Champions Trophy
ഇന്ത്യ കിരീടം നേടിയപ്പോഴെല്ലാം നടന്ന അതേ കാര്യം ഇപ്പോള്‍ ഫൈനലിലും സംഭവിച്ചിരിക്കുന്നു; മൂന്നാം ചാമ്പ്യന്‍സ് ട്രോഫി ലോഡിങ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 09, 09:36 am
Sunday, 9th March 2025, 3:06 pm

ക്രിക്കറ്റ് ലോകമൊന്നാകെ ദുബായിലേക്ക് ചുരുങ്ങിയ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന്റെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ബൗളിങ് തെരഞ്ഞെടുത്തു.

ടൂര്‍ണമെന്റിന്റെ ആദ്യ സെമിയില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയില്‍ ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്കയെ 50 റണ്‍സിന് തകര്‍ത്താണ് കിവീസ് ഫൈനലിന് ടിക്കറ്റെടുത്തത്.

 

ചാമ്പ്യന്‍സ് ട്രോഫിയിലെ അവസാന മത്സരത്തിലും ഇന്ത്യയ്ക്ക് ടോസ് നഷ്ടപ്പെട്ടു. തുടര്‍ച്ചയായ 15ാം ഏകദിന മത്സരത്തിലാണ് ഇന്ത്യയ്ക്ക് ടോസ് നഷ്ടപ്പെടുന്നത്. 2023 ഏകദിന ലോകകപ്പ് മുതല്‍ കളിച്ച എല്ലാ ഏകദിനത്തിലും ഇന്ത്യയ്ക്ക് ടോസ് നഷ്ടപ്പെട്ടിരുന്നു.

എന്നാല്‍ ഫൈനലില്‍ ടോസ് ഭാഗ്യം തുണയ്ക്കാത്തതിനെ പോസിറ്റീവായി കാണാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. ഇന്ത്യ തങ്ങളുടെ മൂന്ന് ഐ.സി.സി ഏകദിന കിരീടങ്ങള്‍ സ്വന്തമാക്കിയപ്പോഴെല്ലാം തന്നെ ടീമിന് ടോസ് നഷ്ടപ്പെട്ടിരുന്നു എന്ന കാര്യമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

1983 ലോകകപ്പ് കിരീടവുമായി കപില്‍ ദേവ്

1983 ലോകകപ്പ്, 2011 ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങളാണ് ഏകദിനത്തില്‍ ഇതുവരെ ഇന്ത്യ സ്വന്തമാക്കിയ വിശ്വകിരീടങ്ങള്‍. 1983ല്‍ വെസ്റ്റ് ഇന്‍ഡീസിനെയും 2011ല്‍ ശ്രീലങ്കയെയും 2013ല്‍ ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പുയര്‍ത്തിയത്. വെസ്റ്റ് ഇന്‍ഡീസിനോടും ഇംഗ്ലണ്ടിനോടും ആദ്യം ബാറ്റ് ചെയ്ത് വിജയം സ്വന്തമാക്കിയപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരെ ചെയ്‌സ് ചെയ്തും മെന്‍ ഇന്‍ ബ്ലൂ കിരീടമുയര്‍ത്തി. ഇതേ യാദൃശ്ചികത 2025 ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ തുണയ്ക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ശ്രീലങ്കയെ തകർത്ത് കപ്പുയർത്തിയപ്പോള്‍

 

2013 ചാമ്പ്യന്‍സ് ട്രോഫി കിരീടവുമായി

അതേസമയം, ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 26 റണ്‍സ് എന്ന നിലയിലാണ് കിവീസ്. 11 പന്തില്‍ 16 റണ്‍സുമായി രചിന്‍ രവീന്ദ്രയും 13 പന്തില്‍ എട്ട് റണ്‍സുമായി വില്‍ യങ്ങുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

വില്‍ യങ്, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), നഥാന്‍ സ്മിത്, കൈല്‍ ജാമൈസണ്‍, വില്‍ ഒ റൂര്‍ക്.

 

Content Highlight: Champions Trophy 2025: Final: IND vs NZ: India once again lost toss in final match