| Saturday, 16th September 2023, 11:06 am

ജാതി വിവേചനത്തെ എതിർക്കുന്നത് സനാതന ധർമത്തിന് എതിരല്ല, എന്നാൽ അത് മാത്രമല്ല സനാതനം: റാം മാധവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ജാതിവ്യവസ്ഥയെ എതിർക്കുന്നത് ഒരിക്കലും ഹിന്ദുമതത്തിന് എതിരല്ലെന്നും എന്നാൽ അതുപയോഗിച്ച് സനാതന ധർമത്തെ പൂർണമായും പൈശാചികവത്കരിക്കുന്നത് അജ്ഞതയാണെന്നും ആർ.എസ്.എസ് നേതാവും എഴുത്തുകാരനുമായ റാം മാധവ്. കാലാനുസൃതമായി സനാതന ധർമത്തിലെ അനുഷ്ഠാനങ്ങൾ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ടെന്നും അദ്ദേഹം ദി ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

‘ജാതിവ്യവസ്ഥയെ എതിർക്കുന്നത് ഒരിക്കലും ഹിന്ദുമതത്തിന് എതിരല്ല. എന്നാൽ അത് ഉപയോഗിച്ച് ധർമ വ്യവസ്ഥയെ മുഴുവനായി പൈശാചികവത്കരിക്കുന്നത് അജ്ഞതയാണ്. സനാതന ധർമത്തിലെ ആചാരങ്ങളും ജാതിവ്യവസ്ഥയും കാലാനുസൃതമായി വിമർശനങ്ങളും സംഘർഷങ്ങളും നേരിട്ടിട്ടുണ്ട്.

ബുദ്ധനും ചർവാകയും സനാതന ധർമത്തിന്റെ ആചാര രീതികൾക്കെതിരെ ആദ്യ കാല കലാപം നയിച്ചവരാണ്. പിന്നീടുള്ള നൂറ്റാണ്ടുകളിൽ ഇത് നവോത്ഥാന മുന്നേറ്റങ്ങളിലേക്ക് നയിച്ചു. ചരിത്രപരമായി ജാതിവ്യവസ്ഥിതി നിരന്തരമുള്ള വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. അയിത്തം പോലുള്ള ദുരാചാരങ്ങൾക്കെതിരെ മുന്നേറ്റങ്ങളും ഉണ്ടായിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

എന്നാൽ പുരാതന കാലത്ത് ജന്മം കൊണ്ടുള്ള വിഭജനം അംഗീകരിച്ചിട്ടുണ്ടായിരുന്നില്ലെന്ന് റാം മാധവ് തന്റെ ലേഖനത്തിൽ പറഞ്ഞു.
‘സാമൂഹ്യ സംഘടനക്ക് ആധാരം അറിവാണെന്ന് മാധവാചാര്യരുടെ ശങ്കര ദിഗ്വിജയയിൽ പറയുന്നു. ജന്മം കൊണ്ട് എല്ലാരും ശൂദ്രരാണ്. പ്രവർത്തിയിലൂടെ മനുഷ്യർ വീണ്ടും ജനിച്ച് ദ്വിജയാകുന്നു. വേദങ്ങൾ വായിച്ച് വിപ്രയും ദൈവത്തിനെ കുറിച്ചുള്ള അറിവ് നേടിക്കൊണ്ട് ബ്രഹ്മണനും ആകുന്നു,’ അദ്ദേഹം പറഞ്ഞു.

പിറവിയിൽ അധിഷ്ഠിതമായ ജാതീയത വർണ വ്യവസ്ഥക്ക് വിരുദ്ധമാണെന്നും അംബേദ്കർ മാത്രമല്ല, സവർക്കറും അതിനെ എതിർത്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
‘ഹിന്ദുസ്ഥാനിലെ വിദേശ ഭരണത്തോട് മാത്രമല്ല, ഹിന്ദുസ്ഥാനിലെ ജാതീയതയും അയിത്തവും ഞാൻ എതിർക്കണം എന്ന് അദ്ദേഹം ആൻഡമാനിലെ ജയിലിൽ നിന്ന് എഴുതി,’ റാം മാധവ് പറഞ്ഞു.

ആഗോള തലത്തിൽ തന്നെ സനാതനത്തോടുള്ള വിദ്വേഷമാണ് ഇപ്പോൾ ഭാരതത്തിൽ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘സനാതന ധർമത്തോടുള്ള ശത്രുതയും വിനാശകരവും നിന്ദ്യവുമായ മനോഭാവവുമാണ് ഹിന്ദു അല്ലെങ്കിൽ സനാതന ഫോബിയ. ഇത് ആഗോള തലത്തിൽ തന്നെ തലയുയർത്തി നിൽക്കുന്നു. ഭാരതത്തിന്റെ പൊതുജീവിതത്തിൽ ഹൈന്ദവതയുടെ സ്വാധീനം വർധിച്ചു വരുമ്പോൾ, വിമർശകർ 2021ൽ ആഗോള ഹിന്ദുത്വ കോൺഫറൻസ് തകർക്കുന്നത് പോലെയുള്ള ഹിന്ദുവിരുദ്ധ ആക്രമണങ്ങൾ അഴിച്ചുവിടുകയാണ്.

ബ്രിട്ടീഷ് കോളനിവത്കരണത്തിന്റെ വക്താക്കളാണ് ഹിന്ദു സംവിധാനത്തെ മനഃപൂർവം തെറ്റിദ്ധരിപ്പിച്ചത്. സനാതന ധർമം വിനാശകരമാണെന്നും നമ്മുടെ വംശത്തിന്റെ ബൗദ്ധികതയ്ക്ക് യോജിച്ചതല്ലെന്നുമാണ് ബ്രിട്ടീഷ് പണ്ഡിതൻ തോമസ് ബാബിങ്ടൺ മക്കാളെ പറഞ്ഞത്.

ദ്രാവിഡ ആക്ടിവിസ്റ്റുകളും മക്കാളെയുടെ ചിന്ത തന്നെയാണ് പിന്തുടരുന്നത്. ഇന്നത്തെ ജാതിവ്യവസ്ഥയിലേക്ക് അവർ സനാതന ധർമത്തെ ചുരുക്കാൻ നോക്കുന്നു. എന്നിട്ട് ലോകത്തിലെ മൂന്നാമത്തെ വലിയ മതവിഭാഗത്തിന്റെ ജീവവായുവിനെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്യുന്നു.

ഭാരതത്തിലും ഇത്തരം രീതികൾ ഇപ്പോൾ നമ്മൾ കാണുന്നു. സനാതന ധർമത്തെയും ഹിന്ദുമതത്തെയും മലേറിയയോടും ഡെങ്കിയോടും ഉപമിക്കുകയും അതിനെ ഉന്മൂലനം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതിലൂടെ ഹിന്ദുവിരുദ്ധതയുടെ വൃത്തികെട്ട മുഖമാണ് പുറത്തുകൊണ്ട് വരുന്നത്.

ഈ ഹിന്ദുവിരുദ്ധർക്ക് സനാതന ധർമത്തെ കുറിച്ച് കൃത്യമായ ധാരണയില്ല. അവരുടെ നേതാക്കൾ ഉണ്ടാക്കിയെടുത്ത തെറ്റായ തത്വങ്ങൾ അടിസ്ഥാനമാക്കി അവർ വിദ്വേഷം പ്രചരിപ്പിക്കുകയാണ്. വിദേശിയായ ആനി ബസന്റിനെ പോലെയുള്ളവർ മികച്ചതെന്നും ശാസ്ത്രീയമെന്നും ആത്മീയമെന്നും വിവരിച്ച സനാതന ധർമത്തെയാണ് ഇവർ പരുഷവും അടിച്ചമർത്തുന്നതും മനുഷ്യതരഹിതമെന്നും പറയുന്നത്,’ റാം മാധവ് പറഞ്ഞു.

അതേസമയം, ആളുകളെ തരംതിരിക്കുന്ന രീതി ഇന്ത്യയിൽ മാത്രമുള്ളതല്ലെന്നും മധ്യകാല യൂറോപ്പിലും പുരാതന ഇറാനിലും ഇത്തരം തരംതിരിവുകൾ നിലനിന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Challenging caste hierarchy is necessary. But using it to demonise Sanatan Dharma is ignorance, says Ram Madhav

Latest Stories

We use cookies to give you the best possible experience. Learn more