ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ടോട്ടനം ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍. എക്‌സ്ട്രാ ടൈമില്‍ സെമിയിലേക്കുള്ള ഗോള്‍ വന്നിട്ടും വാറിലൂടെ ഓഫ് സൈഡ് വിധിച്ചത് സിറ്റി ആരാധകരെ ഞെട്ടിച്ചു.
രണ്ടാംപാദത്തില്‍ 4-3-ന് സിറ്റി ജയിച്ചെങ്കിലും ഇരുപാദങ്ങളിലുമായി സ്‌കോര്‍ 4-4 എന്നായപ്പോള്‍ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ടോട്ടനം അവസാന നാലിലെത്തി. സ്വന്തം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ ടോട്ടനം 1-0-ത്തിനു വിജയിച്ചിരുന്നു.
ഇരട്ടഗോള്‍ നേടിയ ദക്ഷിണകൊറിയന്‍ താരം ഹ്യൂങ് മിന്നാണ് ടോട്ടനത്തിന്റെ വിജയശില്പി. ആദ്യപാദത്തില്‍ ടോട്ടനത്തിന്റെ വിജയഗോള്‍ നേടിയ മിന്‍, രണ്ടാംപാദത്തില്‍ രണ്ട് ഗോള്‍ നേടി. ഫെര്‍ണാണ്ടോ യോറെന്റെയാണ് ടോട്ടനത്തിന്റെ മൂന്നാം ഗോള്‍ നേടിയത്. സിറ്റിക്കായി റഹീം സ്‌റ്റെര്‍ലിങ് ഇരട്ടഗോള്‍ നേടി. ബെര്‍ണാഡോ സില്‍വ, സെര്‍ജിയോ അഗ്യൂറോ എന്നിവരും ലക്ഷ്യം കണ്ടു.
മത്സരം തുടങ്ങി ആദ്യ 11 മിനിറ്റിനുള്ളില്‍ത്തന്നെ ആദ്യ നാല് ഗോളുകള്‍ പിറന്നത് കാണികളെ ആവേശഭരിതരാക്കി. നാലാം മിനിറ്റില്‍ത്തന്നെ സ്റ്റെര്‍ലിങ്ങിലൂടെ സിറ്റി ലീഡ് നേടി. ഡി ബ്രുയിന്റെ പാസ്സില്‍ നിന്ന് സ്റ്റെര്‍ലിങ്ങിന്റെ ഫിനിഷിങ്. എന്നാല്‍ ആ ലീഡിനു മൂന്ന് മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. മിന്നിലൂടെയാണ് ടോട്ടനം ഒപ്പമെത്തിയത്. അതിന്റെ ഞെട്ടല്‍ മാറും മുന്‍പേ സിറ്റിയെ ഞെട്ടിച്ച് അടുത്ത ഗോള്‍. പത്താം മിനിറ്റില്‍ മിന്‍ തന്നെയാണു ലക്ഷ്യം കണ്ടത്. ഇത്തവണ പന്ത് ബോക്‌സിന്റെ വലതുമൂലയില്‍ (1-2). എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ത്തന്നെ അടുത്ത ഗോളും പിറന്നു. 11-ാം മിനിറ്റില്‍ മത്സരം 2-2. അതിനും അധികം ആയുസ്സുണ്ടായിരുന്നില്ല. 21-ാം മിനിറ്റില്‍ സ്റ്റെര്‍ലിങ് വീണ്ടും ലക്ഷ്യം കണ്ടു. അതും ഡി ബ്രുയിന്റെ പാസ്സില്‍. ഇതോടെ സിറ്റിയുടെ സ്‌കോര്‍ 3-2.
രണ്ടാംപകുതിയില്‍ 59-ാം മിനിറ്റില്‍ സിറ്റിയുടെ നാലാം ഗോള്‍ അഗ്യൂറോ നേടി. അവിടെയും ഗോളിലേക്കുള്ള പന്തടിച്ചു നല്‍കിയത് ഡി ബ്രുയിനാണ്. ഈ ഗോളോടെ ലീഡ് 4-2.
പക്ഷേ 73-ാം മിനിറ്റില്‍ യോറെന്റെയിലൂടെ ടോട്ടനം ഗോള്‍ നേടിയപ്പോള്‍ സ്‌കോര്‍ 4-3. ഇരുപാദങ്ങളിലുമായി സ്‌കോര്‍ 4-4. സിറ്റി ഒരു ഗോള്‍ കൂടി നേടിയില്ലെങ്കില്‍ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ടോട്ടനം സെമിയിലെത്തുമെന്ന് ഉറപ്പായി. പക്ഷേ ഇഞ്ചുറി ടൈമില്‍ സ്റ്റെര്‍ലിങ് നേടിയ ഗോളില്‍ കാണികള്‍ ആവേശത്തിലാഴ്ന്നു. സിറ്റി സെമിയിലെത്തിയെന്ന് ഉറപ്പിച്ച നിമിഷങ്ങള്‍. പക്ഷേ ടോട്ടനം വാര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ആ ഗോള്‍ ഓഫ് സൈഡ് എന്ന വിധി വന്നു. സിറ്റി പുറത്തേക്ക്..