| Saturday, 27th July 2024, 3:56 pm

ഇന്ത്യ ഇവളെ പേടിക്കേണ്ടിയിരിക്കുന്നു, ഒന്നാം സ്ഥാനത്ത്; ഫൈനലിനെത്തുന്നത് ചരിത്രം സൃഷ്ടിച്ച ക്യാപ്റ്റനായി

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ ഏഷ്യാ കപ്പില്‍ ഒരിക്കല്‍ക്കൂടി ശ്രീലങ്ക ഫൈനലിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദാംബുള്ള രാണ്‍ഗിരി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക ഫൈനലിന് യോഗ്യത നേടിയത്. ആദ്യ സെമി ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പിച്ചെത്തിയ ഇന്ത്യയാണ് ശ്രീലങ്കയുടെ എതിരാളികള്‍.

ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 141 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കക്കായി ഓപ്പണറായി കളത്തിലിറങ്ങി ടീമിനെ വിജയത്തിന് അടുത്തെത്തിച്ച ശേഷമാണ് ചമാരി പുറത്തായത്.

48 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സറും അടക്കം 63 റണ്‍സാണ് താരം നേടിയത്. 131.25 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ചമാരിയെ തേടിയെത്തി. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ (വനിതാ താരം) എന്ന നേട്ടമാണ് ലങ്കന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. ഓസീസ് ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങിനെ മറികടന്നാണ് ചമാരി ഒന്നാം സ്ഥാനത്തെത്തിയത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ക്യാപ്റ്റന്‍ (വനിതകള്‍)

(താരം – ടീം – റണ്‍സ് എന്ന ക്രമത്തില്‍)

ചമാരി അത്തപ്പത്തു – ശ്രീലങ്ക – 2644

മെഗ് ലാന്നിങ് – ഓസ്‌ട്രേലിയ – 2619

ഷാര്‍ലെറ്റ് എഡ്വാര്‍ഡ്‌സ് – ഇംഗ്ലണ്ട് – 2529

ഹര്‍മന്‍പ്രീത് കൗര്‍ – ഇന്ത്യ – 2485

സൂസി ബേറ്റ്‌സ് – ന്യൂസിലാന്‍ഡ് – 2071

വനിതാ ടി-20യില്‍ 136 ഇന്നിങ്‌സിലാണ് ചമാരി കളത്തിലിറങ്ങിയത്. മൂന്ന് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും അടക്കം 3643 റണ്‍സാണ് ലങ്കക്കായി താരം സ്വന്തമാക്കിയത്.

രണ്ടാം സെമി ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് മികച്ച തുടക്കം ലഭിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടാണ് ഓപ്പണര്‍മാരായ ഗുല്‍ ഫെറോസയും വിക്കറ്റ് കീപ്പര്‍ മുബീന അലിയും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ടീം സ്‌കോര്‍ 61ല്‍ നില്‍ക്കവെ ആദ്യ വിക്കറ്റായി ഗുല്‍ ഫെറോസയെ പാകിസ്ഥാന് നഷ്ടമായി. 24 പന്തില്‍ 25 റണ്‍സ് നേടി നില്‍ക്കവെ ഉദ്ദേശിക പ്രബോധിനിയുടെ പന്തില്‍ നീലാക്ഷി ഡി സില്‍വക്ക് ക്യാച്ച് നല്‍കിയായിരുന്നു ഫെറോസ മടങ്ങിയത്.

പത്താം ഓവറിലെ ആദ്യ പന്തില്‍ ഫെറോസയെ മടക്കിയ പ്രബോധിനി ഓവറിലെ അവസാന പന്തില്‍ മുബീന അലിയെയും പുറത്താക്കി. 34 പന്തില്‍ 37 റണ്‍സാണ് മുബീന നേടിയത്.

പിന്നാലെയെത്തിയവരില്‍ സിദ്ര അമീന്‍ 10 റണ്‍സ് നേടി. ക്യാപ്റ്റന്‍ നിദ ദാര്‍ 17 പന്തില്‍ 23 റണ്‍സ് നേടി പുറത്തായി. ആലിയ റിയാസ് 15 പന്തില്‍ 16 റണ്‍സും ഫാത്തിമ സന 17 പന്തില്‍ 23 റണ്‍സും നേടി പുറത്താകാതെ നിന്നു.

ശ്രീലങ്കക്കായി ഉദ്ദേശിക പ്രബോധിനയും കവിഷ ദില്‍ഹാരിയും രണ്ട് വിക്കറ്റ് വീതം നേടി.

141 റണ്‍സ് ലക്ഷ്യവുമായി കളത്തിലിറങ്ങിയ ശ്രീലങ്കക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. വംശി ഗുണരത്നെ ബ്രോണ്‍സ് ഡക്കായി മടങ്ങി. ഹര്‍ഷിത് സമരവിക്രമ 12 റണ്‍സും കവിഷ ദില്‍ഹാരി 17 റണ്‍സും നേടി മടങ്ങിയപ്പോള്‍ സില്‍വര്‍ ഡക്കായി നിലാക്ഷി ഡി സില്‍വയും പുറത്തായി.

എന്നാല്‍ ചമാരി അത്തപ്പത്തു എന്ന ലങ്കന്‍ ക്യാപ്റ്റന്റെ അനുഭവ സമ്പത്തിന് മുമ്പില്‍ പാകിസ്ഥാന് ഉത്തരമുണ്ടായില്ല. അര്‍ധ സെഞ്ച്വറിയുമായി ചമാരി ലങ്കയെ ഒറ്റക്ക് തോളിലേറ്റി. ഒരുവശത്ത് വിക്കറ്റ് വീഴ്ത്തുമ്പോഴും മറുവശത്ത് ചമാരി നിലയുറപ്പിച്ചിരിക്കുന്നുണ്ട് എന്ന വസ്തുത പാകിസ്ഥാനെ തളര്‍ത്തിക്കൊണ്ടേയിരുന്നു.

അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ചമാരി പുറത്തായെങ്കിലും വിക്കറ്റ് കീപ്പര്‍ അനുഷ്‌ക സഞ്ജീവനി ലങ്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

Content Highlight: Chamari Athappathu surpassed Meg Lanning in most runs by a captain in women’s T20Is

We use cookies to give you the best possible experience. Learn more