'യു.പിയിലും കര്‍ഷക മുന്നേറ്റം'; 'ചലോ ലഖ്‌നൗ' മാര്‍ച്ചിനു ഉജ്ജ്വല തുടക്കം; ചിത്രങ്ങളും വീഡിയോയും കാണാം
farmers protest
'യു.പിയിലും കര്‍ഷക മുന്നേറ്റം'; 'ചലോ ലഖ്‌നൗ' മാര്‍ച്ചിനു ഉജ്ജ്വല തുടക്കം; ചിത്രങ്ങളും വീഡിയോയും കാണാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th March 2018, 12:47 pm

ലഖ്നൗ: മഹാരാഷ്ട്ര സര്‍ക്കാരിനെ വിറപ്പിച്ച അഖിലേന്ത്യ കിസാന്‍ സഭയുടെ ലോംഗ് മാര്‍ച്ചിനു പിന്നാലെ യു.പിയിലും കര്‍ഷകരുടെ മഹാപ്രതിഷേധം. കിസാന്‍ സഭ പ്രഖ്യാപിച്ച “ചലോ ലഖ്‌നൗ”വിനു വന്‍ ജന പങ്കാളിത്തമാണ് യു.പിയില്‍ ലഭിക്കുന്നത്. ഗോമതി നദീതീരത്തെ ലക്ഷ്മണ്‍മേള മൈതാനിയിലാണ് ആയിരക്കണക്കിന് കര്‍ഷകര്‍ അണിനിരക്കുന്ന പ്രതിഷേധം നടക്കുന്നത്.

നേരത്തെ രിഫായിയാം ക്ലബ് മൈതാനിയില്‍ നടത്താനിരുന്ന ചലോ ലഖ്‌നൗ മാര്‍ച്ചിനു പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രതിഷേധത്തെത്തുടര്‍ന്ന് ലക്ഷ്മണ്‍മേള മൈതാനിയില്‍ പൊലീസ് അനുമതി നല്‍കുകയും ചെയ്തു. അനുമതി നല്‍കിയില്ലെങ്കില്‍ വിധാന്‍സഭയിലേക്ക് റാലി സംഘടിപ്പിക്കുമെന്ന് കിസാന്‍സഭ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഇതേതുടര്‍ന്നാണ് ലക്ഷ്മണ്‍മേള മൈതാനിയില്‍ റാലിക്ക് അനുമതി നല്‍കിയത്.

റാലി ഗതാഗത തടസ്സം സൃഷ്ടിക്കുമെന്ന വാദമുന്നയിച്ചായിരുന്നു പൊലീസ് അനുമതി നിഷേധിച്ചത്. സുല്‍ത്താന്‍പുര്‍, അലഹബാദ്, വാരാണസി, ഗൊരഖ്പുര്‍, ചന്ദോലി, ലഖിംപുര്‍, ഇറ്റാവ, ബദോലി, കാസ്ഗഞ്ജ് എന്നിവിടങ്ങളില്‍ നിന്ന് കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായി എത്തിക്കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച വൈകിട്ട് ലഖ്‌നൗവില്‍ എത്തിയ കര്‍ഷകര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും ലക്ഷ്മണ്‍മേള മൈതാനിയിലും തമ്പടിച്ചിരിക്കുകയാണ്

അറുപത് ജില്ലകളില്‍ നിന്നുള്ള ഇരുപതിനായിരത്തോളം കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. വിവിധയിടങ്ങളില്‍ നിന്നെത്തുന്ന കര്‍ഷകര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ട് നിവേദനം കൈമാറും.

ഉല്‍പന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില നല്‍കുക, കടങ്ങള്‍ ഉപാധിരഹിതമായി എഴുതിതള്ളുക, വൈദ്യുതി നിരക്ക് വര്‍ധനയും വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍കരണവും അവസാനിപ്പിക്കുക, കന്നുകാലികളെ വാങ്ങാനും വില്‍ക്കാനുമുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കുക, 60 കഴിഞ്ഞ കര്‍ഷകര്‍ക്ക് 5000 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിക്കുക, അഴിമതിയും വിലക്കയറ്റവും തടയുക, വര്‍ഗീയ രാഷ്ട്രീയം അവസാനിപ്പിക്കുക, ജനാധിപത്യാവകാശങ്ങള്‍ക്കെതിരായ കടന്നുകയറ്റം നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷക റാലി.

കിസാന്‍സഭ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്ളെ, ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ള, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും.