ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ വിജയിച്ചുകയറിയത്. മത്സരത്തിനിടയില്‍ പാകിസ്ഥാന്റെ യുവ സ്പിന്‍ ബൗളര്‍ അബ്രാര്‍ അഹമ്മദ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റ് നേടിയപ്പോള്‍ നടത്തിയ ആഘോഷപ്രകടനം വലിയ ചര്‍ച്ചയായിരുന്നു.
എന്നാല്‍ ശുഭ്മന്‍ ഗില്‍ അല്ലായിരുന്നു തന്റെ ടാര്‍ഗറ്റ് എന്നും വിരാട് കോഹ്ലിയെയാണ് താന്‍ ഉന്നംവെച്ചതെന്നും പറയുകയാണ് അബ്രാര്‍ അഹമ്മദ്. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് വിരാട് കോഹ്ലിയെന്നും തന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് വിരാട് കോഹ്ലിക്കെതിരെ ബൗള്‍ ചെയ്യണമെന്നതെന്നും അബ്രാര്‍ പറഞ്ഞു. മാത്രമല്ല മത്സരത്തില്‍ മത്സരത്തിനിടയില്‍ വിരാടിനെ വെല്ലുവിളിച്ചെന്നും എന്നാല്‍ വിരാട് ഒരിക്കല്‍ പോലും ദേഷ്യപ്പെട്ടില്ലെന്നും താരം പറഞ്ഞു.
‘എന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് വിരാട് കോഹ്ലിക്കെതിരെ പന്തെറിയണമെന്നത്. അതെനിക്ക് സാധിച്ചു. മത്സരത്തിനിടയില്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിച്ചിരുന്നു, സിക്സ് അടിക്കാന്‍ വേണ്ടിയാണു ഞാന്‍ വിരാടിനെ പ്രകോപിപ്പിച്ചത്, എന്നാല്‍ ഒരിക്കല്‍ പോലും വിരാട് എന്നോട് ദേഷ്യപ്പെട്ടില്ല.
ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററാണ് വിരാട് കോഹ്ലി. മാത്രമല്ല വലിയൊരു മനസിന് ഉടമയാണ് അദ്ദേഹം. മത്സരശേഷം അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു, ഞാന്‍ നന്നായി പന്തെറിഞ്ഞെന്ന് പറഞ്ഞപ്പോള്‍ എനിക്ക് വലിയ സന്തോഷമായി, ചെറുപ്പം മുതല്‍ അദ്ദേഹമായിരുന്നു എന്റെ ഐഡിയല്‍. അണ്ടര്‍ 19ല്‍ കളിച്ചപ്പോള്‍ ഞാന്‍ എന്റെ ടീം മേറ്റ്സിനോട് പറഞ്ഞിരുന്നു ഒരു ദിവസം ഞാന്‍ അദ്ദേത്തിന് എതിരെ കളിക്കുമെന്ന്,’ അബ്രാര്‍ അഹമ്മദ് പറഞ്ഞു.
അതേസമയം ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിരാശാജനകമായ പ്രകടനമാണ് ആതിഥേയരായ പാകിസ്ഥാന്‍ പുറത്തെടുത്തത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ എന്ന് പേരും പെരുമയുമായി എത്തിയ ടീമിന് ആ പേരിനോടും പെരുമയോടും നീതി പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല.
സ്വന്തം മണ്ണില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെയാണ് പാകിസ്ഥാന്‍ പുറത്തായത്. ഗ്രൂപ്പ്ര് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് 60 റണ്‍സിനും രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് ആറ് വിക്കറ്റിനും മെന്‍ ഇന്‍ ഗ്രീന്‍ പരാജയപ്പെട്ടിരുന്നു.
ബംഗ്ലാദേശിനെതിരായ പാകിസ്ഥാന്റെ അവസാന മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഇതോടെ പാകിസ്ഥാന്‍ ക്രിക്കറ്റിനെതിരെ മുന്‍ പാക് താരങ്ങളായ വസീം അക്രവും വഖാര്‍ യൂനിസും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
2025 ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലിനാണ് ലോക ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് 9ന് ദുബായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍വെച്ചാണ് മത്സരം. ആദ്യ സെമി ഫൈനലില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് എത്തിയപ്പോള്‍ രണ്ടാം സെമിയില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡും മെഗാ ഇവന്റില്‍ പ്രവേശിക്കുകയായിരുന്നു.
Content Highlight: Champions Trophy: Abrar Ahemad Praises Virat Kohli