ന്യൂദല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന് കത്തെഴുതി ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി. ധനമന്ത്രിക്കയച്ച കത്തിന്റെ പകര്‍പ്പ് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും അയച്ചിരുന്നു.
‘കൊവിഡ് കാരണം രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണ്. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കാന്‍ ഞങ്ങള്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. കാരണം അപ്പോഴേ പൊതുജനങ്ങള്‍ക്ക് പെട്രോളിന്റെയും ഡീസലിന്റെയും അധിക വിലയില്‍ നിന്നും ആശ്വാസം ലഭിക്കൂ,’ ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ബ്രിജേഷ് ഗോയല്‍ പറഞ്ഞു.
ആളുകള്‍ സ്വകാര്യ വാഹനങ്ങളില്‍ മാത്രം യാത്ര ചെയ്യുന്ന സാഹചര്യമായതിനാല്‍ അത് അവരെ സാമ്പത്തികമായി ബാധിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.
‘ഈ സാഹചര്യത്തില്‍ എല്ലാവരുടെയും സാമ്പത്തിക സ്ഥിതി മോശമായിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ തന്നെ ഇതിന് നേതൃത്വം നല്‍കണം. ഇപ്പോള്‍ ജനങ്ങള്‍ പൊതു ഗതാഗതത്തില്‍ സഞ്ചരിക്കുന്നത് നിര്‍ത്തി സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. അത് അവരുടെ കീശകാലിയാക്കുന്നതിലേക്കും എത്തിയിട്ടുണ്ട്. ഇത് സമ്പദ് വ്യവസ്ഥയെയും ബാധിച്ചിട്ടുണ്ട്,’ കത്തില്‍ പറയുന്നു.
രാജ്യത്ത് ലോക്ക് ഡൗണില്‍ തുടര്‍ച്ചയായി 21 ദിവസം പെട്രാളിനും ഡീസലിനും വില വര്‍ധിപ്പിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ജൂണ്‍ ഏഴു മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്ന് എണ്ണക്കമ്പനികള്‍ വിശദീകരണം നല്‍കിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക