കോഴിക്കോട്: സമകാലീന ഇന്ത്യയനുഭവിക്കുന്ന രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികളും സങ്കീര്‍ണതകളും വിഷയമാക്കി കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് സേവ് ഇന്ത്യ ഫോറം ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 16 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2.30നാണ് സെമിനാര്‍ ആരംഭിക്കുക.
കുത്തക കമ്പനികള്‍ക്ക് പിന്തുണ നല്‍കുകയും കോടിക്കണക്കിന് ജനങ്ങളെ നരകതുല്യ ജീവിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സാമ്പത്തിക നയത്തോടും. വര്‍ഗ്ഗീയ കലാപങ്ങളിലൂടെ ന്യൂനപക്ഷങ്ങളില്‍ ഭീതിവിതയ്ക്കുകയും വിദ്യാഭ്യാസത്തേയും ചരിത്രത്തേയും കാവിപുതപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഭരണകൂടത്തേയും വെല്ലുവിളിച്ചുകൊണ്ടാണ് സേവ് ഇന്ത്യ ഫോറം ഇത്തരത്തില്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നത്.
ടീസ്റ്റ സെത്തല്‍വാദ്, രാം പുനിയാനി, ജോണ്‍ ദയാല്‍, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ഡോ ഫസല്‍ ഗഫൂര്‍, പ്രൊഫസര്‍ പി. കോയ എന്നിവര്‍ സെമിനാറില്‍ സംസാരിക്കും. രാം പുനിയാനിയുടെ മൂന്ന് പുസ്തകങ്ങള്‍ പരിപാടിയില്‍ പ്രകാശനം ചെയ്യുന്നുണ്ട്. ഗോപാല്‍ മേനോന്‍ തയ്യാറാക്കിയ അണ്‍ഹോളി വാര്‍ എന്ന ഡോക്യുമെന്ററി സെമിനാറില്‍ പ്രദര്‍ശിപ്പിക്കും.