പത്തനംതിട്ട: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചത് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
നിയന്ത്രണങ്ങളോടെയാണ് പ്രവേശനമെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് പ്രധാന വെല്ലുവിളി. ഇതിനിടെ ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയും രംഗത്തത്തിയിട്ടുണ്ട്.
രോഗവ്യാപനം കൂടുന്ന സാഹചര്യമായതിനാല്‍ വിര്‍ച്ച്വല്‍ ക്യൂ വഴിയാണ് സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ശബരിമലയിലേക്ക് വരുന്ന ഭക്തര്‍ക്ക് മുഴുവന്‍ എങ്ങനെ ആന്റിജന്‍ പരിശോധന നടത്തും? പോസിറ്റീവ് ആകുന്നവരെ എവിടെ പ്രവേശിപ്പിക്കും? സംഘമായി വരുന്നവരില്‍ ഒരാള്‍ക്ക് പോസിറ്റീവായാല്‍ ഒപ്പമുള്ളവരെ എവിടേക്ക് മാറ്റും? ഡ്യൂട്ടിയിലുളള ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും രോഗം ബാധിച്ചാല്‍ പകരം സംവിധാനം എങ്ങനെ? തുടങ്ങിയ ചോദ്യങ്ങളാണ് ആരോഗ്യകുപ്പിനു മുന്നിലുള്ളത്.
മണ്ഡല കാലത്ത് ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി ആളുകള്‍ ഇവിടേക്ക് എത്താറുണ്ട്. ഈ സാഹചര്യത്തില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നവരെ കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടാകാതിരിക്കാനുള്ള പ്രത്യേക സംവിധാനങ്ങളും വേണം. പത്തനംതിട്ട ജില്ലയിലെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് ഡ്യൂട്ടിയിലുമാണ്.
ശബരിമലയില്‍ എത്തുന്ന ആളുകള്‍ക്ക് എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ആംബുലന്‍സ് സൗകര്യമാണ് ആരോഗ്യവകുപ്പ് നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി.
നിലവില്‍ സര്‍ക്കാര്‍ ആംബുലന്‍സുകളും സ്വകാര്യ ആംബുലന്‍സുകളും കൊവിഡ് ഡ്യൂട്ടിക്കായി വിനിയോഗിച്ചിരിക്കുകയാണ്. അതേസമയം പത്തനംതിട്ട ജനറല്‍ ആശുപത്രി കൊവിഡ് ആശുപത്രി ആയതിനാല്‍ കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രി ആക്കണമെന്ന് കെ.ജി.എം.ഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ശബരിമല തീര്‍ത്ഥാടനത്തിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ ഫലമാണ് വേണ്ടതെന്നും ഭക്തര്‍ കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു. ഈ സമയം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണം.
നിലയ്ക്കലില്‍ തീര്‍ത്ഥാടകര്‍ക്ക് വീണ്ടും പരിശോധനയുണ്ടാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിന് വിദഗ്ധ സമിതി നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അറിയിക്കുകയായിരുന്നു അദ്ദേഹം.
പമ്പ വഴി മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ബാക്കി പാതകളെല്ലാം അടയ്ക്കും. ഓണ്‍ലൈന്‍ ദര്‍ശനത്തില്‍ തീരുമാനം തന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും മന്ത്രി പറഞ്ഞു.
പ്രവൃത്തി ദിനങ്ങളില്‍ 1000 പേര്‍ക്ക് മാത്രമേ ദര്‍ശനം അനുവദിക്കാവൂ എന്നാണ് വിദഗ്ധ സമിതി നിര്‍ദേശിച്ചിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്ക് ദര്‍ശനം ആകാം.
മണ്ഡലപൂജയ്ക്കും മകര വിളക്കിനും നിയന്ത്രണ വിധേയമായി 5000 പേര്‍ വരെ ആകാമെന്നാണ് നിര്‍ദേശം.സന്നിധാനത്തും ഗണപതി അമ്പലത്തിലും താമസം അനുവദിക്കില്ല. പമ്പയില്‍ കുളിക്കാന്‍ അനുവാദമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക