ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരെ പടുകൂറ്റന്‍ സ്‌കോറുമായി ഇംഗ്ലണ്ട്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
സൂപ്പര്‍ താരം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് പടുകൂറ്റന്‍ ടോട്ടലിലേക്ക് ഉയര്‍ന്നത്. 143 പന്തില്‍ 165 റണ്‍സാണ് താരം അടിച്ചെടുത്തത്. 17 ഫോറും മൂന്ന് സിക്‌സറും അടക്കം 115.38 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
ഇംഗ്ലണ്ട് ടോട്ടലിന് അടിത്തറയൊരുക്കിയ സ്‌കോറിന് പിന്നാലെ ഗംഭീര റെക്കോഡുകളാണ് താരം സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത ടോട്ടലിന്റെ റെക്കോഡാണ് ഡക്കറ്റ് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്. ന്യൂസിലാന്‍ഡ് ഇതിഹാസ താരം നഥാന്‍ ആസ്റ്റിലിന്റെ റെക്കോഡാണ് താരം സ്വന്തമാക്കിയത്.
ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തില്‍ 150 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരവും ഡക്കറ്റ് തന്നെ.
ചാമ്പ്യന്‍സ് ട്രോഫിയിലെ ഏറ്റവുമയര്‍ന്ന വ്യക്തിഗത സ്‌കോര്‍
(താരം – ടീം – എതിരാളികള്‍ – റണ്‍സ് – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
ബെന്‍ ഡക്കറ്റ് – ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ – 165 – ലാഹോര്‍ – 2025*
നഥാന്‍ ആസ്റ്റില്‍ – ന്യൂസിലാന്‍ഡ് – യു.എസ്.എ – 145* – ദി ഓവല്‍ – 2004
ആന്‍ഡി ഫ്‌ളവര്‍ – സിംബാബ്‌വേ – ഇന്ത്യ – 145 – കൊളംബോ – 2002
സൗരവ് ഗാംഗുലി – ഇന്ത്യ – സൗത്ത് ആഫ്രിക്ക – 141* – നയ്‌റോബി – 2000
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – ഓസ്‌ട്രേലിയ – 141 – ധാക്ക – 1998
ഇതിന് പുറമെ ഐ.സി.സി ഏകദിന ഇവന്റുകളില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടവും ഡക്കറ്റ് സ്വന്തമാക്കി. 1998 ചാമ്പ്യന്‍സ് ട്രോഫിയില്‍ സച്ചിന്‍ കുറിച്ച 141 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
ഐ.സി.സി ഇവന്റുകളില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം
(താരം – ടീം – റണ്‍സ് – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
ബെന്‍ ഡക്കറ്റ് – ഇംഗ്ലണ്ട് – 165 – ലാഹോര്‍ – 2025*
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 141 – ധാക്ക – 1998
നീല്‍ ജോണ്‍സണ്‍ – സംബാബ്‌വേ – 132* – ധാക്ക – 1999
ക്രിസ് ഹാരിസ് – ന്യൂസിലാന്‍ഡ് – 130 – ചെന്നൈ – 1996
ഇബ്രാഹിം സദ്രാന്‍ – അഫ്ഗാനിസ്ഥാന്‍ – 129* – മുംബൈ – 2023
മത്സരത്തില്‍ ജോ റൂട്ടും തിളങ്ങി. 78 പന്തില്‍ 68 റണ്‍സുമായാണ് മോഡേണ്‍ ഡേ ലെജന്‍ഡ് കളം വിട്ടത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 158 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇംഗ്ലണ്ട് ടോട്ടലിന് അടിത്തറയിട്ടതും ഈ കൂട്ടുകെട്ടാണ്.
21 പന്തില്‍ 23 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.
പത്ത് പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്ന ജോഫ്രാ ആര്‍ച്ചറിന്റെ കാമിയോയും ടീമിന് തുണയായി. അവസാന ഓവറില്‍ ലബുഷാനെ പഞ്ഞിക്കിട്ടാണ് ആര്‍ച്ചര്‍ സ്‌കോര്‍ 350 കടത്തിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 351 എന്ന കൂറ്റന്‍ സ്‌കോറില്‍ ഇംഗ്ലണ്ടെത്തി.
ഓസ്‌ട്രേലിയക്കായി ബെന്‍ ഡ്വാര്‍ഷിയസ് മൂന്ന് വിക്കറ്റുമായി മികച്ച പ്രകടനം നടത്തി. ആദം സാംപയും ലബുഷാനും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മാക്‌സ്‌വെല്ലാണ് ശേഷിച്ച വിക്കറ്റെടുത്തത്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
ഫില്‍ സാള്‍ട്ട്, ബെന്‍ ഡക്കറ്റ്, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്.
ഓസ്ട്രേലിയ പ്ലെയിങ് ഇലവന്‍
ട്രാവിസ് ഹെഡ്, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), മാര്‍നസ് ലബുഷാന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), അലക്സ് കാരി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബെന്‍ ഡ്വാര്‍ഷിയസ്, നഥാന്‍ എല്ലിസ്, ആദം സാംപ, സ്പെന്‍സര്‍ ജോണ്‍സണ്‍.
Content highlight: Champions Trophy 2025: ENG vs AUS: Ben Duckett set the record of highest individual total in CT history