“ചലോ തിരുവനന്തപുരം” എന്ന പ്രഖ്യാപനത്തിലൂടെ മുത്തങ്ങയും ആറളവും ചെങ്ങറയും മേപ്പാടിയും അരിപ്പയും നില്‍പ്പുസമരവുമെല്ലാം നല്‍കിയ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേവലം മൂന്നു സെന്റ് കിടപ്പാടത്തിനു വേണ്ടിയുള്ളതല്ല ഈ സമരം. മറിച്ച് കൃഷിക്കും ഉപജീവനത്തിനും തങ്ങളുടെ വിഭവം എന്ന രീതിയിലുള്ള അവകാശത്തിനും കൂടിയാണ് ഈ സമരം എന്നതാണ് ചലോ തിരുവനന്തപുരം എന്ന അവകാശ പ്രഖ്യാപനത്തെ മറ്റ് സമരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
തയ്യാറാക്കിയത്: മായ പ്രമോദ്
കേരളത്തില്‍ വലിയൊരു മാറ്റം സംഭവിക്കാന്‍ പോവുകയാണ്. ഭൂമിയുമായി ബന്ധപ്പെട്ടതും എന്നാല്‍ ഭൂമി കേവലമൊരു പ്രകൃതിവിഭവം മാത്രമല്ലല്ലെന്നും അത് എല്ലാ അര്‍ത്ഥത്തിലും ഒരു രാഷ്ട്രീയമാണെന്നും മനസ്സിലാക്കിക്കൊണ്ട് തങ്ങള്‍ക്ക് ജാതിക്കോളനികള്‍ വേണ്ട എന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഒരു ജനത തങ്ങളുടെ മുന്നേറ്റം തുടങ്ങിയിരിക്കുന്നു.
“ചലോ തിരുവനന്തപുരം” എന്ന പ്രഖ്യാപനത്തിലൂടെ മുത്തങ്ങയും ആറളവും ചെങ്ങറയും മേപ്പാടിയും അരിപ്പയും നില്‍പ്പുസമരവുമെല്ലാം നല്‍കിയ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേവലം മൂന്നു സെന്റ് കിടപ്പാടത്തിനു വേണ്ടിയുള്ളതല്ല ഈ സമരം. മറിച്ച് കൃഷിക്കും ഉപജീവനത്തിനും തങ്ങളുടെ വിഭവം എന്ന രീതിയിലുള്ള അവകാശത്തിനും കൂടിയാണ് ഈ സമരം എന്നതാണ് ചലോ തിരുവനന്തപുരം എന്ന അവകാശ പ്രഖ്യാപനത്തെ മറ്റ് സമരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
ചലോ തിരുവനന്തപുരം പ്രസ്ഥാനത്തിലൂടെ ദലിതര്‍, ആദിവാസികള്‍, ദലിത് ക്രൈസ്തവര്‍, ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്കെല്ലാം തങ്ങളുടെ ഭരണഘടനാവകാശങ്ങളുമായി അന്തസ്സായി ജീവിക്കാനുള്ള സാഹചര്യമൊരുക്കി കേരളത്തെ മനുഷ്യത്വരഹിതമായ ജാതിക്കോളനികളില്‍ നിന്നും പുറമ്പോക്ക് ജീവിതങ്ങളില്‍ നിന്നും പുറത്തുകൊണ്ടു വരുവാനും ആവശ്യപ്പെടുന്നു ഈ അവകാശ പ്രഖ്യാപന റാലി. ജീവിക്കുവാനുള്ള ഭൂമി, കൃഷി ചെയ്യുവാനുള്ള ഇടം, വിദ്യാഭ്യാസം, അന്തസ്സുള്ള തൊഴില്‍ എന്നിങ്ങനെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ ഇടംനേടുന്നതിനുള്ള ഒരു സാമൂഹികനീതി എന്ന ആവശ്യമാണ് ചലോ തിരുവനന്തപുരം പ്രസ്ഥാനത്തിലൂടെ നാം ആവശ്യപ്പെടുന്നത്.
ചലോ തിരുവനന്തപുരം പദയാത്രയിലൂടെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എന്ന ഈ യാത്ര കേരളത്തിലെ ഭൂരഹിതരായ മുഴുവന്‍ കോളനിവാസികളെയും പുറമ്പോക്ക് നിവാസികളെയും ചേരികളെയും ഉണര്‍ത്തിക്കൊണ്ട് തുടക്കംകുറിക്കാന്‍ പോകുന്നു. ചലോ തിരുവനന്തപുരം മുന്നേറ്റത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെയും മുന്നോട്ടുള്ള പ്രതീക്ഷകളെയും കുറിച്ച് ഭൂഅധികാര സംരക്ഷണ സമിതി ചെയര്‍മാനും പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ശ്രീ. സണ്ണി എം.കപിക്കാട് നമ്മളോട് സംസാരിക്കുന്നു
2016 ഒക്‌ടോബര്‍ 15-ന് കേരളത്തില്‍ നമ്മള്‍ ഒരു ഭൂഅധികാര പ്രഖ്യാപനം നടത്തിയിരുന്നു. അതിന്റെ പ്രധാന അജണ്ടയെന്നത് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ രൂപപ്പെട്ടുവന്നിട്ടുള്ള ദലിത് മുന്നേറ്റത്തിന്റെയും ഹിന്ദുത്വവിരുദ്ധമായി രൂപപ്പെട്ടിരിക്കുന്ന ജനാധിപത്യ രാഷ്ട്രീയത്തിന്റെയും അന്തസ്സത്ത ഉള്‍ക്കൊണ്ടുകൊണ്ട് കേരളീയ സമൂഹത്തില്‍ എങ്ങനെയാണ് ഈ ഒരു രാഷ്ട്രീയ അജണ്ട മുന്നോട്ടുകൊണ്ടു പോകേണ്ടത് എന്നതായിരുന്നു. ആ ആലോചനയില്‍ മര്‍മ്മപ്രധാനമായി തിരിച്ചറിയപ്പെട്ടത് രണ്ടു കാര്യങ്ങളായിരുന്നു.
കഴിഞ്ഞ 20 വര്‍ഷമായി കേരളത്തിലെ ദലിതരും ആദിവാസികളും ബഹുമുഖമായി ഭൂമിക്കു വേണ്ടിയുള്ള പ്രക്ഷോഭം നടത്തിവരുന്ന സ്ഥലമാണ് കേരളമെങ്കില്‍ ആ സമരങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു ജാതി വിരുദ്ധ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നില്ല. അതിന്റെ ഉള്ളടക്കം ജാതിവിരുദ്ധമാണെങ്കിലും അത് അങ്ങിനെ തിരിച്ചറിയപ്പെട്ടിരുന്നില്ല.
ജിഗ്നേഷ് മേവാനി നേതൃത്വം കൊടുക്കുന്ന ഉന പ്രക്ഷോഭത്തില്‍ ആണ് യഥാര്‍ത്ഥത്തില്‍ ഭൂമിക്കു വേണ്ടിയുള്ള ആവശ്യം രണ്ട് തരത്തില്‍ പ്രധാനമാണെന്ന് പ്രഖ്യാപിച്ചത്. ഒന്ന്, ദലിതര്‍ അടക്കമുള്ള പാര്‍ശ്വവത്കൃത വിഭാഗങ്ങളെ രാഷ്ട്രീയമായി ശാക്തീകരിക്കുന്ന ഒന്നാണെന്നും അതോടൊപ്പം തന്നെ ഹിന്ദുത്വവിരുദ്ധമായ ഒരു രാഷ്ട്രീയ നിലപാടുകൂടിയാണ് ഭൂമിക്കു വേണ്ടിയുള്ള വാദം എന്നാണ് അദ്ദേഹത്തിന്റെ ഉന പ്രഖ്യാപനത്തിലൂടെ പുറത്തുവന്നത്.
അതായത് “”പശുവിന്റെ വാല്‍ നിങ്ങളെടുത്തുകൊള്ളുക, ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്കു തരൂ”” എന്നതിന്റെ ഒരു രാഷ്ട്രീയമായ അര്‍ത്ഥം- ഹിന്ദുത്വവാദികളുടെ സാംസ്‌കാരികമായ ചിഹ്നങ്ങളില്‍ തങ്ങള്‍ക്ക് അവകാശവാദമില്ലെന്നും മറിച്ച് തങ്ങള്‍ക്ക് അതിജീവിക്കാനാവശ്യമായ മൂലധനത്തെക്കുറിച്ചാണ് തങ്ങള്‍ സംസാരിക്കുന്നതെന്നും അതുകൊണ്ട് ഭൂമി ഞങ്ങള്‍ക്ക് തരൂ എന്നുമാണ്. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പുതിയ ഒരു രാഷ്ട്രീയമാണ് ഈ പ്രക്ഷോഭത്തിലൂടെ പുറത്തുവന്നത്. ആ പ്രക്ഷോഭത്തെ കേരളത്തിന്റെ പരിസരത്തില്‍ നിന്നുകൊണ്ട് ഏറ്റെടുക്കുവാനാണ് നമ്മള്‍ ശ്രമിക്കുന്നത്. അതിന് ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി കേരള മോഡല്‍ വികസനമെന്ന് വര്‍ഷങ്ങളോളം പ്രചരിപ്പിക്കപ്പെട്ട ഒരു കാര്യത്തെ പൊളിച്ചെഴുതിക്കൊണ്ട് മാത്രമേ കേരളത്തില്‍ ഒരു പുതിയ രാഷ്ട്രീയം സാദ്ധ്യമാകൂ എന്നതാണ്.
എന്നാല്‍ ഭൂമിയുടെ ഒരു പുനര്‍വിതരണവും അതിന്റെ ഭൂവിനിയോഗത്തെ സംബന്ധിച്ച പുതിയ ഒരു സമീപനവും കേരളത്തില്‍ ഉണ്ടാകേണ്ടതുണ്ട്. അതായത് കേരളത്തില്‍ ഭൂമിയില്ലാതെ കുറേ പേര്‍ക്ക് ഭൂമി കൊടുക്കുക മാത്രമല്ല, ഭൂമി വിതരണം ചെയ്യുന്നതോടൊപ്പം തന്നെ ഭൂമി ഇനിയുള്ള കാലങ്ങളില്‍ എങ്ങിനെയാണ് വിനിയോഗിക്കേണ്ടത് എന്നതിനെ സംബന്ധിക്കുന്ന ഒരു പുതിയ സമീപനവും ആവശ്യമുണ്ട്.
ഭൂമി എങ്ങിനെയാണ് വിനിയോഗിക്കേണ്ടത് എന്നത് പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ഒരു പുതിയ അജണ്ടയായിരിക്കും. കേരളീയ സമൂഹത്തിനു മാത്രമല്ല, ലോകത്തിനു തന്നെ മാതൃകയാകുന്ന വിധം ഭൂമിയെ ഇനിയെങ്ങിനെ വിനിയോഗിക്കണം എന്നതിനെ സംബന്ധിച്ച് ഒരു പുതിയ ആലോചന ആവശ്യമുണ്ട് എന്നതും കൂടി ഒരുമിച്ച് മുന്നോട്ടുവക്കുന്നു എന്നുള്ളതാണ് പഴയകാല ഭൂസമരങ്ങളില്‍ നിന്നും ഭിന്നമായ പുതിയ ഭൂസമരത്തിന്റെ പ്രത്യേകത.
അടുത്തപേജില്‍ തുടരുന്നു
അങ്ങിനെ ഈ ഭൂമിയുടെ വിനിയോഗവും ഭൂവിതരണത്തെ സംബന്ധിച്ച പുതിയൊരു സമീപനവും വക്കുന്നതോടെ- കേരളമോഡല്‍ എന്നു പറഞ്ഞ ആ വികസനത്തിനെതിരെ ഒരു വിമര്‍ശനം ഉന്നയിക്കുന്നതോടെ- ഭൂമിയുടെ പ്രശ്‌നം കേരളത്തിലെ ദലിതരുടെയും ആദിവാസികളുടെയും മാത്രം പ്രശ്‌നമല്ലാതായി മാറുകയും കേരളത്തിന് ഇനി ഒരടി മുന്നോട്ടുപോകണമെങ്കില്‍ ദലിതരും ആദിവാസികളും അടക്കമുള്ള വിഭാഗങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്തുകൊണ്ടും ഭൂമിയുടെ ഈ പുതിയൊരു വിനിയോഗം സാദ്ധ്യമാക്കിക്കൊണ്ടും മാത്രമേ കേരളത്തിന് ഇനി മുന്നോട്ടുപോകാന്‍ സാധിക്കൂ.
ഇതോടൊപ്പം തന്നെ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ മുന്നേറ്റങ്ങളായ ദലിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, ട്രാന്‍സ്‌ജെന്റര്‍ വിഭാഗങ്ങള്‍, സ്ത്രീകള്‍, പിന്നാക്ക വിഭാഗങ്ങള്‍, ദലിത് സ്ത്രീ പ്രസ്ഥാനങ്ങള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ ഈ വൈവിദ്ധ്യങ്ങളെ നോക്കിക്കാണുവാനും അതിനെ മുഴുവനും പരമ്പരാഗതമായ ജനാധിപത്യ ധാരണകള്‍ക്കപ്പുറം ഒരു പുതിയ ജനാധിപത്യത്തിന്റെ നവീന ധാരണയില്‍ ഉള്‍ച്ചേര്‍ക്കാനും കഴിയുന്ന ഒരു പൊതു പ്രസ്ഥാനത്തെയാണ് തൃശ്ശൂര്‍ സമ്മേളനം യഥാര്‍ത്ഥത്തില്‍ ഭാവനചെയ്തിട്ടുള്ളത്.
ഇത് കേവലം ഭൂമിക്കു വേണ്ടിയുള്ള പ്രസ്ഥാനം എന്നതിലപ്പുറം ഭൂപ്രകൃതിയെ സംരക്ഷിക്കുവാനും ഭൂമിയുടെ മേലുള്ള അവകാശം മുഴുവന്‍ മനുഷ്യര്‍ക്കും ഉറപ്പാക്കുവാനും അതോടൊപ്പം തന്നെ മുഴുവന്‍ മനുഷ്യര്‍ക്കും അന്തസ്സായി ജീവിക്കുവാനും കഴിയുന്ന പുതിയ ഒരു ജനാധിപത്യ മാതൃക സൃഷ്ടിക്കുവാനും കഴിയുന്ന ഒരു തുടക്കമായാണ് ഈ സമ്മേളനത്തെ കാണുന്നത്. അതിന്റെ ഏറ്റവും വലിയ പ്രചോദനമായി നില്‍ക്കുന്നത് ഡോ. അംബേദ്കറുടെ സാമൂഹ്യജനാധിപത്യ സങ്കല്‍പമാണ്. “ഒരു ജനാധിപത്യ സമൂഹത്തില്‍ രാഷ്ട്രീയ ജനാധിപത്യം പുലരണമെങ്കില്‍ ആ സമ്മേളനം ജനാധിപത്യപരമായിരിക്കേണ്ടതുണ്ട്” എന്നത് അംബേദ്കര്‍ അടിവരയിട്ടു പറയുന്ന കാര്യമാണ്.
അബേദ്കറുടെ സാമൂഹ്യജനാധിപത്യ സങ്കല്പത്തില്‍ ഊന്നിനില്‍ക്കുകയും അതോടൊപ്പം തന്നെ രാഷ്ട്രീയമായി മുഴുവന്‍ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുവാനും അതിനുള്ള അവകാശങ്ങള്‍ ഉറപ്പിക്കുവാനും കഴിയുന്ന ഏറ്റവും നവീനമായ ഒരു മുന്നേറ്റമാണ് യഥാര്‍ത്ഥത്തില്‍ ചലോ തിരുവനന്തപുരത്തിലൂടെ രൂപപ്പെട്ടുവരിക. കേരളത്തിന് ആവശ്യമായ, കേരളത്തിലെ യഥാര്‍ത്ഥ ജനസമൂഹം ആഗ്രഹിക്കുന്നതുമായ ഒരു മുന്നേറ്റമാണ് യഥാര്‍ത്ഥത്തില്‍ തൃശ്ശൂര്‍ സമ്മേളനത്തില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
ഇതില്‍ ഉയര്‍ന്നുവന്ന വിമര്‍ശനപരമായ കാര്യങ്ങള്‍ മുസ്‌ലിം കമ്യൂണിറ്റിയെ ഉള്‍പ്പെടുത്തിയില്ല എന്നതായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഇവിടെ വിളിച്ചുചേര്‍ത്ത യോഗം എന്നത് ഭൂഅധികാര പ്രഖ്യാപന സമിതിയുടെ യോഗമായിരുന്നു. അത് ഭൂമിക്കു വേണ്ടി നിലനില്‍ക്കുന്ന സമുദായങ്ങളുടെ പ്രാതിനിധ്യം എന്നതായിരുന്നു. ഭൂമിക്കു വേണ്ടി നിലനില്‍ക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ അവിടെയെത്തപ്പെട്ടത്. മുസ്‌ലിം വിഭാഗത്തെ വിളിച്ചില്ല എന്ന ആരോപണം യഥാര്‍ത്ഥത്തില്‍ അനാവശ്യമായി രൂപപ്പെട്ടുവന്ന കാര്യമാണ്.
മുസ്‌ലിം കമ്മ്യൂണിറ്റിയെ വിളിക്കണം എന്നുപറയുമ്പോള്‍ ഭൂമിയുമായി ബന്ധപ്പെട്ട് മുസ്‌ലിം വിഭാഗം കേരളത്തില്‍ ഒരു സ്ഥലത്തും സമര മേഖലയില്‍ ഇല്ല. അപ്പോള്‍ അങ്ങനെ അല്ലാത്തതുകൊണ്ടുതന്നെ അവര്‍ നിര്‍ബന്ധമായും വരണമെന്ന് സംഘാടകസമിതിക്ക് വിചാരിക്കേണ്ട കാര്യമില്ല. മുസ്‌ലിങ്ങള്‍ ഒരു സമുദായം എന്ന നിലയില്‍, ന്യൂനപക്ഷ സമുദായം എന്ന നിലയില്‍ അവര്‍ നേരിടുന്നത് മറ്റൊരു പ്രശ്‌നമാണ്. ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അല്ല. മറിച്ച് ഒരു മതവിഭാഗം എന്ന നിലയില്‍ ആഗോളാടിസ്ഥാനത്തില്‍ നേരിടുന്ന വലിയ പ്രതിസന്ധികള്‍ ഇസ്‌ലാമിനുണ്ട്.
അത്തരം ഒരു ചോദ്യത്തെ അഭിമുഖീകരിക്കുന്ന ഒരു സമ്മേളനം ആയിരുന്നില്ല തൃശ്ശൂരിലേത്. അവിടെ നടത്തിയത് ഭൂമി അധികാരത്തിനു വേണ്ടിയുള്ള ഒരു പ്രക്ഷോഭത്തിനുള്ള മുന്നണി രൂപീകരണമായിരുന്നു. അത്തരം പ്രക്ഷോഭത്തില്‍ മുസ്‌ലീങ്ങളെ വിളിക്കണമെന്നു പറയുന്നവര്‍ തന്നെ സംശയകരമായ നിഴലില്‍ നില്‍ക്കുന്നവരാണ്. മുസ്‌ലീംങ്ങളെ പങ്കെടുപ്പിക്കണമെന്നു പറയുമ്പോള്‍, നമ്മള്‍ അതിനെ വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങളെ കാണണം. ആ സമ്മേളനം നടന്നത് ഭൂമിക്കു വേണ്ടിയുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയുമൊക്കെ നിലയിലാണ്.
കേരളത്തില്‍ ഭൂമിക്കുവേണ്ടി സമരം ചെയ്യുന്ന ഒരു വിഭാഗം എന്ന നിലയില്‍ മുസ്‌ലീങ്ങള്‍ ഇനിയും മുന്നോട്ടുവന്നിട്ടില്ല. അതുകൊണ്ടു തന്നെ ഒരു വിഭാഗം എന്ന നിലയില്‍ മുസ്‌ലീങ്ങളെ അതിലേക്ക് ക്ഷണിക്കണം എന്നു പറയുന്നതില്‍ യാതൊരു കാര്യവുമില്ല. മറിച്ച് കേരളത്തില്‍ മുസ്‌ലീം സമുദായം എന്ന നിലയില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഭൂഅധികാര സംരക്ഷണസമിതി ഒരു നിലപാട് രൂപീകരിച്ചിട്ടുണ്ട്.
മുസ്‌ലീം സമുദായം എന്ന നിലയില്‍ അവര്‍ നേരിടുന്ന അതിക്രമങ്ങളെയും ജനാധിപത്യ ധ്വംസനങ്ങളെയും ഒരു ജനാധിപത്യസമൂഹം വകവച്ചുകൊടുക്കാന്‍ പാടില്ലയെന്നും അതുകൊണ്ടുതന്നെ അവരോട് ഐക്യപ്പെടേണ്ടതുണ്ടെന്നും സമിതി എടുത്ത തീരുമാനമാണ്. മറിച്ച് സമ്മേളനം എന്ന നിലയില്‍ നടന്നത് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ രൂപപ്പെട്ടുവന്നിട്ടുള്ള ദലിത് ഉണര്‍വ്വുകളുടെയും ജനാധിപത്യ മുന്നേറ്റങ്ങളുടെയും പശ്ചാത്തലത്തില്‍ കേരളത്തിലെ ഭൂപ്രശ്‌നങ്ങളെ എങ്ങനെ ഉന്നയിക്കാം എന്നതാണ്.
ഇതുതന്നെയായിരുന്നു തൃശ്ശൂര്‍ സമ്മേളനത്തിന്റെ മുഖ്യമായ അജണ്ട. മറിച്ച് ഒരു സംഘടന എന്ന നിലയ്ക്ക് മുസ്‌ലീം ലീഗ് ജമാ അത്തെയെയോ എസ്.ഡി.പി.ഐയെയോ വിളിക്കാത്തതിന്റെ കാരണം അവര്‍ ഭൂമിക്കു വേണ്ടിയുള്ള ഒരു പ്രക്ഷോഭത്തിന്റെ മുന്നണി പ്രവര്‍ത്തകര്‍ അല്ല എന്നതു തന്നെയാണ്.
അടുത്തപേജില്‍ തുടരുന്നു
അതുകൊണ്ട് മുസ്‌ലീമുകളെ വിളിച്ചില്ല എന്നത് ഒരു ദോഷമായി പറയേണ്ടതില്ലയെന്നാണ് എന്റെ അഭിപ്രായം. മാത്രമല്ല ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തെ വിളിച്ചിട്ടില്ല. എന്നാല്‍ അവരുടെ പങ്കാളിത്തം അവിടെയുണ്ടായിരുന്നു. എന്നാല്‍ തങ്ങളെ എന്തുകൊണ്ട് വിളിച്ചില്ല എന്ന ചോദ്യം അവര്‍ ഉന്നയിക്കുന്നില്ല. പക്ഷേ മുസ്‌ലീങ്ങള്‍ക്കു വേണ്ടി മറ്റു ചിലരാണ് ഈ വിഷയം ഉന്നയിക്കുന്നത്. മറിച്ച് മുസ്‌ലീം സമുദായമല്ല അത് ഉന്നയിക്കുന്നത്. അതാണ് പ്രശ്‌നം.
യഥാര്‍ത്ഥത്തില്‍ വിഷയം അതല്ല, കേരളത്തെ സംബന്ധിച്ചുള്ള സമ്മേളനത്തില്‍ മുസ്‌ലീമുകള്‍ പങ്കെടുക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് മാനദണ്ഡം എന്നു പറഞ്ഞ ചില വക്രബുദ്ധികള്‍ കേരളത്തിലുണ്ട്. ഈ വക്രബുദ്ധികളെ പരിഗണിക്കേണ്ട ഒരു കാര്യവും തൃശ്ശൂര്‍ സമ്മേളനത്തിന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് നമ്മള്‍ അതിനെ പരിഗണിച്ചിട്ടില്ല. കേരളത്തിലെ മുസ്‌ലീം സമുദായങ്ങള്‍ക്ക് അതിനെക്കുറിച്ച് ആശങ്കയൊട്ടുമില്ല താനും.
മറ്റൊരു പ്രധാന കാര്യം, ദലിത് ക്രൈസ്തവരുടെ പങ്കാളിത്തത്തെ കുറിച്ച് എങ്ങിനെ കാണുന്നു എന്നതാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അവര്‍ വളരെ പ്രധാനപ്പെട്ട ഒരു ജനസമൂഹമാണ്. യഥാര്‍ത്ഥത്തില്‍ ആ ജനസമൂഹത്തിന് പട്ടികജാതിക്കാര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഭരണഘടനാ അവകാശങ്ങളടക്കം കിട്ടേണ്ടതാണ്. യഥാര്‍ത്ഥത്തില്‍ അതിന് അവകാശമുണ്ട് അവര്‍ക്ക്.
കുറച്ചൊരു സങ്കീര്‍ണ്ണമായ പ്രശ്‌നമാണെങ്കിലും ഒരു ജനാധിപത്യ സമൂഹത്തെ ഭാവനചെയ്യുന്നവര്‍ എന്നനിലയില്‍ നമ്മള്‍ പട്ടികജാതിക്കാര്‍ക്കു കിട്ടിക്കൊണ്ടിരിക്കുന്ന അവകാശങ്ങള്‍ ദലിത് ക്രൈസ്തവ സമുദായങ്ങള്‍ക്കും അവകാശമുണ്ട് എന്ന കാര്യം; അതെങ്ങിനെ നടപ്പാക്കും എന്ന കാര്യം പ്രായോഗികമായി പിന്നീട് ആലോചിക്കേണ്ടതും നടപ്പിലാക്കേണ്ടതുമാണ്. പക്ഷേ ഈ അവകാശങ്ങള്‍ അവര്‍ക്കുമുണ്ട് എന്നുള്ള ഒരു ജനാധിപത്യ തത്വത്തില്‍ നമ്മള്‍ ഉറച്ചുനില്‍ക്കേണ്ടതുണ്ട്.
അതുകൊണ്ട് നമ്മള്‍ ഭൂമിയുടെ വിതരണവുമായി അവകാശമുന്നയിക്കുമ്പോള്‍ നമ്മള്‍ പൊതുവെ പട്ടികജാതി പട്ടിക വര്‍ഗ്ഗങ്ങള്‍ക്കുള്ള അതേ അവകാശം അവര്‍ക്കും കൂടി ഉറപ്പിച്ചുകിട്ടാനുള്ള ഒരു പ്രക്ഷോഭ മുന്നണി കൂടി ഇതിന്റെ കൂടെ തുറക്കേണ്ടിവരും. അതല്ലെങ്കില്‍ ഇത് ഒരു വലിയ അനീതിയായിരിക്കുമെന്ന് കരുതുന്നു. ദലിത് ക്രൈസ്തവര്‍ക്കു കൂടി ഈ അവകാശത്തിന് അര്‍ഹതയുണ്ടെന്ന് ഈ സമര മുന്നേറ്റം പറയുന്നില്ലെങ്കില്‍ ഇതിനെ പുതിയ സമരമുന്നേറ്റമായി കാണാന്‍ കഴിയില്ല.
പുതിയ സമര മുന്നേറ്റമായിരിക്കുക എന്നാല്‍ ക്രിസ്തുമതം സ്വീകരിച്ച വിഭാഗങ്ങള്‍ കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകളായി അനുഭവിക്കുന്ന അവസ്ഥയെന്തെന്നതിനെക്കുറിച്ച് നമുക്കും ഒരു ബോധ്യം വേണം. മതം മാറിയെന്നതുകൊണ്ട് ജാതി ഒരിക്കലും വിട്ടുപോകാതിരിക്കുകയും പള്ളിക്കകത്തും പുറത്തുമെല്ലാം അവര്‍ അവഗണന നേരിടുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ അവര്‍ വിശ്വാസത്തിലാണു താനും.
നിയോബുദ്ധിസ്റ്റുകളായവരെ പരമ്പരാഗത ബുദ്ധിസ്റ്റുകള്‍ മാറ്റിനിര്‍ത്തിയതു പോലെ തന്നെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരെ പരമ്പരാഗത ക്രൈസ്തവര്‍ ഒരിക്കലും സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് അവര്‍ പുറംജാതിയാണ്. മനുഷ്യര്‍ക്ക് ഏതു ഈശ്വരവിശ്വാസവും സ്വീകരിക്കാമെന്നത് ജനാധിപത്യത്തിലെ മര്‍മ്മപ്രധാനമായ ഒരു തത്വമാക്കി നാം എടുക്കുക. അങ്ങിനെ നോക്കുമ്പോള്‍ ദലിത് ക്രൈസ്തവര്‍ക്കും ദലിതര്‍ക്കുള്ള അതേ അവകാശങ്ങള്‍ ആത്യന്തികമായി ലഭ്യമാക്കേണ്ടതാണെന്നുള്ള നിലപാടില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്നതാണ് സമിതിയുടെ നിഗമനം.
പ്രായോഗികമായി അത് എങ്ങിനെ ചെയ്യാന്‍ പറ്റുമെന്നത് ആലോചിക്കേണ്ടതാണ്. ഇത് ഒരു തത്വബോധമെന്ന നിലയിലും ജനാധിപത്യപരമായും മനസ്സിലാക്കിയെടുക്കണം. തത്വത്തില്‍ ആ ജനതയുടെ ജീവിതവും ദലിതരുടെ ജീവിതവും നോക്കുമ്പോള്‍ അവസ്ഥകളില്‍ വ്യത്യാസങ്ങളില്ല. അതുകൊണ്ടുതന്നെ ദലിതരുടെയും ദലിത് ക്രൈസ്തവരുടെയും ജീവിതങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ സാമൂഹികമായി പരിഗണിക്കേണ്ടതില്ല എന്നുള്ളതുകൊണ്ട് ദലിതര്‍ക്ക് കിട്ടുന്ന ഭരണഘടനാ അവകാശങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ദലിത് ക്രൈസ്തവര്‍ക്കും കിട്ടേണ്ടതാണ്.
ഇതൊരു തത്വമെന്ന നിലയില്‍ നമ്മള്‍ അംഗീകരിക്കേണ്ട ഒരു കാര്യമാണ്. ഇത്തരം ഒരു നിലപാട് നമ്മള്‍ എടുക്കുന്നില്ലയെങ്കില്‍ ഒരു വലിയ ജനാവലിയെ നമ്മള്‍ ബലികൊടുക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിനു തുല്യമായിരിക്കും അത്. കാരണം ട്രാന്‍സ് ജെന്റര്‍ അടക്കമുള്ള വിഭാഗത്തിന്റെ നീതിയെക്കുറിച്ച് സംസാരിക്കുന്ന ഒരു പ്രസ്ഥാനം എന്ന നിലയ്ക്ക് ദലിത് ക്രൈസ്തവരുടെ അവകാശത്തെയും അടിവരയിട്ടുതന്നെ ഉറപ്പിക്കേണ്ടതുണ്ട്.
ഇങ്ങനെ ഏതര്‍ത്ഥത്തിലും വിപ്ലവകരമായ ചലോ തിരുവനന്തപുരത്തിലൂടെ ഇവിടത്തെ അടിസ്ഥാന ജനസമൂഹങ്ങള്‍ക്ക് ഭൂമി ഉള്‍പ്പെടെയുള്ള വിഭവങ്ങളില്‍ അധികാരവും ഉടമസ്ഥതയും ലഭിക്കാനും ഭൂമി കേവലമൊരു വാസസ്ഥലം മാത്രമല്ല, അത് ഏതര്‍ത്ഥത്തിലും വിഭവവും അധികാരവും രാഷ്ട്രീയവുമാണെന്നും മനസ്സിലാക്കിക്കൊണ്ടുള്ള ഒരു സമൂഹത്തിന്റെ ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കായി നമുക്കും ഒന്നിക്കാം ചലോ തിരുവനന്തപുരത്തിലൂടെ….
കടപ്പാട്: ഒന്നിപ്പ് മാസിക