| Saturday, 27th July 2024, 8:01 am

പാകിസ്ഥാനോട് ഏറ്റുമുട്ടിയത് കഠിനമായിരുന്നു, നിര്‍ഭാഗ്യവശാല്‍ ഞാന്‍ നേരത്തെ പുറത്തായി; ശ്രീലങ്കന്‍ ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 വിമണ്‍സ് ഏഷ്യാ കപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ആതിഥേയരായ ശ്രീലങ്ക തകര്‍പ്പന്‍ വിജയമാണ് പാകിസ്ഥാനെതിരെ നേടിയത്. ഇതോടെ ദാംബുള്ളയില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക ഫൈനലിന് യോഗ്യത നേടിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 141 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കെ ശ്രീലങ്ക മറികടക്കുകയായിരുന്നു.

141 റണ്‍സ് ലക്ഷ്യവുമായി കളത്തിലിറങ്ങിയ ശ്രീലങ്കക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. വംശി ഗുണരത്നെ ബ്രോണ്‍സ് ഡക്കായി മടങ്ങി. ഹര്‍ഷിത് സമരവിക്രമ 12 റണ്‍സും കവിഷ ദില്‍ഹാരി 17 റണ്‍സും നേടി മടങ്ങിയപ്പോള്‍ സില്‍വര്‍ ഡക്കായി നിലാക്ഷി ഡി സില്‍വയും പുറത്തായി.

എന്നാല്‍ ചമാരി അത്തപ്പത്തു എന്ന ലങ്കന്‍ ക്യാപ്റ്റന്റെ ഇടിമിന്നല്‍ പെര്‍ഫോമന്‍സിന് മുന്നില്‍ പാക് വനിതകള്‍ക്ക് പിഴച്ചു. ഒടുവില്‍ ടീം സ്‌കോര്‍ 121ല്‍ നില്‍ക്കവെ ചമാരി പുറത്താവുകയായിരുന്നു. 48 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്സറും അടക്കം 63 റണ്‍സാണ് താരം നേടിയത്. ഇപ്പോള്‍ സെമി ഫൈനലിനെക്കുറിച്ച് സംസാരിക്കുകയാണ് താരം.

‘ പാകിസ്ഥാനോട് ഏറ്റുമുട്ടിയത് കഠിനമായിരുന്നു, നിര്‍ഭാഗ്യവശാല്‍ മത്സരത്തില്‍ ഞാന്‍ നേരത്തെ പുറത്തായി. എനിക്ക് മത്സരം ഫിനിഷ് ചെയ്യാമായിരുന്നു. എന്നാല്‍ എന്റെ ഗേള്‍സ് മത്സരം വൃത്തിയായി ഫിനിഷ് ചെയ്തു, അവര്‍ അടുത്ത മത്സരത്തിലും ഇതേ പെര്‍ഫോമന്‍സ് തുടരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ചമാരി മത്സരത്തിന് ശേഷം പറഞ്ഞു.

ചമാരി പുറത്തായെങ്കിലും വിക്കറ്റ് കീപ്പര്‍ അനുഷ്‌ക സഞ്ജീവനി ലങ്കയെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് മികച്ച തുടക്കം ലഭിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടാണ് ഓപ്പണര്‍മാരായ ഗുല്‍ ഫെറോസയും വിക്കറ്റ് കീപ്പര്‍ മുബീന അലിയും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ഇത് ആറാം തവണയാണ് ശ്രീലങ്ക വനിതാ ഏഷ്യാ കപ്പിന്റെ ഫൈനലിലെത്തുന്നത്. എന്നാല്‍ ഒരിക്കല്‍പ്പോലും വിജയിക്കാന്‍ ടീമിന് സാധിച്ചിരുന്നില്ല. അഞ്ച് തവണയും ഇന്ത്യയാണ് ലങ്കയെ പരാജയപ്പെടുത്തിയത്.

ഇപ്പോള്‍ ആറാം തവണയും ലങ്ക ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ ഇന്ത്യയെ തന്നെയാണ് ടീമിന് കലാശപ്പോരാട്ടത്തില്‍ നേരിടാനുള്ളത്. ജൂലൈ 28നാണ് ഫൈനല്‍ മത്സരം. ദാംബുള്ളയാണ് വേദി.

Content Highlight: Chamari Talking About After Win In Semi Final Match Against Pakistan

We use cookies to give you the best possible experience. Learn more