റാഞ്ചി/ധന്‍ബാദ്: ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിക്കപ്പെട്ട് 19 വര്‍ഷം പിന്നിട്ടിരിക്കുന്നു. ആദ്യമായാണ് ഒരു ആദിവാസി ഇതര നേതാവ് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നത്, രഘുബര്‍ ദാസ്. പക്ഷേ ഇത്തവണ അദ്ദേഹത്തിനു കാര്യങ്ങള്‍ അത്ര എളുപ്പമല്ല.
ഭരണവിരുദ്ധ വികാരത്തിനപ്പുറത്ത്, ബി.ജെ.പിയിലുള്ള വിഭാഗീയതയാണ് രഘുബര്‍ ദാസിനെ പ്രതിസന്ധിയിലാക്കുന്നത്. മാത്രമല്ല, സംസ്ഥാനത്തെ ഏറ്റവും വലിയ വോട്ടുബാങ്കായ ആദിവാസി വിഭാഗവും ദാസിന്റെ രണ്ടാം വരവിനെ എതിര്‍ക്കുന്നുണ്ട്.
അതിന്റെ പ്രധാനകാരണമായി അവര്‍ ഉന്നയിക്കുന്നത് ഇതാണ്. മുഖ്യമന്ത്രിയെ അത്ര പെട്ടെന്നൊന്നും സമീപിക്കാനാവില്ല. അദ്ദേഹത്തിനു ധാര്‍ഷ്ട്യമാണ്. ഇതാണ് ഇപ്പോള്‍ ജാര്‍ഖണ്ഡില്‍ ചെന്നുകഴിഞ്ഞാല്‍ കേള്‍ക്കാനാകുന്ന മുദ്രാവാക്യം.
ഇതേ കാര്യം തന്നെയാണ് പാര്‍ട്ടി നേതാക്കള്‍ക്കും പറയാനുള്ളത്. ദാസിന്റെ ധാര്‍ഷ്ട്യം തങ്ങളെ ബാധിക്കുന്നതായി പല നേതാക്കളും ഇതിനകം തന്നെ പരാതിപ്പെട്ടുകഴിഞ്ഞു. തീരുമാനങ്ങളെടുക്കുമ്പോള്‍ പാര്‍ട്ടിയിലെ മറ്റാരുമായും ആലോചിക്കില്ലെന്നും തങ്ങളോടു വളരെ മോശമായാണു സംസാരിക്കുന്നതെന്നും ഒരു സംസ്ഥാന നേതാവ് പറഞ്ഞതായി ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു.
‘അദ്ദേഹത്തെ കാണുക എന്നത് അത്ര എളുപ്പമല്ല. പലപ്പോഴും ഞങ്ങളെ അദ്ദേഹം അപമാനിച്ചിട്ടുണ്ട്. ജനപ്രിയനല്ലാതിരുന്നിട്ടുകൂടി, എവിടെയെങ്കിലും പോകുമ്പോള്‍ മറ്റു നേതാക്കളെ അദ്ദേഹം കൂടെക്കൊണ്ടുപോകില്ല.’- നേതാവ് പറഞ്ഞു.
സംസ്ഥാനത്തു വികസനമെന്ന സാധ്യതയും ദാസ് ഉപയോഗിച്ചില്ലെന്ന് ആരോപണമുണ്ട്. നിക്ഷേപക സമ്മേളനം നടത്തിയതല്ലാതെ, നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റാഞ്ചി സെന്റ് സേവ്യേഴ്‌സ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവന്‍ ബി.കെ സിന്‍ഹ പറയുന്നു.
സ്മാര്‍ട്ട് സിറ്റിയായി റാഞ്ചി മാറിയെങ്കിലും ഇപ്പോളും ട്രാഫിക് സാഹചര്യം വളരെ മോശമാണെന്നും മാലിന്യപ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നും ഹാടിയ നിവാസിയായ ദ്വാരക പ്രസാദ് ആരോപിക്കുന്നു.
തന്റെ പ്രിയപ്പെട്ടവര്‍ക്കും മറ്റ് പാര്‍ട്ടികളില്‍ നിന്നെത്തിയവര്‍ക്കുമാണ് ദാസ് ടിക്കറ്റ് നല്‍കിയതെന്നാണ് ആരോപണം. കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടെയുടെ വിശ്വസ്തര്‍ക്കും ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടിരുന്നു. ‘ബി.ജെ.പി വേര്‍സസ് ബി.ജെ.പി’ എന്നാണ് ഒരു ബി.ജെ.പി നേതാവ് ഇതിനെ വിശേഷിപ്പിച്ചത്.
ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ദാസ് മത്സരിക്കുന്ന ജംഷേദ്പുര്‍ ഈസ്റ്റില്‍ നിന്ന് വിമത സ്ഥാനാര്‍ഥിയായി സരയൂ റോയി മത്സരിക്കുന്നത് ഇതിനുദാഹരണമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെയും പിന്തുണയുള്ളതുകൊണ്ടാണ് ദാസ് ഇങ്ങനെ പെരുമാറുന്നതെന്നാണ് പലരും കരുതുന്നത്. അദ്ദേഹം അതുവഴി ശക്തനായ മുഖ്യമന്ത്രിയായെന്നും ഒരു വിഭാഗം ബി.ജെ.പി നേതാക്കള്‍ അഭിപ്രായപ്പെടുന്നു.
ജാര്‍ഖണ്ഡ് ജനസംഖ്യയുടെ 26 ശതമാനം വരുന്ന ആദിവാസികളാണ് ദാസിനെതിരെ നില്‍ക്കുന്ന മറ്റൊരു പക്ഷം. ഛോട്ടാനഗര്‍ ടെനന്‍സി നിയവും സാന്തല്‍ പര്‍ഗാനാസ് ടെനന്‍സി നിയമവും ഭേദഗതി ചെയ്യാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് അവരെ ചൊടിപ്പിച്ചത്.
ആദിവാസി ഭൂമി ആദിവാസികള്‍ അല്ലാത്തവര്‍ക്കു വില്‍ക്കുന്നതു വിലക്കുന്ന നിയമങ്ങളാണിത്. ഇതു ഭേദഗതി ചെയ്താല്‍ വില്‍പ്പന സാധ്യമാകും എന്നതാണു വിഷയം. എന്നാല്‍ ഇതുവരെ ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ വിജയിച്ചിട്ടില്ല. തങ്ങളുടെ ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.