ഹോളണ്ട്, ക്ലുവര്‍ട്ട്, സതീഷ്
Sports News
ഹോളണ്ട്, ക്ലുവര്‍ട്ട്, സതീഷ്
എം.എം.ജാഫർ ഖാൻ
Tuesday, 9th July 2024, 5:17 pm

ഹോളണ്ട് എന്നാണ് ഞങ്ങള്‍ ഇന്നും പറയുക. ഡച്ച് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ നാട് പിടിച്ചടക്കാന്‍ വന്ന അക്രമികളെ ഓര്‍മവരും. നെതര്‍ലാന്‍ഡ്‌സ് എന്നത് ‘പ്രൊഫഷണല്‍ അഭിനയക്കാരന്റെ’ നില്‍പ്പ് പോലെ.

ഹോളണ്ട് എന്ന് മുഴങ്ങുമ്പോഴാണ് മനസില്‍ ഓറഞ്ച് പൂക്കും, അങ്ങനെ ആയിപ്പോയി. ഭൂമിശാസ്ത്രം നോക്കിയാല്‍ ഒരുകാര്യവും ഇല്ലെന്നും അത് ‘തെറ്റ്’ എന്നും സ്ഥാപിക്കാന്‍ പറ്റും. അതിര്‍ത്തി തന്നെയില്ലാത്ത നമുക്ക് എന്ത് ലാന്‍ഡ്.

ഹോളണ്ട് എന്ന് കേട്ടാല്‍ മനസില്‍ ആദ്യമെത്തുക 1998 ലോകകപ്പാണ്. മമ്പാട് കോളേജില്‍ സഹപാഠിയായിരുന്ന കാരക്കുന്നുകാരന്‍ സതീഷ് വരച്ച ചിത്രം. ചണച്ചാക്കില്‍ കുമ്മായം തേച്ച് ഇലയും പൂക്കളും കൊണ്ട് സൃഷ്ടിച്ച ചെരിഞ്ഞു നില്‍ക്കുന്ന പാട്രിക് ക്ലുവര്‍ട്ട്.

പിന്നീട് പന്തിന് പിന്നാലെ ഒരുപാട് പാഞ്ഞു. ഹോളണ്ട് എന്ന് കേട്ടാല്‍ ഇപ്പോഴും ടോട്ടല്‍ ഫുട്‌ബോള്‍, ക്രൈഫ് എന്നതിനെല്ലാം അപ്പുറം ക്ലുവര്‍ട്ട് ഹൃദയത്തില്‍ കയറി ഗോളടിക്കും. യൂറോകപ്പിന്റെ നട്ടപാതിരയ്ക്ക് ഹോളണ്ട് എന്ന് ചിന്തിക്കുമ്പോള്‍ ഹൃദയത്തില്‍ ക്ലുവര്‍ട്ട് ജേഴ്‌സി ഇട്ടിരിക്കും.

ശപിക്കപ്പെട്ടവരാണ് ഫുട്‌ബോളിലെ പകരക്കാര്‍, സൈഡ് ബെഞ്ചില്‍ ആരുമാരാധിക്കാനില്ലാതെ ശിലാവിഗ്രഹങ്ങളായി ഉറഞ്ഞുപോകുന്നവര്‍. അവരില്‍ ചിലര്‍ മില്ല, ഷില്ലാച്ചിയെ പോലെ വീരനായകരായി ഉയിര്‍ക്കും. പകരക്കാരായി ഗ്രൗണ്ടിലേക്ക് ഓടിയ ചിലര്‍ തിരിച്ചുകയറുന്നത് വീരപരിവേഷത്തോടെയാകും. അതൊരു വീരചരിതമാവും.

എന്നെന്നും ഓര്‍ത്തുവെക്കുന്ന ഒരു മാരക സബ്സ്റ്റിറ്റിയുഷന്‍ കണ്ടത് 1995 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. അയാക്സും, എ.സി മിലാനും വിയന്നയില്‍ ഏറ്റുമുട്ടുന്നു. ഫാബിയോ കാപ്പല്ലോ എന്ന മഹാമേരുവിന്റെ തണലില്‍ കളിക്കുന്ന മിലാന്‍ ടീമില്‍ റോസി, മാള്‍ഡീനി, ആല്‍ബര്‍ട്ടീനി, കോസ്റ്റക്കര്‍ട്ട, പനൂച്ചി, ഡൊണാഡോണി, ഡിസേലി, ബോബന്‍, നായകനായി ഫ്രാങ്കോ ബറേസി… എന്തൊരു ലൈനപ്പ്.

ലൂയിസ് വാന്‍ഗാല്‍ പരിശീലിപ്പിക്കുന്ന അയാക്‌സ് ഓറഞ്ച് പൂക്കള്‍ കൊണ്ട് മനോഹരമായിരുന്നു. നായകന്‍ ഡാനി ബ്ലന്‍ഡ്, പോസ്റ്റില്‍ വാന്‍ഡര്‍ സര്‍, ഫ്രാങ്ക് റൈക്കാര്‍ഡ്, ഫ്രാങ്ക് ഡി ബോയര്‍, റൊണാള്‍ഡ് ഡി ബോയര്‍, ഡേവിഡ്സ്, സീഡോര്‍ഫ്, കാറ്റുപിടിച്ച കാലുള്ള മാര്‍ക്ക് ഓവര്‍മാര്‍സ്.

പത്ത് ദിവസം കളിച്ചാലും ആരുംതോല്‍ക്കില്ല എന്ന തോന്നല്‍ ഉളവാക്കിയാണ് ആദ്യ പകുതി അവസാനിക്കുന്നത്. രണ്ടാംപകുതിയില്‍ ഇരുടീമുകളും കളി ആക്രമണ മോഡിലേക്ക് മാറ്റി. അപ്പുറത്തായാലും ഇപ്പുറത്തായാലും ‘ഡി’ക്കപ്പുറത്തേക്ക് കയറാനാവാതെ പേരുകേട്ട ഗോളടിക്കാര്‍ വിയര്‍ക്കുന്നു. കളി തീരാന്‍ 20 മിനിറ്റ്. അയാക്‌സ് ബെഞ്ചില്‍ നിന്നൊരു സബ്സ്റ്റിറ്റിയുഷന്‍ കൊടി പൊങ്ങി. ക്ലുവര്‍ട്ട് ഇറങ്ങുന്നു. ഒരു ‘കറുമ്പന്‍’.

സൂപ്പര്‍ താരമല്ല, 18 വയസ് മാത്രമുള്ള പുതുമുഖം. ലൂയിസ് വാന്‍ഗാല്‍ ഗ്രൗണ്ടിലേക്ക് വിടുമ്പോള്‍ അവന്റെ തോളില്‍ കൈവെച്ച്, ചുംബിക്കുന്നത് പോലെ ചെവിയില്‍ എന്തായിരുന്നു പറഞ്ഞത്? ആര്‍ക്കറിയാം.

എഴുപതാം മിനിറ്റില്‍ ഗ്രൗണ്ടിലേക്ക് ഓടുമ്പോള്‍ ക്ലുവര്‍ട്ട് ഒരുനിമിഷം പ്രാര്‍ത്ഥിച്ചു, ഒരു മിന്നല്‍ പോലെ മനസിലൂടെ ഭൂതകാലം ഓടിപ്പോയി. പയ്യന്‍ എന്ത് ചെയ്യാന്‍? മാള്‍ഡീനി, പനൂച്ചി, ഫ്രാങ്കോ ബറേസി, കോസ്റ്റക്കര്‍ട്ട ഫുട്ബാള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിരോധ ലൈനപ്പ് പോസ്റ്റ് കാക്കുമ്പോള്‍. കളി തീരാന്‍ അഞ്ച് മിനിറ്റ് മാത്രം. നടുവില്‍ നിന്ന് റൈക്കാര്‍ഡ് നീക്കിയിട്ട പന്തിലേക്ക് ക്ലുവര്‍ട്ട് നീന്തിയെത്തുന്നു. മൂന്ന് പ്രതിരോധനിരക്കാരെ ഒന്നിച്ച് ചാടിക്കടന്ന്, ഗോളി റോസിയുടെ ചുവട് തെറ്റിച്ച് പന്തിനെ പോസ്റ്റിലേക്ക് പ്ലേസ് ചെയ്യുന്നു.

അവിശ്വസനീയമായ കാഴ്ച, കടല്‍ ക്രോധത്തില്‍പ്പെട്ട കപ്പല്‍ പോലെ സ്റ്റേഡിയം ഇളകിയാടന്നു. ക്ലുവര്‍ട്ടിന് മേല്‍ സഹതാരങ്ങള്‍ മറിഞ്ഞുവീഴുന്നു. മുഷ്ടിചുരുട്ടി ഗ്യാലറിയെ നോക്കി അലറുമ്പോള്‍ ക്ലുവര്‍ട്ടിന്റെ ചുമലിലുണ്ടായിരുന്ന വംശീയതയുടെയും അവമതിയുടെയും അദൃശ്യ നുണകങ്ങള്‍ കയറുപൊട്ടി വീണുപോയി. ആ ഒരുഗോള്‍ സ്വാതന്ത്ര്യമുള്ള മറ്റൊരു ലോകത്ത് തന്നെ പ്രസവിച്ചിടുന്നതിന് തുല്യമായിരുന്നുവെന്ന് ക്ലുവര്‍ട്ട് പിന്നീട് പലവട്ടം പറഞ്ഞു. ഹോളണ്ടിന് ഒരു കപ്പ്, അതൊരു ആഗ്രഹമാണ്?

 

Content Highlight: champions league finale 1995