| Wednesday, 19th December 2018, 8:25 pm

ചാമരാജ് നഗര്‍ ക്ഷേത്രത്തിലെ ഭക്ഷ്യവിഷബാധ; ക്ഷേത്രകമ്മറ്റി പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം പ്രസാദത്തില്‍ വിഷം കലര്‍ത്തിയെന്ന് പൂജാരിയുടെ കുറ്റസമ്മതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗലൂരു: ചാമരാജ്‌നഗര്‍ ക്ഷേത്രത്തിലെ പ്രസാദത്തില്‍ വിഷം കലര്‍ത്തിയത് ക്ഷേത്രപൂജാരിയെന്ന് പൊലീസ്. ക്ഷേത്രകമ്മറ്റി പ്രസിഡന്റ് ഹിമ്മാടി മഹാദേവസ്വാമിയുടെ നിര്‍ദേശപ്രകാരമാണ് പൂജാരി ഈ കടുംകൈ ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തി.

കേസില്‍ പൂജാരി ദൊഡ്ഡയ്യ അടക്കം 4 പേര്‍ അറസ്റ്റിലായി. കര്‍ണാടകയിലെ ചാമരാജനഗറില്‍ ഭക്ഷ്യവിഷബാധയേറ്റ് 15 പേരാണ് മരിച്ചത്. ഗ്രാമത്തിലെ മാരമ്മ ക്ഷേത്രത്തില്‍ നടന്ന പൂജാകര്‍മങ്ങള്‍ക്കൊടുവില്‍ പ്രസാദം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. നൂറിനടുത്ത് പേര്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.

ALSO READ: കോളനിവത്കരണം തമാശയല്ല: കോളനിവത്കരണം ഹാസ്യവത്കരിച്ച് കാണിക്കുന്ന പരസ്യം നിരോധിച്ച് സൗത്ത് ആഫ്രിക്ക

മാരമ്മ ക്ഷേത്രത്തില്‍ പുതിയകെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന്റെ ഭാഗമായാണ് പൂജാകര്‍മങ്ങള്‍ നടത്തിയത്. പത്ത് മണിയോടെ തക്കാളിച്ചോറും അവലും പ്രസാദമായി നല്‍കി.

മുന്‍പന്തിയിലുണ്ടായിരുന്ന എണ്‍പതോളംപേര്‍ പ്രസാദം കഴിച്ചെങ്കിലും, പിന്നിലുണ്ടായിരുന്നവര്‍ ദുര്‍ഗന്ധംമൂലം ഉപേക്ഷിച്ചു. ഉച്ചയോടെയാണ് പ്രസാദം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തിയതാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ക്ഷേത്രം നടത്തിപ്പിനെച്ചൊല്ലി രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതാണോ സംഭവത്തിന് പിന്നിലെന്നും പൊലീസ് അന്വേഷിച്ചു.

സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more