രണ്ടാം പാദ മത്സരം നിർണായകമാവുന്ന ചാമ്പ്യൻസ് ലീഗും യൂറോപ്പാ ലീഗും| Dsports
സ്പോര്‍ട്സ് ഡെസ്‌ക്

യൂറോപ്യൻ ഫുട്ബോളിലെ മേജർ ഇവന്റുകളായ യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ് എന്നിവക്ക് ഒരു ഇടവേളക്ക് ശേഷം തിരിതെളിഞ്ഞിരിക്കുകയാണ്.

യൂറോപ്പിലെ ടോപ്പ് ലീഗുകളിലെ വമ്പൻ ക്ലബ്ബുകളാണ് ഇരു ടൂർണമെന്റുകളിലുമായി മാറ്റുരക്കുന്നത്. ടൂർണമെന്റുകളുടെ പ്രീ ക്വാർട്ടർ റൗണ്ട് മത്സരങ്ങൾ ആരംഭിച്ചപ്പോൾ ചാമ്പ്യൻസ് ലീഗിൽ ഇതുവരെ പി.എസ്. ജി-ബയേൺ മ്യൂണിക്ക്, മിലാൻ-ടോട്ടൻ ഹാം, ക്ലബ്ബ്‌ ബ്രെഗ്ഗ്-ബെൻഫിക്ക ഡോർട്മുണ്ട്-ചെൽസി എന്നീ ടീമുകൾ തമ്മിലുള്ള ആദ്യ പാദ മത്സരങ്ങളാണ് അവസാനിച്ചത്.

ഇതിൽ ആരാധകർ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന പി.എസ്.ജി-ബയേൺ മത്സരത്തിൽ കിങ്ങ്സ്ലി കോമാന്റെ ഗോളിൽ ബയേൺ ആദ്യ പാദ മത്സരം വിജയിച്ചിരുന്നു l.

മിലാൻ-ടോട്ടൻഹാം മത്സരത്തിൽ സീരി.ഏയിൽ തകർച്ച നേരിടുന്നുണ്ടെങ്കിലും പ്രീമിയർ ലീഗിലെ ലണ്ടൻ ക്ലബ്ബ് ടോട്ടൻഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് തകർക്കാൻ മിലാന് സാധിച്ചു. ബ്രാഹിം ഡയസാണ് മിലാന്റെ വിജയഗോൾ സ്വന്തമാക്കിയത്.

മറ്റൊരു സൂപ്പർ പോരാട്ടത്തിൽ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൈനിങ്‌ നടത്തി സ്‌ക്വാഡ് ഡെപ്ത്ത്‌ വർധിപ്പിച്ചിട്ടും ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്മുണ്ടിനെതിരെ ചെൽസി ചാമ്പ്യൻസ് ലീഗിൽ പരാജയം രുചിച്ചു. കരീം അദേയ്മിയാണ് ഡോർട്മുണ്ടിന്റെ വിജയ ഗോൾ സ്വന്തമാക്കിയത്.

ഇനി ഫെബ്രുവരി 22ന് നടക്കാനിരിക്കുന്ന റയൽ മാഡ്രിഡ്-ലിവർപൂൾ മത്സരം അതേദിവസം തന്നെ നടക്കുന്ന എൻറിച്ച് ഫ്രാങ്ക്ഫർട്ട്-നപ്പോളി മത്സരം ഫെബ്രുവരി 23ന് നടക്കാനുള്ള ആർ.ബി ലെയ്പ്സിഗ്-മാൻ സിറ്റി മത്സരം അതേദിവസം തന്നെ നടക്കാനുള്ള ഇന്റർ-പോർട്ടോ മത്സരം എന്നിവയാണ് ചാമ്പ്യൻസ് ലീഗിൽ അടുത്തതായി നടക്കാനുള്ള പ്രീ ക്വാർട്ടർ പോരാട്ടങ്ങൾ.

യൂറോപ്പാ ലീഗിലും മികച്ച ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്നുണ്ട്. റോമ, ബാഴ്സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ്, അയാക്സ്, സെവിയ്യ, യുവന്റസ് മുതലായ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന യൂറോപ്പയിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും തമ്മിലുള്ള മത്സരമാണ് ഏറ്റവും ശ്രദ്ദേയം. ബാഴ്സലോണയും-യുണൈറ്റഡും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ആദ്യ പാദ മത്സരത്തിൽ യുണൈറ്റഡ് ബാഴ്സലോണയെ 2-2 എന്ന സ്കോറിന് സമനിലയിൽ തളച്ചിരുന്നു. ഫെബ്രുവരി 24ന് നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ വിജയിക്കുന്ന ടീമിന് യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ കളിക്കാൻ സാധിക്കും.

ഇതുവരെനടന്ന മത്സരങ്ങളിൽ ഒരു ടീമിനും ആദ്യ പാദത്തിൽ സമ്പൂർണമായ ഒരു വിജയം കരസ്ഥമാക്കാൻ സാധിച്ചിരുന്നില്ല. ആദ്യ പാദ മത്സരത്തിൽ ഒരു ഗോൾ മാത്രം പിന്നിലായത് കൊണ്ട് ഇനിയും ബയേണിനെ തോൽപ്പിക്കാൻ പി.എസ്. ജി. ക്ക് അവസരമുണ്ട്. എന്നാൽ രണ്ടാം പാദ മത്സരത്തിൽ പരാജയപ്പെട്ടാൽ പി.എസ്.ജിയുടെ കന്നി ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നം അസ്ഥാനത്താവും.

അത് പോലെ തന്നെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ ബാഴ്സലോണക്കും ചാമ്പ്യൻസ് യോഗ്യത ലഭിക്കാതിരുന്ന യുണൈറ്റഡിനും രണ്ടാം പാദ മത്സരത്തിൽ വിജയം അനിവാര്യമാണ്. ബാഴ്സലോണയെ തോൽപ്പിക്കാനായാൽ ഫെബ്രുവരി 26ന് നടക്കുന്ന ഇ.എഫ്.എൽ കപ്പ്‌ ഫൈനലിൽ യുണൈറ്റഡിന് പുത്തൻ ഊർജത്തോടെ മത്സരിക്കാനിറങ്ങാം.

മാഞ്ചസ്റ്റർ സിറ്റിക്കും വളരെ പ്രധാനപ്പെട്ട ചാമ്പ്യൻസ് ലീഗ് സീസണാണിത്. പ്രീമിയർ ലീഗിൽ ഹാട്രിക് ടൈറ്റിൽ ലക്ഷ്യമിടുന്ന സിറ്റിക്ക് ഇത്തവണയും ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിൽ ക്ലബ്ബിനും കോച്ച് പെപ്പ് ഗ്വാർഡിയോളക്കും അത് വലിയ തിരിച്ചടിയായിരിക്കും.

 

Content Highlights: champions league and europa league are began