ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തി ശ്രീലങ്കന്‍ സൂപ്പര്‍ താരം ചമാരി അട്ടപ്പട്ടു. ഈ പൊസിഷനില്‍ എത്തുന്ന ആദ്യ ശ്രീലങ്കന്‍ വനിതാ താരമാകാനും ചമാരിക്ക് കഴിഞ്ഞു. ശ്രീലങ്കന്‍ ടീമിന്റെ ക്യാപ്റ്റനാണ് ചാമരി അട്ടപ്പട്ടു.
ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയില്‍ നിന്ന് ഇതിഹാസ താരം സനത് ജയസൂര്യ മാത്രമാണ് ഇതിന് മുമ്പ് ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ളത്. റേറ്റിങ്ങില്‍ ആറ് സ്ഥാനം മെച്ചപ്പെടുത്തിയാണ് ചാമരി അട്ടപ്പട്ടു റാങ്കിങ്ങില്‍ കുതിച്ച് ചാട്ടമുണ്ടാക്കിയത്. 758 പോയിന്റാണ് ശ്രീലങ്കന്‍ താരത്തിന് നിലവിലുള്ള റേറ്റിങ്ങ്. ഓസീസിന്റെ ബെത്ത് മൂണിയും ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡുമാണ് നിലവില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്.
ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് ചമാരി അട്ടപ്പട്ടുവിനെ ലോക റാങ്കിങ്ങിന്റെ നെറുകയില്‍ എത്തിച്ചത്. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ആദ്യ മത്സരത്തിലും(108*) മൂന്നാമത്തെ മത്സരത്തിലും(140*) സെഞ്ച്വറി നേടിയ ചമാരി അട്ടപ്പട്ടു ശ്രീലങ്കന്‍ വുമണ്‍ ക്രിക്കറ്റില്‍ തന്നെ സെഞ്ച്വറി നേടിയ ഒരേ ഒരു താരമാണ്. കരിയറിലാകെ എട്ട് സെഞ്ച്വറി നേടാന്‍ ചമാരിക്കായി. ഈ പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തെരഞ്ഞെടുക്കപ്പെട്ടതും ചമാരി അട്ടപ്പട്ടുവിനെയാണ്.
ഏകദിനത്തില്‍ 92 മത്സരങ്ങള്‍ കളിച്ച താരം 2,948 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 14 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 2010ല്‍ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ ഏകദിനത്തില്‍ 375 ഫോറും 33 സിക്സും നേടിയിട്ടുണ്ട്.
ശ്രീലങ്കന്‍ വുമണ്‍സ് ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ തന്നെ ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറില്‍ ആദ്യ പത്ത് സ്ഥാനവും ചമാരിക്കാണ്.
അതേസമയം, പുതിയ ഐ.സി.സി റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ പിന്നോട്ട് പോയി. സൂപ്പര്‍ താരങ്ങളായ ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ദാനയുമാണ് ആദ്യ പത്തിലുള്ളത്.
ഇരുവരും ഓരോ പോയിന്റ് വീതം താഴോട്ടുപോയി ആറ്, ഏഴ് സ്ഥാനങ്ങളിലാണുള്ളത്.
Content Highlight: Chamari Athapaththu becomes the first Sri Lankan Women cricketer to become number 1 in ICC ODI Batters ranking