വനിതാ ഏഷ്യാ കപ്പില്‍ ഒരിക്കല്‍ക്കൂടി ശ്രീലങ്ക ഫൈനലിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദാംബുള്ള രാണ്‍ഗിരി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക ഫൈനലിന് യോഗ്യത നേടിയത്. ആദ്യ സെമി ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പിച്ചെത്തിയ ഇന്ത്യയാണ് ശ്രീലങ്കയുടെ എതിരാളികള്‍.
ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 141 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കക്കായി ഓപ്പണറായി കളത്തിലിറങ്ങി ടീമിനെ വിജയത്തിന് അടുത്തെത്തിച്ച ശേഷമാണ് ചമാരി പുറത്തായത്.
ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ചമാരിയെ തേടിയെത്തി. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ (വനിതാ താരം) എന്ന നേട്ടമാണ് ലങ്കന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. ഓസീസ് ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങിനെ മറികടന്നാണ് ചമാരി ഒന്നാം സ്ഥാനത്തെത്തിയത്.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ക്യാപ്റ്റന്‍ (വനിതകള്‍)
(താരം – ടീം – റണ്‍സ് എന്ന ക്രമത്തില്‍)
ചമാരി അത്തപ്പത്തു – ശ്രീലങ്ക – 2644
മെഗ് ലാന്നിങ് – ഓസ്‌ട്രേലിയ – 2619
ഷാര്‍ലെറ്റ് എഡ്വാര്‍ഡ്‌സ് – ഇംഗ്ലണ്ട് – 2529
ഹര്‍മന്‍പ്രീത് കൗര്‍ – ഇന്ത്യ – 2485
സൂസി ബേറ്റ്‌സ് – ന്യൂസിലാന്‍ഡ് – 2071
വനിതാ ടി-20യില്‍ 136 ഇന്നിങ്‌സിലാണ് ചമാരി കളത്തിലിറങ്ങിയത്. മൂന്ന് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും അടക്കം 3643 റണ്‍സാണ് ലങ്കക്കായി താരം സ്വന്തമാക്കിയത്.
രണ്ടാം സെമി ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് മികച്ച തുടക്കം ലഭിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടാണ് ഓപ്പണര്‍മാരായ ഗുല്‍ ഫെറോസയും വിക്കറ്റ് കീപ്പര്‍ മുബീന അലിയും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.