| Saturday, 18th April 2015, 2:03 pm

ക്വാറി മാഫിയ ഫാസിസ്റ്റ് രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെ '#ചലോമുതലമട' പ്രതിഷേധ സംഗമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ക്വാറി മാഫിയ ഫാസിസ്റ്റ് രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെ ഏപ്രില്‍ 19 ഞായറാഴ്ച മുതലമടയില്‍ പ്രതിഷേധ സംഗമം. സമരം ചെയ്യുന്നതിനുള്ള ഒരു ജനതയുടെ അവകാശം സംരക്ഷിക്കുന്നതിനായി ക്വാറി സമരങ്ങളുടെ പ്രതിനിധികള്‍, പരിസ്ഥിതി സമരങ്ങളെ നയിക്കുന്നവര്‍, ആദിവാസി ദളിത് സംഘടനകള്‍, വിവിധ സാമൂഹ്യ പ്രസ്ഥാനങ്ങള്‍, യുവതീ യുവാക്കള്‍ തുടങ്ങിയവര്‍ മുതലമടയിലെത്തും.

ഫൈവ് സ്റ്റാര്‍, എവണ്‍, തോംപ്‌സണ്‍ എന്നീ വന്‍കിട ക്വാറികള്‍ക്ക് എതിരെ വര്‍ഷങ്ങളായി സമരം ചെയ്തുകൊണ്ടിരിക്കുന്ന മുതലമടയിലെ സമരപ്രവര്‍ത്തകരെ മാര്‍ച്ച് 25 ന് ക്വാറി മാഫിയ-ബി.ജെ.പി ഗുണ്ടകള്‍ ആക്രമിച്ചിരുന്നു. സാമൂഹിക പ്രവര്‍ത്തകനും പ്ലാച്ചിട സമര ഐക്യദാര്‍ഢ്യ സമിതി ജനറല്‍ കണ്‍വീനറുമായ അറുമുഖന്‍ പത്തിച്ചറ, കണ്ണദാസന്‍, രാജന്‍ മാഷ്, സുമന്‍ തുടങ്ങിയവര്‍ക്ക് നേരെയാണ് ഗുണ്ടാ ആക്രമണമുണ്ടായത്.

ക്വാറി മാഫിയകള്‍ക്ക് വേണ്ടി സംഘപരിവാര്‍ നടത്തിയ ഈ ആക്രമണങ്ങള്‍ക്ക് നേരെ പോലീസ് കാണിച്ച നിഷ്‌ക്രിയത്ത്വത്തെ കൂടി ചോദ്യം ചെയ്തുകൊണ്ട് പിറ്റേ ദിവസം (മാര്‍ച്ച് 26ന്) മുതലമട സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തിയ നാട്ടുകാര്‍ക്കും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സാമൂഹിക പ്രവര്‍ത്തകര്‍ക്കും നേരെ ബി.ജെ.പി ക്വാറി ഗുണ്ടകള്‍ വീണ്ടും അക്രമം അഴിച്ചുവിടുകയാണുണ്ടായത്.

പ്ലാച്ചിമട സമര സമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍, ആദിവാസി സംരക്ഷണ സംഘം നേതാവും ക്വാറി വിരുദ്ധ സമരപ്രവര്‍ത്തകനുമായ നീലിപ്പാറ മാരിയപ്പന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ സംരക്ഷണ മുന്നണി നേതാവ് വിജയന്‍ അമ്പലക്കാടന്‍, പ്ലാച്ചിമട ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ കെ.വി. ബിജു, യൂത്ത്ഡയലോഗ് പ്രവര്‍ത്തകരായ സന്തോഷ്, റംസീന തുടങ്ങിയ പ്രകടനത്തില്‍ പങ്കെടുക്കാന്‍ പുറത്തുനിന്നെത്തിയവര്‍ക്കും നാട്ടുകാരായ സ്ത്രീകള്‍ അടക്കമുള്ള അനേകം സമരപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിനെതിരെയും യാതൊരു നടപടിയും എടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് മുതലമടയിലെ സമരങ്ങള്‍ക്ക് ശക്തമായ പിന്തുണ അറിയിച്ചുകൊണ്ട് പ്രതിഷേധ പ്രകടനം നടക്കുന്നത്.

We use cookies to give you the best possible experience. Learn more