|

ഇലവനില്‍ അനുയോജ്യമായ ഒരിടത്ത് അവന് കളിക്കാന്‍ കഴിയുമോ?; മറുപടിയുമായി കെ.എല്‍. രാഹുല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് കുതിച്ചിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ലോക ചാമ്പ്യന്‍മാരെ പരാജയപ്പെടുത്തിയത്.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 11 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിങ്ങിലെ മധ്യനിരയില്‍ മിന്നും പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍ രാഹുല്‍ കാഴ്ചവെച്ചത്. ആറാമനായി ഇറങ്ങി 34 പന്തില്‍ നിന്ന് രണ്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 42 റണ്‍സ് അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 123.53 എന്ന പ്രഹര ശേഷിയില്‍ പുറത്താകാതെ സിക്‌സര്‍ പറത്തിയാണ് രാഹുല്‍ ഇന്ത്യയെ ഫൈനലില്‍ എത്തിച്ചത്.

മത്സര ശേഷം രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഏകദിനത്തില്‍ ഇടവേളകള്‍ കഴിഞ്ഞ് വീണ്ടും ടീമിലെത്തുമ്പോള്‍ തനിക്ക് അനുയോജ്യമായ സ്ഥാനത്ത് കളിക്കാന്‍ കഴിയുമോ എന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയുകയായിരുന്നു രാഹുല്‍. കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ രാഹുല്‍ അഞ്ചാം നമ്പറിലും ആറാം നമ്പറിലും കളിച്ചിരുന്നു, എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞതനുസരിച്ച് എല്ലാ സ്ഥാനത്ത് നിന്നും താന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും ഏത് സ്ഥാനത്തും കളിക്കാനും തനിക്ക് കഴിയുമെന്നും രാഹുല്‍ പറഞ്ഞു.

‘ഓരോ തവണയും ഞാന്‍ ഒരു പരമ്പരയില്‍ പ്രകടനം നടത്തുകയും തുടര്‍ന്ന് ഏകദിന പരമ്പരയില്‍ നിന്ന് ഒരു ഇടവേള ഉണ്ടാവുകയും ചെയ്യുന്നു. ഒ.ഡി.ഐ ക്രിക്കറ്റില്‍ പിന്നീട് ഞങ്ങള്‍ നാലോ അഞ്ചോ മാസങ്ങള്‍ക്ക് ശേഷം തിരികെ വരുന്നു, ‘ഓ, ശരി, ഇനി ഇലവനില്‍ അനുയോജ്യമായ ഒരു സ്ഥാനത്ത് എപ്പോഴെങ്കിലും അവന്‍ കളിക്കുമോ’ എന്നതിനെക്കുറിച്ച് വീണ്ടും ഒരു ചോദ്യചിഹ്നമുണ്ടാകുന്നു.

കളിക്കാന്‍ അവന്‍ ഫിറ്റാണോ എന്നൊക്കെ ചോദിക്കുമ്പോള്‍ ഞാന്‍ ചിന്തിക്കും എന്നേക്കൊണ്ട് അതിന് കഴിയുമോ എന്നെല്ലാം. എന്നോട് കളിക്കാന്‍ ആവശ്യപ്പെട്ടിടത്തെല്ലാം ഞാന്‍ കളിച്ചിട്ടുണ്ട്, രോഹിത് എന്നോട് പറഞ്ഞ എല്ലാ രീതിയിലും എന്റെ റോള്‍ ഞാന്‍ നന്നായി ചെയ്തതായി തോന്നുന്നു. അത് എന്റെ കഴിവിന്റെ ഏറ്റവും മികച്ചതാണ്. രോഹിത് അങ്ങനെ തന്നെയാണെന്ന് എനിക്കറിയാം, അവന്‍ എപ്പോഴും എന്നെ പിന്തുണയ്ക്കുകയും അതിന് വേണ്ടി സഹായിക്കുകയും ചെയ്തു,’ രാഹുല്‍ പറഞ്ഞു.

തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് ഇന്ത്യ എത്തിനില്‍ക്കുന്നത്. 2013ല്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് കപ്പുയര്‍ത്തിയ ഇന്ത്യ 2017ല്‍ പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ ഒരിക്കല്‍ നേടിയതും ശേഷം നഷ്ടപ്പെടുത്തിയതുമായ കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇന്ന് (ബുധന്‍) നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയും ന്യൂസിലാന്‍ഡും തമ്മിലാണ് ഏറ്റുമുട്ടുന്നത്.  മത്സരത്തില്‍ വിജയിക്കുന്നവരാണ് ഇന്ത്യയോട് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ദുബായി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: Champions Trophy 2025- K.L Rahul Talking About His Role In Indian Cricket