| Monday, 18th April 2022, 1:11 pm

വര്‍ഗീയ ശക്തികളുടെ കൈകളില്‍ മുഖ്യമന്ത്രി വാള്‍ കൊടുത്തിട്ട് ചാമ്പിക്കോ എന്ന് പറയുകയാണ് : ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലക്കാട് ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

രണ്ട് വര്‍ഗീയ ശക്തികളുടെ കൈകളിലും വാള്‍ കൊടുത്തിട്ട് പുതിയ ട്രെന്‍ഡ് അനുസരിച്ച് ‘ചാമ്പിക്കോ’ എന്നുപറയുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും അതാണ് കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കാനുള്ള കാരണമെന്നും ചെന്നിത്തല പറഞ്ഞു.

രാവിലെ എഴുന്നേറ്റാല്‍ മുറ്റത്ത് രക്തം കാണുന്ന നിലയിലേക്ക് കേരളം മാറുകയാണ്. ഇതിന്റെയൊന്നും ഉത്തരവാദിത്തം സര്‍ക്കാരിനും പൊലീസിനും ആഭ്യന്തരവകുപ്പിനുമില്ലേയെന്നും അദ്ദേഹം ചോദിച്ചു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം അന്‍പതിലേറെ രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.

പൊലീസ് വിചാരിച്ചാല്‍ ഇതൊന്നും തടയാന്‍ പറ്റില്ലെന്നാണ് ഒരു മന്ത്രി പറഞ്ഞത്. സംസ്ഥാന ഭരണത്തിന്റെ യഥാര്‍ത്ഥ സ്ഥിതി ഇതാണ്.
ആലപ്പുഴയില്‍ നടന്ന കൊലപാതക പരമ്പരകളുടെ അതേരീതിയിലാണ് പാലക്കാടും ഉണ്ടായത്. ഇതില്‍ നിന്നൊന്നും പാഠം പഠിക്കാന്‍ കേരള പൊലീസ് തയ്യാറാവുന്നില്ല.

വര്‍ഗീയത പ്രോത്സാഹിപ്പിച്ച ചരിത്രമാണ് കേരളത്തിലെ സി.പി.ഐ.എമ്മിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ അന്വേഷണം അവസാനഘട്ടത്തിലാണെന്ന് എ.ഡി.ജി.പി വിജയ് സാക്കറെ പറഞ്ഞു. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഉടന്‍ തന്നെ ഇവര്‍ അറസ്റ്റിലാകുമെന്നും പ്രതികള്‍ പൊലീസിന്റെ നിരീക്ഷണ പരിധിയിലാണെന്നും വിജയ് സാക്കറെ മാധ്യമങ്ങളോട് പറഞ്ഞു.

ആര്‍.എസ്.എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ആറു പ്രതികളെ തിരിച്ചറിഞ്ഞു. ഇവര്‍ ഒളിവിലാണ്. കൊലയ്ക്ക് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രണ്ടുപേരുടെ കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടക്കൊലപാതകത്തില്‍ പങ്കാളിയായവരെ കണ്ടെത്തുന്നതിന് പുറമേ ഗൂഢാലോചനയിലും മറ്റും പങ്കെടുത്തവരെയും കണ്ടെത്തേണ്ടതുണ്ടെന്നും വാഹനം എത്തിച്ചവര്‍ അടക്കം കുറ്റകൃത്യത്തില്‍ ഏതെങ്കിലും വിധത്തില്‍ പങ്കാളിയായവരെയെല്ലാം കണ്ടെത്തിയിരിക്കുമെന്നും വിജയ് സാക്കറെ പറഞ്ഞു.

We use cookies to give you the best possible experience. Learn more