:49 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തിയത്. 98 പന്തില്‍ 84 റണ്‍സെടുത്ത വിരാട് കോഹ്‌ലിയുടെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

വിജയത്തോടെ ഐ.സി.സിയുടെ എല്ലാ ടൂര്‍ണമെന്റുകളിലും ഫൈനലില്‍ എത്തിക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന റെക്കോഡ് രോഹിത് ശര്‍മ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിലെ രോഹിത്തിന്റെ ഫോമില്‍ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ 107.21 സ്‌ട്രൈക്ക് റേറ്റില്‍ 104 റണ്‍സാണ് രോഹിത് ആകെ നേടിയത്. ബംഗ്ലാദേശിനെതിരെ ഏഴ് ഫോറടക്കം 41 റണ്‍സാണ് രോഹിത്തിന്റെ ടൂര്‍ണമെന്റിലെ ഉയര്‍ന്ന സ്‌കോര്‍. ഇന്നലെ ഓസീസിനെതിരെ താരം 29 പന്തില്‍ 28 റണ്‍സാണ് നേടിയത്.

എന്നാലിപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീര്‍. മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ രോഹിത്തിന്റെ പ്രകടനത്തെ അദ്ദേഹം പ്രശംസിച്ചു.

ക്യാപ്റ്റന്‍ അഗ്രസ്സീവായ ഇന്നിങ്സ് കളിക്കുമ്പോള്‍ ഡ്രസിങ് റൂമില്‍ അത് നല്ല സന്ദേശമാണ് നല്‍കുന്നതെന്ന് ഗംഭീര്‍ പറഞ്ഞു. കോച്ചും ടീമും റണ്‍സും ശരാശരിയുമല്ല താരങ്ങളുടെ പ്രകടനം വിലയിരുത്തുന്നത്, മത്സരത്തിലുണ്ടാക്കുന്ന സ്വാധീനത്തെയാണ് പരിഗണിക്കുന്നതെന്നും പരിശീലകന്‍ പറഞ്ഞു.

‘നിങ്ങളുടെ ക്യാപ്റ്റന്‍ അഗ്രസ്സീവായി കളിക്കുമ്പോള്‍ നമുക്ക് നിര്‍ഭയരെയും ധൈര്യശാലികളെയുമാണ് വേണ്ടത് എന്ന സന്ദേശമാണ് ഡ്രസിങ് റൂമിന് നല്‍കുന്നത്. നിങ്ങള്‍ റണ്‍സുകളെയും സ്റ്റാറ്റ്സുകളെയും വിലയിരുത്തുമ്പോള്‍ ഞങ്ങള്‍ അവരുടെ പ്രകടനം മത്സരത്തിലുണ്ടാക്കുന്ന സ്വാധീനത്തെയാണ് വിലയിരുത്തുന്നത്. അതാണ് വ്യതാസം.

മാധ്യമ പ്രവര്‍ത്തകരും വിദഗ്ദ്ധരും നമ്പറുകളും ശരാശരികളും മാത്രമേ നോക്കൂ. പക്ഷേ, കോച്ചും ടീമും അതൊന്നും നോക്കാറില്ല. ക്യാപ്റ്റന്‍ തന്നെ അഗ്രസീവ് പ്രകടനം കാഴ്ചവെച്ചാല്‍ അതാണ് മറ്റ് താരങ്ങള്‍ക്കുള്ള പ്രചോദനം,’ ഗംഭീര്‍ പറഞ്ഞു.

എന്നാല്‍ നിലവിലെ ഫോം വെച്ച് രോഹിത് ശര്‍മ ഇന്ത്യന്‍ ടീമില്‍ എത്ര കാലം കളിക്കുമെന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഗംഭീര്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനല്‍ മത്സരം ബാക്കിയുണ്ടെന്നും അതിന് മുമ്പ് ഒന്നും പറയാനാകില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘നോക്കൂ, ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ നടക്കാനിരിക്കുന്നതേയുള്ളൂ. അതിന് മുമ്പ് എനിക്ക് എന്താണ് പറയാനാവുക?,’ ഗംഭീര്‍ പറഞ്ഞു.

Content Highlight: Champions Trophy- Gautham Gambhir Talking About Indian Cricket Team And Rohit Sharma