ബാഴ്‌സലോണ: ന്യൂ കാംപില്‍ മിശിഹാ അവതരിച്ചപ്പോള്‍ പി.എസ്.വിയെ നിലം തൊടാതെ ബാര്‍സലോന കെട്ടുകെട്ടിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഹാട്രിക്ക് മികവിലായിരുന്നു ബാര്‍സിലോന ആദ്യ ചാംപ്യന്‍സ് ലീഗ് വിജയം സ്വന്തമാക്കിയത്.
ഒസ്മാനെ ഡംബെയെ ഫൗള്‍ ചെയ്തതന് അനുവദിച്ച ഫ്രീക്കിക് സ്വതസിദ്ധമായ ശൈലിയില്‍ ഗോളാക്കി മുപ്പത്തിയൊന്നാം മിനിറ്റില്‍ മെസി ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചു. എഴുപത്തിനാലാം മിനിറ്റില്‍ കുട്ടിഞ്ഞോയുടെ അസിസ്റ്റില്‍ ഡെംബലെ ഗോള്‍ നില രണ്ടാക്കി.
പെനല്‍റ്റി ബോക്സിന് പുറത്ത് നിന്നു തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗോള്‍കീപ്പര്‍ ഫുള്‍ സ്ട്രെച്ചില്‍ വൈഡ് ചെയ്തെങ്കിലും ഗോള്‍ പോസ്റ്റിനകത്ത് വിശ്രമിച്ചു. മൂന്ന് മിനിറ്റിനകം റാക്കിട്ടിച്ചിന്റെ അസിസ്റ്റില്‍ മെസിയുടെ ബൂട്ടില്‍ നിന്ന് മൂന്നാം ഗോള്‍. മൂന്ന് ഗോള്‍ വീണതോടെ പരുങ്ങലിലായ ഡച്ച് ടീമിനെ ഞെട്ടിച്ച് മെസി ഹാട്രിക്ക് തികച്ചു.
78ാം മിനിറ്റില്‍ ലൊസാനോയെ ഫൗള്‍ ചെയ്തതിന് ബാര്‍സിലോനയുടെ പ്രതിരോധ താരം സാമുവല്‍ ഉംറ്റിറ്റി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ ടോട്ടനത്തിനെതിരായുള്ള അടുത്ത മല്‍സരം താരത്തിന് നഷ്ടമാകും.
68 ശതമാനം പൊസിഷനുമായി കറ്റാലന്‍മാര്‍ ന്യൂ കാംപില്‍ കളം നിറഞ്ഞപ്പോള്‍ ഹോം മാച്ചില്‍ മൂന്ന് പോയന്റ് ബാര്‍സയ്ക്ക് സ്വന്തം. 10 തവണ ബാര്‍സ ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ത്തപ്പോള്‍ മൂന്ന് തവണയാണ് ഐന്തോവന് ടെര്‍സ്റ്റീഗനെ പരീക്ഷിക്കാനായത്.
കഴിഞ്ഞ സീസണിലെ ഗോള്‍ വരള്‍ച്ചയ്ക്ക് വിരമാമിട്ട് ഹാട്രിക് തികച്ച മെസി ടോപ് സ്‌കോററാകാനുള്ള പോരാട്ടത്തില്‍ താനുമുണ്ടാകുമെന്ന സൂചനയാണ് നല്‍കിയത്.