|

ആദ്യ ഓവറില്‍ തന്നെ അഞ്ച് വൈഡ് എറിഞ്ഞിട്ടും മോശം റെക്കോഡില്‍ ഒന്നാമനല്ല; ഷമി മാജിക്കിന് ദുബായ് കാത്തിരിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ മുഹമ്മദ് റിസ്വാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

ബംഗ്ലാദേശിനെതിരെയെന്ന പോലെ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിയെയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യ ഓവര്‍ എറിയാന്‍ ചുമതലപ്പെടുത്തിയത്. ബംഗ്ലാ കടുവള്‍ക്കെതിരെ ഫസ്റ്റ് ഓവര്‍ വിക്കറ്റുമായി തിളങ്ങിയ ഷമിക്ക് എന്നാല്‍ ഇത്തവണ ആ മാജിക് പുറത്തെടുക്കാന്‍ സാധിച്ചില്ല.

വിക്കറ്റെടുക്കനായില്ല എന്ന് മാത്രമല്ല, ധാരാളം എക്‌സ്ട്രാസ് വഴങ്ങുകയും ചെയ്തു.

അഞ്ച് വൈഡുകളടക്കം ആദ്യ ഓവറില്‍ 11 പന്തുകളാണ് ഷമിക്ക് എറിയേണ്ടി വന്നത്. ഇതോടെ ഒരു ചാമ്പ്യന്‍സ് ട്രോഫി ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ ഏറ്റവുമധികം എക്‌സ്ട്രാസ് വഴങ്ങേണ്ടി വന്നതിന്റെ മോശം നേട്ടത്തിലും ഷമി ഇടം നേടി.

അഞ്ച് റണ്‍സാണ് ഷമിക്ക് ആദ്യ ഓവറില്‍ തന്നെ വഴങ്ങേണ്ടി വന്നത്. ഈ മോശം റെക്കോഡില്‍ മൂന്നാമനാണ് ഷമി.

ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ ഓവറില്‍ ഏറ്റവുമധികം എക്‌സ്ട്രാസ് വഴങ്ങിയ താരം

(താരം – ടീം – എതിരാളികള്‍ – വഴങ്ങിയ റണ്‍സ് – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

തിനാഷെ പന്യാന്‍ഗ്ര – സിംബാബ്‌വേ – ഇംഗ്ലണ്ട് – 7 – ബെര്‍മിങ്ഹാം – 2004

ഡാരന്‍ ഗഫ് – ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് – 7 – ദി ഓവല്‍ – 2004

ചാമിന്ദ വാസ് – ശ്രീലങ്ക – ബംഗ്ലാദേശ് – 6 – മൊഹാലി – 2006

മുഹമ്മദ് ഷമി – ഇന്ത്യ – പാകിസ്ഥാന്‍ – 5 – ദുബായ് – 2025*

അതേസമയം, പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 52ന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. അഞ്ച് പന്തില്‍ മൂന്ന് റണ്‍സുമായി സൗദ് ഷക്കീലും മൂന്ന് പന്തില്‍ നാല് റണ്‍സുമായി മുഹമ്മദ് റിസ്വാനുമാണ് ക്രീസില്‍.

ഓപ്പണര്‍മാര്‍ രണ്ട് പേരെയുമാണ് ഇതിനോടകം തന്നെ പാകിസ്ഥാന് നഷ്ടമായത്. ബാബര്‍ അസം 26 പന്തില്‍ 23 റണ്‍സുമായി പുറത്തായപ്പോള്‍ ഇമാം ഉള്‍ ഹഖ് 26 പന്തില്‍ പത്ത് റണ്‍സ് നേടിയും മടങ്ങി.

ഹര്‍ദിക് പാണ്ഡ്യയാണ് ബാബറിനെ മടക്കിയത്. വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. അക്‌സര്‍ പട്ടേലിന്റെ പിക്ചര്‍ പെര്‍ഫെക്ട് ബുള്‍സ് ഐയില്‍ റണ്‍ഔട്ടായാണ് ഇമാമിന്റെ വിക്കറ്റ് പാകിസ്ഥാന് നഷ്ടമായത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അലി ആഘ, തയ്യിബ് താഹിര്‍, ഖുഷ്ദില്‍ ഷാ, ഷഹീന്‍ ഷാ അഫ്രിദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്‌

Content Highlight: Champions Trophy 2025: IND vs PAK: Mohammed Shami enters an unwanted list

Video Stories