| Monday, 3rd June 2019, 10:18 am

ചുവപ്പണിഞ്ഞ് ലിവര്‍പൂള്‍; യുറോപ്പ് കീഴടക്കിയ ക്ലോപ്പിന്റെ ചെമ്പടയ്ക്ക് ഉഗ്രന്‍ വരവേല്‍പ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനം ഹോട്ട്സ്പറിനെ തകര്‍ത്ത് ആറാം തവണയും കിരീടം ചൂടിയ ക്ലോപ്പിന്റെ ചെമ്പടയ്ക്ക് ഉഗ്രന്‍ വരവേല്‍പ്. ചുവപ്പ് നിറമുള്ള ബസിനുമുകളില്‍ നിന്ന് ആയിരക്കണക്കിന് ആരാധകര്‍ക്ക് കൈവീശി ടീം അംഗങ്ങള്‍ ലിവര്‍പൂളിന്റെ തെരുവിലൂടെ ചുറ്റി. ആവേശത്തിന്റെ കൊടിമുടി കയറിയ വിജയാഹ്ലാദം.

കഴിഞ്ഞ ദിവസമാണ് ചുവപ്പ് അണിയിച്ചു കൊണ്ട് അത്യൂഗ്രന്‍ ട്രോഫി പരേഡ് നടന്നത്. നീണ്ട കാലത്തിനു ശേഷം കൈവന്ന കിരീടം ആഘോഷമാക്കി മാറ്റുകയായിരുന്നു ലിവര്‍പൂള്‍ ആരാധകര്‍.

ആവേശകരമായ ഫൈനലില്‍ ടോട്ടനം ഹോട്സപ്റെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ചെമ്പട കപ്പ് നേടിയത്.

ഒരു വര്‍ഷം മുമ്പ് റയല്‍ മാഡ്രിഡിനോട് തോല്‍വി ഏറ്റുവാങ്ങി, ഗ്രൗണ്ടില്‍ വീണ് കരഞ്ഞ് മടങ്ങിയ സലായുടെ ലിവര്‍പൂള്‍ സംഘത്തിന് പക്ഷെ ഇത്തവണ പിഴച്ചില്ല. അന്ന് ഗ്രൗണ്ടില്‍ വീണ സലാ ഇന്നലെ എസ്റ്റേഡിയോ മെട്രോപൊളിറ്റാനോയില്‍ ഉയര്‍ത്തെഴുന്നേറ്റു.

മുഹമ്മദ് സലായും ഡീവോക് ഒറിഗിയുമാണ് ലിവര്‍പൂളിന് വേണ്ടി വലകുലുക്കിയത്. ബോക്സിനുള്ളില്‍ വെച്ച് സൂപ്പര്‍താരം സാദിയോ മാനെ എടുത്ത കിക്ക് ടോട്ടനത്തിന്റെ മൂസ്സ സിസോകോ കൈകൊണ്ട് തടഞ്ഞു. പെനാല്‍റ്റിയെടുക്കാന്‍ എത്തിയ മുഹമ്മദ് സലയ്ക്ക് ലക്ഷ്യം പിഴച്ചില്ല. ഇതോടെ രണ്ടാം മിനിറ്റില്‍ തന്നെ ലിവര്‍പൂളിന്റെ ആദ്യ ഗോള്‍ വീണു.

കളിയുടെ ഗതിയും വിധിയും നിര്‍ണയിച്ച ഗോളായിരുന്നു അത്. ഇതോടെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന ആദ്യ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ സലാ മാറിയിരുന്നു.

മത്സരത്തിന്റെ അവസാന നിമിഷമായിരുന്നു ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍ പിറന്നത്. ഡിവോക്ക് ഒറിഗിയാണ് ടോട്ടനത്തിന്റെ പോസ്റ്റിലേക്ക് 87-ാം മിനിറ്റില്‍ നിറയൊഴിച്ചത്.

We use cookies to give you the best possible experience. Learn more