ലഖ്നൗ: ബി.ജെ.പി സര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജസ്ഥാനിലും മഹാരാഷ്ട്രയിലും അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിന് പിന്നാലെ യു.പിയിലും കര്‍ഷകരുടെ സമരം ശക്തമാക്കാനൊരുങ്ങുന്നു. വരുംദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി സമരവും സെക്രട്ടറിയേറ്റ് ഉപരോധവും നടത്തുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ ഉത്തര്‍ പ്രദേശ് സെക്രട്ടറി മുകുത് സിംഗ് അറിയിച്ചു.
കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിയെ കണ്ടു നിവേദനം സമര്‍പ്പിക്കാന്‍ കിസാന്‍ സഭ നേതാക്കള്‍ക്ക് സമയം അനുവദിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യ നാഥ് തയ്യാറായില്ല. കര്‍ഷകരുടെ നിവേദനത്തേയോ ആവശ്യങ്ങളേയോ മുഖവിലക്കെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് വരുംദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ അറിയിച്ചത്.
ഗോമതി നദീതീരത്തെ ലക്ഷ്മണ്‍മേള മൈതാനിയില്‍ രാവിലെ തുടങ്ങിയ “ചലോ ലഖ്നൗ” പ്രതിഷേധ സംഗമത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. രാവിലെ 9 മണിക്ക് റൈഫിള്‍ ക്ലബ് പരിസരത്തു നിന്ന് ആരംഭിക്കാനിരുന്ന കര്‍ഷക റാലിക്ക് യൂപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. അനുമതി നല്‍കിയില്ലെങ്കില്‍ വിധാന്‍സഭയിലേക്ക് റാലി സംഘടിപ്പിക്കുമെന്ന് കിസാന്‍സഭ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഇതേതുടര്‍ന്നാണ് ലക്ഷ്മണ്‍മേള മൈതാനിയില്‍ റാലിക്ക് അനുമതി നല്‍കിയത്.
എന്തൊക്കെ വന്നാലും പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് കിസാന്‍ സഭ അധ്യക്ഷന്‍ അശോക് ധവളെ പറഞ്ഞു. ദേശിയ ജനറല്‍ സെക്രട്ടറി ഹനാന്‍ മുള്ള , സിപിഎം പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലി , സംസ്ഥാന പ്രസിഡണ്ട് ഭാരത് സിങ് ,സെക്രട്ടറി മുകുത് സിങ് എന്നിവര്‍ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍
കന്നുകാലികളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിബന്ധനകളും എടുത്തുകളയണം.
അലഞ്ഞുതിരിയുന്ന നാല്‍കാലികള്‍ വിളകള്‍ നശിപ്പിക്കുന്നതില്‍ നിന്ന് സംരക്ഷണം നല്‍കണം.
കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം, ദരിദ്രകര്‍ഷകര്‍ക്ക് പ്രതിമാസം 5,000 രൂപ പെന്‍ഷന്‍ നല്‍കണം.
അന്യായമായി കര്‍ഷകര്‍ക്ക് വര്‍ധിപ്പിച്ച വൈദ്യുതി താരിഫ് പിന്‍വലിക്കണം.
കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളണം.
ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണം.
കീടങ്ങള്‍ കാരണം കൃഷിനശിച്ചവര്‍ക്ക് ധനസഹായം നല്‍കണം.
എം.എസ്.സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം വിളകള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില നല്‍കണം.
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കുകയും നടപ്പിലാക്കുകയും വേണം.