| Tuesday, 13th March 2018, 1:05 pm

'ഇനി യോഗിയുടെ യു.പിയില്‍'; ലോംഗ് മാര്‍ച്ചിനു പിന്നാലെ 'ചലോ ലഖ്‌നൗ'വുമായി കിസാന്‍ സഭ; കര്‍ഷക റാലി 15 ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഇന്ത്യന്‍ കര്‍ഷക സമര ചരിത്രത്തില്‍ പുതിയ ഏടായ മഹാരാഷ്ട്രയിലെ ലോംഗ് മാര്‍ച്ചിനു പിന്നാലെ യു.പിയിലും കര്‍ഷക മാര്‍ച്ചിനൊരുങ്ങി അഖിലേന്ത്യാ കിസാന്‍സഭ. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ കിസാന്‍സഭയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 15നു കര്‍ഷകര്‍ ലഖ്‌നൗവിലേക്കാണ് മാര്‍ച്ച് ചെയ്യുക.

“ചലോ ലഖ്‌നൗ” എന്ന പേരിട്ടു സംഘടിപ്പിയ്ക്കുന്ന റാലിയുടെ പ്രചരണം പുരോഗമിക്കുകയാണ്. ഉല്‍പന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില നല്‍കുക, കടങ്ങള്‍ ഉപാധിരഹിതമായി എഴുതിതള്ളുക, വൈദ്യുതി നിരക്ക് വര്‍ധനയും വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍കരണവും അവസാനിപ്പിക്കുക, കന്നുകാലികളെ വാങ്ങാനും വില്‍ക്കാനുമുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കുക, 60 കഴിഞ്ഞ കര്‍ഷകര്‍ക്ക് 5000 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിക്കുക, അഴിമതിയും വിലക്കയറ്റവും തടയുക, വര്‍ഗീയ രാഷ്ട്രീയം അവസാനിപ്പിക്കുക, ജനാധിപത്യാവകാശങ്ങള്‍ക്കെതിരായ കടന്നുകയറ്റം നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷക റാലി.


Also Read: ആദായ നികുതി വിവരങ്ങള്‍ മറച്ചുവെച്ച് വി. മുരളീധരന്റെ സത്യവാങ്മൂലം: രേഖകള്‍ പുറത്ത്; പത്രിക തള്ളിയേക്കും


മഹാരാഷ്ട്രയില്‍ കിസാന്‍സഭ നടത്തിയ കര്‍ഷക റാലി വന്‍ വിജയമായതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശിലേക്കും കര്‍ഷക പ്രക്ഷോഭം വ്യാപിപ്പിക്കുന്നത്. ഈ മാസം ആറാം തീയ്യതിയാണ് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നും കര്‍ഷകര്‍ ലോംഗ് മാര്‍ച്ച് ആരംഭിക്കുന്നത്. ആദ്യമൊന്നും മുഖ്യധാര മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യാതിരുന്ന മാര്‍ച്ചും പ്രക്ഷോഭവും പിന്നീട് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്നതിനാണ് അഞ്ച് ദിവസങ്ങള്‍ക്കിപ്പുറം രാജ്യം സാക്ഷ്യം വഹിച്ചത്.

200 കിലോമീറ്ററുകള്‍ താണ്ടിയാണ് വൃദ്ധരും സ്ത്രീകളുമടങ്ങുന്ന ലക്ഷം ജനത മുംബൈയിലേക്ക് മാര്‍ച്ച് ചെയ്തത്. ഇന്നലെ വൈകീട്ടോടെ മുംബൈ നഗരത്തില്‍ പ്രവേശിച്ച മാര്‍ച്ചിനെ നഗരവാസികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. നഗരത്തിലേക്ക് പ്രവേശിച്ച ലോങ്മാര്‍ച്ചിനെ പാതക്കിരുവശവും നിന്ന് അഭിവാദ്യം ചെയ്താണ് മുംബൈ നിവാസികള്‍ സ്വീകരിച്ചത്.


Dont Miss: ‘അവരെ കളിക്കാന്‍ അനുവദിക്കൂ’; ഇന്ത്യന്‍ താരങ്ങളെ ശ്രീലങ്കന്‍ ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ബി.സി.സിഐയോട് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്


ഇന്നലെ വൈകുന്നേരത്തോടെ സമരക്കാര്‍ ഉന്നയിച്ച ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നതോടെയാണ് സമരം അവസാനിക്കുന്നത്. ആദിവാസികളുടെ ഭൂമി പ്രശ്‌നം അടിയന്തരമായി പരിഗണിക്കാമെന്നും വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആറുമാസത്തിനകം സര്‍ക്കാര്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഫട്‌നാവിസ് കര്‍ഷക നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

യുപിയില്‍ നടക്കുന്ന റാലിയെ അഭിവാദ്യംചെയ്ത് കിസാന്‍സഭ അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവ്‌ലെ, ജനറല്‍ സെക്രട്ടറി ഹന്നന്‍മുള്ള, സി.പി.ഐ.എം പി.ബി അംഗം സുഭാഷിണി അലി തുടങ്ങിയവരാകും സംസാരിക്കുക.

We use cookies to give you the best possible experience. Learn more