രാജിക്കത്ത് സമര്‍പ്പിച്ച് ചാമ്പായ് സോറന്‍; ഹേമന്ത് സോറന്‍ വീണ്ടും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി
national news
രാജിക്കത്ത് സമര്‍പ്പിച്ച് ചാമ്പായ് സോറന്‍; ഹേമന്ത് സോറന്‍ വീണ്ടും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd July 2024, 9:44 pm

റാഞ്ചി: നിലവിലെ മുഖ്യമന്ത്രി ചാമ്പായ് സോറന്‍ രാജിക്കത്ത് സമര്‍പ്പിച്ചതിന് പിന്നാലെ ഹേമന്ത് സോറന്‍ വീണ്ടും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക്. ഹേമന്ത് സോറന്‍ ഉടന്‍ ജാര്‍ഖണ്ഡ് ഗവര്‍ണറെ കാണും.

നേരത്തെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടാണ് ചാമ്പായ് സോറന്‍ രാജിക്കത്ത് സമര്‍പ്പിച്ച്. പാര്‍ട്ടി ഒന്നായി എടുത്ത തീരുമാനമാണ് ഇതെന്ന് രാജി സമര്‍പ്പിച്ചതിന് പിന്നാലെ ചാമ്പായ് സോറന്‍ പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ജെ.എം.എം എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഹേമന്ത് സോറൻ വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്.

ചമ്പായ് സോറന്റെ വസതിയിൽ നടന്ന നിയമസഭാ കക്ഷി യോഗത്തിൽ സഖ്യത്തിലെ നേതാക്കളും എം.എൽ.എമാരും ഹേമന്ത് സോറനെ ജെ.എം.എം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.

ജെ.എം.എം, കോൺഗ്രസ്, ആർ.ജെ.ഡി എന്നീ പാർട്ടികളിലെ എം.എൽ.എമാരാണ് യോഗത്തിൽ പങ്കെടുത്തത്. 81 അംഗ സഭയിൽ മഹാസഖ്യത്തിന് 41 എം.എൽ.എമാരാണ് ഉള്ളത്.

നേരത്തെ ജാർഖണ്ഡ് മുഖ്യമന്ത്രി ആയിരിക്കെയാണ് ഹേമന്ത് സോറനെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തത്.

ജനുവരി 31ന് ഇ.ഡി അറസ്റ്റ് ചെയ്യുന്നതിന് തലേദിവസമാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ഇ.ഡി അറസ്റ്റിന് ശേഷം ഏകദേശം അഞ്ച് മാസം കഴിഞ്ഞാണ് ജൂൺ 28ന് ജാർഖണ്ഡ് ഹൈക്കോടതി ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്.

അതിനിടെ, ഹേമന്ത് സോറനെതിരെ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. ജാർഖണ്ഡിൽ ചമ്പായി സോറൻ യുഗം അവസാനിച്ചെന്ന് ബി.ജെ.പി എം.പി നിഷ്‌കാന്ത് ദുബെ എക്‌സിൽ കുറിച്ചു. കുടുംബാധിഷ്ഠിത പാർട്ടിയിൽ, കുടുംബത്തിന് പുറത്തുള്ള ആളുകൾക്ക് രാഷ്ട്രീയ ഭാവിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Champai Soren has submitted his resignation; Hemant Soren is again the Chief Minister of Jharkhand