ചാമ്പ്യന്‍സ് ട്രോഫിയുടെ ആരവം കെട്ടടങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് ഐ.പി.എല്ലിന്റെ പുതിയ സീസണിന് വേണ്ടിയാണ്. മാര്‍ച്ച് 22ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
മാര്‍ച്ച് 23നാണ് ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. മുന്‍ ചാമ്പ്യന്‍മാരും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുമായ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.
ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെ രാജസ്ഥാന്റെ എല്ലാ താരങ്ങളും കരുത്തരായ സണ്‍റൈസേഴ്സിനെ നേരിടാന്‍ വലിയ തയ്യാറെടുപ്പിലാണ്. എന്നാല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് തങ്ങളുടെ ക്യാപ്റ്റന്‍ സഞ്ജു ആദ്യ മൂന്ന് മത്സരങ്ങളില്‍ ക്യാപ്റ്റനായി ടീമിന്റെ കൂടെ ഉണ്ടാകില്ലെന്ന് റോയല്‍സിന്റെ മാനേജ്‌മെന്റ് അറിയിച്ചത്.
ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ പ്യുവര്‍ ബാറ്റര്‍ റോളിലാണ് ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പയില്‍ കൈവിരലിന് പരിക്ക് പറ്റിയ സഞ്ജുവിന് ആറ് ആഴ്ചയോളം വിശ്രമം വേണമെന്ന് മെഡിക്കല്‍ ടീം പറഞ്ഞിരുന്നു. എന്നാല്‍ രാജസ്ഥാന്‍ ക്യാമ്പില്‍ തിരിച്ചെത്തിയതോടെ സഞ്ജു പൂര്‍ണമായി ഫിറ്റാണെന്ന് കരുതിയെങ്കിലും വിക്കറ്റ് കീപ്പിങ്ങിനും ഫീല്‍ഡിങ്ങിനും സഞ്ജുവിന് ഫിറ്റ്നസ് അനുമതി ലഭിച്ചിട്ടില്ലെന്നാണ് റോയല്‍സിന്റെ മാനേജ്മെന്റാണ് അറിയിച്ചത്.
എന്നിരുന്നാലും സഞ്ജു ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കുമെന്നും ഫ്രാഞ്ചൈസി പറഞ്ഞു. ഇതോടെ യുവ താരവും മധ്യനിര ബാറ്ററുമായ റിയാന്‍ പരാഗിനെയാണ് രാജസ്ഥാന്‍ മൂന്ന് മത്സരങ്ങള്‍ക്കുള്ള ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.
സീസണിലെ ആദ്യ മത്സരം മാര്‍ച്ച് 23ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനോടും രണ്ടാം മത്സരം 26ന്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുമെതിരെയാണ്. മാത്രമല്ല ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മൂന്നാം മത്സരം 30നും നടക്കും. വമ്പന്‍ ടീമുകളോട് ഏറ്റുമുട്ടാനിരിക്കുമ്പോള്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയുടെ അഭാവം ടീമിനെ അലട്ടുമെന്നത് ഉറപ്പാണ്. മാത്രമല്ല ആഭ്യന്തരമത്സരത്തില്‍ അസം ടീമിന്റെ ക്യാപറ്റന്‍ എന്ന പരിചയം മാത്രമുള്ള റിയാന്‍ പരാഗിന് ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിക്കുമോ എന്നത് വലിയ ആശങ്കയാണ്. സഞ്ജുവിന്റെ വിടവില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ധ്രുവ് ജുറെല്‍ തന്റെ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്.
ഇതിനെല്ലാം പുറമെ വെല്ലുവിളികളുടെ ഒരു നീണ്ട നിരതന്നെയാണ് രാജസ്ഥാന്‍ റോയല്‍സിനെ കാത്തിരിക്കുന്നത്. മെഗാ താര ലേലത്തില്‍ തങ്ങളുടെ പ്രധാന താരങ്ങളെ വിട്ടുകൊടുത്ത് അടിമുടി മാറ്റം വരുത്തിയ സ്‌ക്വാഡുമായാണ് രാജസ്ഥാന്‍ ഇത്തവണ കളത്തിലിറങ്ങുന്നത്.
യുവതാരങ്ങളെ മുന്‍ നിര്‍ത്തി പരീക്ഷണങ്ങള്‍ നടത്താന്‍ ഒട്ടും മടി കാണിക്കാത്ത രാജസ്ഥാന്‍ ഹൈദരബാദിനോട് ഏറ്റുമുട്ടുമ്പോള്‍ അനുഭവസമ്പത്തുള്ള താരങ്ങളുടെ അഭാവം വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ബാറ്റിങ് യൂണിറ്റില്‍ രാജസ്ഥാന്‍ നിലനിര്‍ത്തിയ ഏക വിദേശ താരം ഷിംറോണ്‍ ഹെറ്റ്മയറാണ്. എന്നാല്‍ ബാറ്റിങ്ങിന് പ്രാധാന്യം നല്‍കി ഒരു താരത്തെ തെരഞ്ഞെടുക്കാനോ നിലനിര്‍ത്താനോ രാജസ്ഥാന് സാധിച്ചില്ല.
ഓപ്പണിങ് ജോഡികളായി സഞ്ജു സാംസണും യശസ്വി ജെയ്സ്വാളും ഇറങ്ങുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ ടോപ് ഓര്‍ഡറില്‍ എതിരാളികളെ വിറപ്പിക്കാന്‍ കഴിയുന്ന ഒരു വിദേശ താരവുമില്ലെന്നത് രാജസ്ഥാനെ സംബന്ധിച്ച് വലിയ തലവേദനയാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ കഴിഞ്ഞ സീസണില്‍ ടീമിന് വേണ്ടി ഓപ്പണ്‍ ചെയ്ത അപകടകാരിയായ ബാറ്റര്‍ ജോസ് ബട്‌ലറിന്റെ വിടവ് രാജസ്ഥാന് നികത്താന്‍ സാധിക്കുമോ എന്നത് വലിയ ചോദ്യ ചിഹ്നമാണ്.
ഹെറ്റ്മയറിറെ മാറ്റിനിര്‍ത്തിയാല്‍ രാജസ്ഥാന്‍ സ്വന്തമാക്കിയ ജോഫ്ര ആര്‍ച്ചര്‍ (12.5 കോടി), വനിന്ദു ഹസരങ്ക (5.25), മഹീഷ് തീക്ഷണ (4.40 കോടി), ഫസല്‍ ഹഖ് ഫറൂഖി (2 കോടി), ക്വേന മഫാക്ക (1.5 കോടി) എന്നിവര്‍ ബൗളിങ്ങിലാണ് മുന്‍തൂക്കം അര്‍ഹിക്കുന്നത്. സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ടീം ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഇല്ലെന്നത് എടുത്തുപറയേണ്ടതാണ്.
മാത്രമല്ല ഇക്കൂട്ടത്തില്‍ മികച്ച ഓള്‍റൗണ്ടര്‍മാരുടെ വിടവും രാജസ്ഥാന് മറികടക്കാന്‍ സാധിക്കുമോ എന്നത് വലിയ ആശങ്കയാണ്. വാനിന്ദു ഹസരങ്കയും വൈഭവ് സൂര്യവംശിയും മാത്രമാണ് ടീമിന്റെ ഓള്‍റൗണ്ടര്‍മാരായുള്ളത്. രാജസ്ഥാന്റെ മധ്യനിര തകര്‍ന്നാല്‍ ബാറ്റിങ്ങില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കുന്ന താരങ്ങളുടെ കാര്യത്തിലും സംശയമാണ്.
ബൗളിങ്ങില്‍ ആര്‍ച്ചറിലും സന്ദീപ് ശര്‍മയിലും രാജസ്ഥാന്‍ വിശ്വസിക്കുമ്പോള്‍ ഓപ്പണിങ് ബൗളിങ് അറ്റാക്കില്‍ ട്രെന്റ് ബോള്‍ട്ടിനെപ്പോലെ ഒരു താരത്തിന്റെ നഷ്ടവും രാജസ്ഥാന്‍ സഹിക്കേണ്ടി വരും. ടീമില്‍ തെരഞ്ഞടുത്ത പുതിയ താരങ്ങളായ തുഷാര്‍ ദേശ്പാണ്ഡെ, ആകാശ് മധ്‌വാള്‍, അശോക് ശര്‍മ തുടങ്ങിയ താരങ്ങളെ എങ്ങനെ ഉപയോഗിക്കിമെന്നതും കണ്ടറിയണം. നെഗറ്റീവുകള്‍ ഉണ്ടെങ്കിലും മികവ് പുലര്‍ത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സഞ്ജുവും കൂട്ടരും.
കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളും വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട ടീമുമാണ് ഹൈദരബാദ്. ഇത്തവണയും ടീം കരുത്തുള്ള സ്‌ക്വാഡാണ് തെരഞ്ഞെടുത്തത്. അഗ്രസീവ് ബാറ്റിങ്ങിന് പേര് കേട്ട പ്രകടനം കാഴ്ചവെക്കുന്ന അഭിഷേക് ശര്‍മയും അപകടകാരിയായ ട്രാവിസ് ഹെഡ്ഡും ചേരുമ്പോള്‍ കഴിഞ്ഞ സീസണിലേത് പോലെ തങ്ങളുടെ എതിരാളികള്‍ ആരായലും ഒന്ന് ഭയക്കുമെന്നത് ഉറപ്പാണ്. ആദ്യ മത്സരത്തില്‍ രാജസ്ഥാനെതിരെ വലിയ വെല്ലുവിളിയുയര്‍ത്താന്‍ ഇരുവര്‍ക്കും സാധിക്കുമെന്നതില്‍ സംശമില്ല.
മാത്രമല്ല മുംബൈ ഇന്ത്യന്‍സ് വിട്ടയച്ച മിന്നും ബാറ്റര്‍ ഇഷാന്‍ കിഷനും തകര്‍പ്പന്‍ പ്രകടനമാണ് പരിശീലനത്തില്‍ കാഴ്ചവെക്കുന്നത്. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ ടീമിന്റെ കേന്ദ്ര കരാറില്‍ നിന്ന് പുറത്തായ കിഷന്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇത്തവണ സണ്‍റൈസേഴ്സിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാണ് കിഷന്‍ ലക്ഷ്യം വെക്കുന്നത്.
മധ്യനിരയില്‍ ബാറ്റിങ്ങിന് കരുത്ത് നല്‍കാനും ബൗളിങ്ങില്‍ മികവ് പുലര്‍ത്താനും സാധിക്കുന്ന മികച്ച ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ സേവനവും ഹൈദരബാദിന് തുണയാണ്. സൗത്ത് ആഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റര്‍ ഹെന്റിക് ക്ലാസന്റെ മികവ് പറയാതെ തന്നെ ക്രിക്കറ്റ് ലോകം അറിഞ്ഞതാണ്. മികച്ച അനുഭവസമ്പത്തുള്ള ക്ലാസന്‍ ടീമിനെ മധ്യനിരയില്‍ സഹായിക്കുമെന്നത് ഉറപ്പാണ്. മലയാളി താരം സച്ചിന്‍ ബേബിയും അഭിനവ് മനോഹറും ടീമിന്റെ മറ്റ് ഓപ്ഷനുകളാണ്.
ബൗളിങ് യൂണിറ്റിനെ ശക്തിപ്പെടുത്താന്‍ പാറ്റ് കമ്മിന്‍സ് എന്ന തന്ത്രപ്രധാനിയായ ക്യാപ്റ്റനുമുള്ളപ്പോള്‍ ഹൈദരാബാദ് എന്തിനെയാണ് ഭയക്കേണ്ടത്. തന്റെ ഐ.പി.എല്ലിലെ അരങ്ങേറ്റ സീസണില്‍ തന്നെ ടീമിനെ ഫൈനലില്‍ എത്തിക്കാന്‍ കഴിഞ്ഞ ക്യാപ്റ്റനാണ് കമ്മിന്‍സ്. ബൗളിങ്ങും, ആവശ്യം വന്നാല്‍ ബാറ്റിങ്ങും വശമുള്ള ഓസ്ട്രേലിയന്‍ കരുത്ത് ഹൈദരാബാദിന്റെ വലിയ പോസിറ്റീവാണ്.
മാത്രമല്ല പരിക്കിന് ശേഷം തിരിച്ചെത്തിയ ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ മുഹമ്മദ് ഷമിയും മികച്ച ഫോമിലാണ്. സ്പിന്‍ ബൗളിങ്ങില്‍ ആദം സാംപ, രാഹുല്‍ ചഹര്‍ എന്നിവര്‍ എപ്പോള്‍ വേണമെങ്കിലും ഫോമിലെത്താന്‍ സാധ്യതയുള്ള താരങ്ങളാണ്. ഓവറോള്‍ വമ്പന്‍ സക്വാഡ് തന്നെയാണ് ഹൈദരബാദിന്റേതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ പറയാവുന്നതാണ്. വമ്പന്‍മാരെ മറികടന്ന് പരാഗിന്റെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന്‍ തങ്ങളുടെ ആദ്യ വിജയം നേടുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്.
Content Highlight: Challenges Of Rajasthan Royals In 2025 IPL