| Sunday, 19th April 2015, 3:12 pm

പ്രകൃതിക്ക് മേലുള്ള ഹിംസയെ ചെറുക്കേണ്ടതുണ്ട്: 'ചലോ മുതലമട' പ്രതിഷേധ സംഗമം

ഡൂള്‍ന്യൂസ് ഡെസ്‌ക്


മുതലമട: പാലക്കാട് മുതലമടയില്‍ ക്വാറി മാഫിയയും സംഘപരിവാര്‍ ഫാസിസ്റ്റുകളും ചേര്‍ന്ന് നടത്തുന്ന പ്രകൃതി ചൂഷണത്തിനും അതിക്രമങ്ങള്‍ക്കുമെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. രാവിലെ 11 മണിക്ക് ആരംഭിച്ച പ്രതിഷേധ പരിപാടികള്‍ക്ക് ഉദ്ഘാടനം നിര്‍വഹിച്ചത് ഏകതാ പരിഷത്ത് ചെയര്‍മാനും ഗാന്ധിയനുമായ പി.വി രാജഗോപാലാണ്.

“നിലവില്‍ രണ്ട് തരം ഹിംസകളാണുള്ളത്. മനുഷ്യന്‍ മനുഷ്യന്റെ നേര്‍ക്ക് പ്രയോഗിക്കുന്നതും  മനുഷ്യന്‍ പ്രകൃതിക്ക് മേല്‍ നടത്തുന്നതും. പ്രകൃതിക്ക് മേലുള്ള മനുഷ്യന്റെ ഹിംസയെ ചെറുത്തില്ലെങ്കില്‍ മനുഷ്യരാശിയുടെ തന്നെ നില നില്‍പിന് ഭീഷണിയാണ ” സമരം് ഉദ്ഘാടനം ചെയ്ത് കൊണ്ട് പി.വി രാജഗോപാല്‍ പറഞ്ഞു.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ആദിവാസി ദലിത് സംഘടനളില്‍ നിന്നുള്ളവര്‍, വിവിധ സാമൂഹിക പ്രസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെല്ലാം മുതലമടയിലെത്തിയിരുന്നു.

നേരത്തെ മുതലമടയിലെ ക്വാറി മാഫിയക്കെതിരെ പ്രതകരിച്ചതിന് പരിസ്ഥിതി പ്രവര്‍ത്തകരായ അറുമുഖന്‍ പത്തിച്ചറ, കണ്ണദാസന്‍, രാജന്‍ മാഷ്, സുമന്‍ എന്നിവരെ ഗുണ്ടകള്‍ ആക്രമിച്ചിരുന്നു.

എന്നാല്‍ ക്വാറി മാഫിയകള്‍ക്ക് വേണ്ടി സംഘപരിവാര്‍ നടത്തിയ ഈ ആക്രമണങ്ങള്‍ക്ക് നേരെ പോലീസ് കാണിച്ച നിഷ്‌ക്രിയത്ത്വത്തെ കൂടി ചോദ്യം ചെയ്തുകൊണ്ട് പിറ്റേ ദിവസം (മാര്‍ച്ച് 26ന്) മുതലമട സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തിയ നാട്ടുകാര്‍ക്കും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സാമൂഹിക പ്രവര്‍ത്തകര്‍ക്കും നേരെ ബി.ജെ.പി ക്വാറി ഗുണ്ടകള്‍ വീണ്ടും അക്രമം അഴിച്ചുവിടുകയാണുണ്ടായത്.

എന്നാല്‍ ഇതിനെതിരെയും യാതൊരു നടപടിയും എടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.  ഈ സാഹചര്യത്തിലാണ് മുതലമടയിലെ സമരങ്ങള്‍ക്ക് ശക്തമായ പിന്തുണ അറിയിച്ചുകൊണ്ട് പ്രതിഷേധ പ്രകടനം നടത്തിയത്.

ഇന്ന് നടന്ന പ്രക്ഷോഭത്തില്‍ പി.എ പൗരന്‍, വിളയോടി വേണുഗോപാല്‍, അമ്പലമുക്ക് വിജയന്‍, കെ.ഇ ദാമോദരന്‍, എന്‍. സുബ്രഹ്മണ്യന്‍, എസ് ബാബുജി, ഇയ്യങ്കോട് ശ്രീധരന്‍, നീളിപ്പാറ മാരിയച്ചന്‍ തുടങ്ങിയവരും പങ്കെടുത്തു.

Latest Stories

We use cookies to give you the best possible experience. Learn more