| Saturday, 2nd March 2024, 11:11 am

കാത്തിരിപ്പ് അവസാനിപ്പിച്ച് ഒടുവില്‍ അവളെത്തി... ഇന്ത്യന്‍ മണ്ണില്‍ ലങ്കന്‍ ചരിത്രം, ഇനി ഒരു ജനത ഇവിടെയെത്തും

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ശ്രീലങ്കന്‍ താരമായി ചമാരി അട്ടപ്പട്ടു. കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് ജയന്റ്‌സ് – യു.പി. വാറിയേഴ്‌സ് മത്സരത്തിലാണ് ചമാരി വാറിയേഴ്‌സിനായി ഡബ്ല്യൂ.പി.എല്‍ അരങ്ങേറ്റം നടത്തിയത്.

മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത വാറിയേഴ്‌സ് ജയന്റ്‌സിനെ അഞ്ച് വിക്കറ്റില്‍ 142 റണ്‍സിലൊതുക്കി.

മോശമല്ലാത്ത തുടക്കമാണ് മത്സരത്തില്‍ ജയന്റ്‌സിന് ലഭിച്ചത്. ക്യാപ്റ്റന്‍ ബെത് മൂണിയും ലോറ വോള്‍വാര്‍ഡും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 40 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. 16 പന്തില്‍ 16 റണ്‍സ് നേടി മൂണി പുറത്തായി. സോഫി എക്കല്‍സ്റ്റോണാണ് താരത്തെ മടക്കിയത്.

26 പന്തില്‍ 28 റണ്‍സ് നേടിയ വോള്‍വാര്‍ഡും 24 പന്തില്‍ 18 റണ്‍സ് നേടി ഹര്‍ലീന്‍ ഡിയോളും പുറത്തായതിന് പിന്നാലെയെത്തിയ ആഷ്‌ലീഗ് ഗാര്‍ഡ്ണര്‍ – ഫോബ് ലീച്ച്ഫീല്‍ഡ് കൂട്ടുകെട്ടാണ് ഗുജറാത്തിനെ നൂറ് കടത്തിയത്. ലീച്ച്ഫീല്‍ഡ് 26 പന്തില്‍ 35 റണ്‍സ് നേടിയപ്പോള്‍ 17 പന്തില്‍ 30 റണ്‍സാണ് ഗാര്‍ഡ്ണര്‍ കൂട്ടിച്ചേര്‍ത്തത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ 124ന് അഞ്ച് എന്ന നിലയില്‍ ജയന്റ്‌സ് പോരാട്ടം അവസാനിപ്പിച്ചു.

വാറിയേഴ്‌സിനായി എക്കല്‍സ്‌റ്റോണ്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രാജേശ്വരി ഗെയ്ക്വാദ് ഒരു വിക്കറ്റും നേടി.

അരങ്ങേറ്റ മത്സരത്തില്‍ പന്തെടുത്ത ചമാരി വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും മികച്ച രീതിയില്‍ തന്നെ പന്തെറിഞ്ഞു. നാല് ഓവറില്‍ 19 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. 4.75 ആണ് ചമാരിയുടെ എക്കോണമി. വാറിയേഴ്‌സ് നിരയിലെ ഏറ്റവും മികച്ച ഏക്കോണമിയാണിത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വാറിയേഴ്‌സിനും മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 42 റണ്‍സാണ് അലീസ ഹീലിയും കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ താരം കിരണ്‍ നവ്ഗിരെയും ചേര്‍ന്ന് നല്‍കിയത്.

ടീം സ്‌കോര്‍ 42ല്‍ നില്‍ക്കവെ നവ്ഗിരെയുടെ വിക്കറ്റ് വാറിയേഴ്‌സിന് നഷ്ടമായി. എട്ട് പന്തില്‍ നിന്നും 12 റണ്‍സ് നേടി നില്‍ക്കവെയാണ് താരം പുറത്താകുന്നത്. തനുജ കന്‍വറിന്റെ പന്തില്‍ ഡയ്‌ലന്‍ ഹേമലതക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

അധികം വൈകാതെ 21 പന്തില്‍ 33 റണ്‍സ് നേടിയ അലീസ ഹീലിയും 11 പന്തില്‍ 17 റണ്‍സ് നേടിയ ചമാരി അട്ടപ്പട്ടുവും പുറത്തായി.

എന്നാല്‍ നാലാം നമ്പറില്‍ ക്രീസിലെത്തിയ ഗ്രേസ് ഹാരിസിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ വാറിയേഴ്‌സ് അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. 33 പന്തില്‍ പുറത്താകാതെ 60 റണ്‍സാണ് താരം നേടിയത്.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും വാറിയേഴ്‌സിനായി. നാല് മത്സരത്തില്‍ നിന്നും നാല് പോയിന്റാണ് ടീമിനുള്ളത്.

മാര്‍ച്ച് നാലിനാണ് വാറിയേഴ്‌സിന്റെ അടുത്ത മത്സരം. റോയല്‍ ചലഞ്ചേഴ്‌സാണ് എതിരാളികള്‍.

Content highlight: Chamari Athapaththu makes her WPL debut

We use cookies to give you the best possible experience. Learn more