തിരികെയെത്തുന്ന പ്രവാസികൾ, സ്തംഭിച്ച് നിൽക്കുന്ന സമ്പദ് വ്യവസ്ഥ; എളുപ്പമാകുമോ അതിജീവനം കേരളത്തിന്
Kerala Economy
തിരികെയെത്തുന്ന പ്രവാസികൾ, സ്തംഭിച്ച് നിൽക്കുന്ന സമ്പദ് വ്യവസ്ഥ; എളുപ്പമാകുമോ അതിജീവനം കേരളത്തിന്
ശ്രിന്‍ഷ രാമകൃഷ്ണന്‍
Friday, 29th May 2020, 5:49 pm

സമ്പന്നർ, മധ്യവർഗക്കാർ, ദരിദ്രർ, യുവാക്കൾ, മധ്യവയസ്കർ, സ്ത്രീകൾ, കുട്ടികൾ, പ്രവാസികൾ, വ്യാപാരികൾ തുടങ്ങി കൊവിഡ് ബാധിക്കാത്ത വിഭാഗങ്ങളോ കടന്നു ചെല്ലാത്ത ഇടങ്ങളോ ഇല്ലെന്നാണ് പുറത്ത് വരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് പ്രതിദിനം 35000 കോടി മുതൽ 40000 കോടിയുടെ നഷ്ടമാണ് ലോക്ക് ഡൗണിൽ ഉണ്ടായിരിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധന കൂടി നേരിടുന്ന പശ്ചാത്തലത്തിൽ വരും നാളുകളിൽ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം ഇനിയും കൂടിയേക്കാമെന്നാണ് സാമ്പത്തിക വിദ്ഗ്ധർ അഭിപ്രായപ്പെടുന്നത്. കേരളത്തിലും കൊവിഡ് വലിയ ആഘാതങ്ങൾ തന്നെ ഉണ്ടാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു.

ചരിത്രത്തിൽ സമാനതകളില്ലാത്ത രണ്ട് പ്രളയത്തെ നേരിട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോയികൊണ്ടിരിക്കുന്നതിനിടയിലാണ് ജനുവരി 30ന് കേരളത്തിൽ ഇന്ത്യയിലെ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. 2017ൽ ഓഖിയിൽ തുടങ്ങി, 2018, 2019 വർഷത്തിൽ ‌ഉണ്ടായ രണ്ട് പ്രളയം എന്നിവ കേരളത്തെ സാരമായി ബാധിച്ചു എന്നാണ് പ്ലാനിങ്ങ് ബോർഡിന്റെ കണക്ക് വ്യക്തമാക്കുന്നത്. ഇതിനിടയിലാണ് സംസ്ഥാനത്തെ വരുമാനം പൂർണമായും സ്തംഭിപ്പിക്കുന്ന വിധത്തിൽ മറ്റൊരു പ്രതിസന്ധി കൂടി ലോകത്ത് എല്ലായിടത്തെയും എന്ന പോലെ കേരളത്തിലുമെത്തുന്നത്.

രണ്ടാം പ്രളയം കഴിഞ്ഞ് ആറ് മാസം പിന്നിടുന്നതിന് മുൻപേയാണ് സംസ്ഥാനം പൂർണമായും അടച്ചു പൂട്ടലിലേക്ക് നീങ്ങിയത്. ഇതിനു പുറമെ സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ പ്രധാന ശ്രോതസ്സുകളിലൊന്നായ പ്രവാസികൾ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൂട്ടമായി തിരിച്ചുവരുന്നതും കേരളത്തിന് മേൽ വലിയ ആഘാതം തന്നെ തീർക്കുമെന്ന് മുൻ പ്ലാനിങ്ങ് ബോർഡ് ചെയർമാനും സാമ്പത്തിക ശാസ്ത്ര അധ്യാപകനുമായ ഡോ. കെ.എൻ ഹരിലാൽ ഡൂൾ ന്യൂസിനോട് പറഞ്ഞു.

“കേരളത്തിനകത്തേക്ക് പ്രവാസികളും രോഗബാധയുള്ള മറ്റ് സംസ്ഥാനങ്ങളിലെ കേരളീയരും മടങ്ങി വരുമ്പോൾ സ്ഥിതി കൂടുതൽ വഷളാവുകയാണ്. ഈ കണക്കുകൂട്ടലുകൾ നമുക്ക് നേരത്തെ തന്നെ ഉണ്ടായിരുന്നതുമാണ്. കേരളത്തിന് പുറത്ത് പോയി പണിയെടുക്കുന്നവർ കേരളത്തിന്റെ നേരവകാശികൾ തന്നെയാണ്. എത്രയെല്ലാം സൂക്ഷിച്ചാലും കൊറോണയുടെ ആക്രമത്തെ അത്രപെട്ടൊന്നൊന്നും നിയന്ത്രിച്ച് നിർത്താൻ സാധിക്കില്ലെന്ന് തന്നെയാണ് മനസിലാക്കേണ്ടത്. ഇതുമായി പൊരുത്തപ്പെട്ടുകൊണ്ട് തന്നെ ജീവിക്കുക എന്നതാണ് മുന്നിലുള്ള വഴി. അതുകൊണ്ട് തന്നെയാണ് കേരളം കൊവിഡ് കർവ്വിനെ ഫ്ളാറ്റൻ ചെയ്യാനുള്ള നടപടികൾ അതിശക്തമായി തുടക്കം മുതൽ തന്നെ സ്വീകരിച്ച് പോന്നതും”. ഡോക്ടർ ഹരിലാൽ പറഞ്ഞു. ഒറ്റയടിക്ക് എല്ലാവരും കൂടി ആശുപത്രിയിലെത്തുന്ന സ്ഥിതി ഒഴിവാക്കാൻ കഴിഞ്ഞാൽ ഈ പ്രതിസന്ധി നമുക്ക് മറികടക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് കേരളത്തിന്റെ സാമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളെയും ഗുരുതരമായി ബാധിച്ചു കഴിഞ്ഞു. സാമൂഹിക ജീവിതത്തിന്റെ എല്ലാ തുറകളേയും തിരിച്ചു പിടിക്കേണ്ടതുണ്ട്. അത് ഘട്ടങ്ങളായുള്ള തുറന്ന് പ്രവർത്തിപ്പിക്കലിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. അത്തരത്തിൽ മാത്രമേ തൊഴിൽ നഷ്ടമെന്ന വലിയ പ്രശ്നത്തെക്കൂടി നമുക്ക് അഡ്രസ് ചെയ്യാൻ സാധിക്കുകയുള്ളൂ. പല വ്യവസായങ്ങളും കച്ചവടസ്ഥാപനങ്ങളും പെട്ടെന്ന് തുറക്കാൻ സാധിക്കുന്ന അവസ്ഥയിലല്ല. പലർക്കും ലോക്ക് ഡൗണിൽ വലിയ പരുക്കുകൾ സംഭവിച്ചിട്ടുണ്ട്. അവശ്യമായ സഹായങ്ങൾ കൂടി നൽകി ഈ മേഖലകളെയെല്ലാം കൈപിടിച്ച് ഉയർത്തുകയാണ് വേണ്ടത്. ആ നിലയ്ക്കുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നുണ്ട്. സുഭിക്ഷ കേരളം പോലെയുള്ള പദ്ധതികൾ ഭക്ഷ്യക്ഷാമത്തിന്റെ സാധ്യതകൾ മുൻകൂട്ടി കണ്ടാണ് കേരളം ‌നടപ്പിലാക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുനരുജ്ജീവന പ്രവർത്തനങ്ങൾ ആവശ്യമാണെന്നും കെ.എൻ.ഹരിലാൽ പറഞ്ഞു.

മുൻ വർഷങ്ങളിൽ പ്രതിസന്ധികൾ ഉണ്ടായിരുന്നെങ്കിലും കേരളത്തിന്റെ ജി.എസ്.വി.എ(മൊത്ത സംസ്ഥാന മൂല്യവർദ്ധനവ്) വരുമാനത്തിൽ വർധന രേഖപ്പെടുത്തിയിരുന്നു. 2017-2018 കാലയളവിൽ 6.8 ശതമാനമായിരുന്ന ജി.എസ്.വി.എ വരുമാനം 2018-2019 വർഷത്തിൽ 7.5 ശതമാനമായി ഉയർന്നിരുന്നു. പക്ഷേ ഇക്കുറി കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ വളർച്ച ഉണ്ടാകാൻ ഇടയില്ലെന്ന് കേരളത്തിന്റെ ധനമന്ത്രി തന്നെ വ്യക്തമാക്കുന്നു. ഇതിനു പുറമെ ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് പോകുന്നത് എന്ന് നിക്ഷേപക ബാങ്കായ ഗോൾഡ്മാൻ സാക്സ് ഉൾപ്പെടെ പ്രവചനവുമായി രംഗത്ത് എത്തിയിട്ടുമുണ്ട്. ധനമന്ത്രി നിർമ്മല സീതാരാമന്റെ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് അപര്യാപ്തമാണ് എന്നാണ് ഗോൾഡ്മാൻ സാക്സ് പറയുന്നത്. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വ്യവസ്ഥകളോട് കൂടി വർധിപ്പിക്കാമെന്ന പ്രഖ്യാപനത്തിന് പുറമെ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഗുണകരമാകുന്ന കൂടുതൽ തീരുമാനങ്ങളോ പദ്ധതികളോ സാമ്പത്തിക ഉത്തേജന പാക്കേജിൽ ഇല്ല എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ആരോഗ്യ മേഖലയിലെ പ്രതിസന്ധികളെ നേരിടുന്നതിനൊപ്പം സാമ്പത്തിക ആഘാതം വിജയകരമായി മറികടക്കുക എന്നത് സംസ്ഥാനത്തിന് ശ്രമകരമായ ദൗത്യം തന്നെയായിരിക്കും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പറയുന്നത്. ലോക്ക് ഡൗണിൽ ഇളവുകൾ കൂടി ഏർപ്പെടുത്തിയതോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ആളുകൾ മടങ്ങിയെത്തുകകൂടി ചെയ്യുമ്പോൾ കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന പ്രവണതയാണ് ഇപ്പോൾ ദൃശ്യമാകുന്നത്. ഇത് ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങളും ഉത്തരവാദിത്തങ്ങളും വർധിപ്പിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും വ്യക്തമാക്കിയിരുന്നു. കൊവിഡ് ഉയർത്തുന്ന ഭീഷണികൾ പെട്ടെന്നൊന്നും ഒഴിഞ്ഞു പോകില്ലെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കൂടി വന്ന പശ്ചാത്തലത്തിൽ ഈ ആശങ്കകളെല്ലാം വലിയ തോതിൽ കേരളീയരെയും ബാധിച്ചു തുടങ്ങിയിരിക്കുകയാണ്. രണ്ട് മാസത്തിനടുത്ത് നിണ്ട് നിന്ന ലോക്ക് ഡൗണിൽ ചെറിയ ഇളവുകളോടെ കേരളം തുറന്ന് പ്രവർത്തിക്കുമ്പോഴും സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ശ്രോതസ്സുകളായ നിർമ്മാണം, ടൂറിസം, വ്യാപാരം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ കാര്യമായ ഉണർവ്വുകൾ ഇതുവരെ ദൃശ്യമായിട്ടില്ല എന്നാണ് ഈ മേഖലയിൽ നിന്നുള്ളവർ ഡൂൾ ന്യൂസിനോട് പറഞ്ഞത്.

കേരളത്തിന്റെ നിലവിലെ സാമ്പത്തിക അവസ്ഥ

കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിന്റെ പ്രെെമറി സെക്ടറിന് നെഗറ്റീവ് വളർച്ചയാണ് ഉണ്ടായിരിക്കുന്നത് എന്ന് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. കാർഷിക മേഖലയിലും കാർഷിക അനുബന്ധ മേഖലയിലും ഈ പ്രവണത തന്നെയാണ് 2011 മുതൽ കാണുന്നത്. അതേസമയം കൃഷിയുമായി തന്നെ ബന്ധപ്പെട്ട് കിടക്കുന്ന മത്സ്യബന്ധനം, അക്വാകൾച്ചർ തുടങ്ങിയ മേഖലകളിൽ വളർച്ചയുണ്ടായിട്ടുമുണ്ട്. സമാനമായ രീതിയിൽ കേരളത്തിലെ നിർമ്മാണ മേഖല, ഉത്പാദന മേഖല എന്നിവയിൽ മൂല്യവർദ്ധിതമായ വളർച്ച കഴിഞ്ഞ വർഷം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ ആടിയുലയുന്നതും ഈ മേഖലകൾ തന്നെയാണ് എന്നത് കേരളം നേരിടാൻ പോകുന്ന സാമ്പത്തിക ആഘാതത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.

വാണിജ്യം, ഹോട്ടൽ, റെസ്റ്റോറന്റുകൾ എന്നീ മേഖലകളിൽ കേരളത്തിന്റെ സംയോജിത മൂല്യത്തിലുള്ള വളർച്ച അതിവേഗത്തിലായിരുന്നു. ഇതിനു പുറമെ പ്രൊഫഷണൽ സേവനങ്ങൾ, പൊതുഭരണം, സാമൂഹ്യ സേവനങ്ങൾ, മറ്റ്സേവനങ്ങൾ എന്നീ മേഖലകളിലും കേരളത്തിന്റെ മൂല്യവർധിത വളർച്ച വേഗം പ്രാപിച്ചിരുന്നുവെന്ന് പ്ലാനിങ്ങ് ബോർഡ് പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇപ്പോഴാകട്ടെ ഈ മേഖലകളെല്ലാം ഭാഗികമായി മാത്രമാണ് പ്രവർത്തിക്കുന്നത്. പൂർണമായും പഴയ തോതിൽ തുറന്ന് പ്രവർത്തിപ്പിക്കുന്നത് എന്ന് സാധ്യമാകുമെന്ന് പ്രവചിക്കാൻ കഴിയാത്ത സാഹചര്യവുമാണ് നിലവിലുള്ളത്.

റിയൽ എസ്റ്റേറ്റ് മേഖല സാധ്യതകളും വെല്ലുവിളികളും

2019ൽ പതിനഞ്ച് മുതൽ 20 ശതമാനം വരെ കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഡിമാൻഡ് കുറഞ്ഞതായാണ് (റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ) ക്രെഡായിയുടെ മുൻ ചെയർമാനായ നജീബ് സക്കറിയ പറയുന്നത്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മാർക്കറ്റിൽ തീർച്ചയായും പ്രതിഫലിക്കുമെന്നും മുൻ കാലങ്ങളിലേതിന് വ്യത്യസ്തമായി പ്രവചനാതീതമായ സാഹചര്യമാണ് മാർക്കറ്റിൽ നിലനിൽക്കുന്നതെന്നും ക്രെഡായിയുടെ കോഴിക്കോട് മേഖല പ്രസിഡന്റായ അരുൺ കുമാർ ഡ്യൂൾ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവ്വില്ല. പ്രളയവും ഗൾഫ് മേഖലയിൽ നിന്നുള്ള പ്രവാസികളുടെ തിരിച്ചു വരവും റിയൽ എസ്റ്റേറ്റ് മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഒരേ സമയം വെല്ലുവിളിയും അവസരങ്ങളും റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണ്ടാക്കിയേക്കാമെന്നാണ് അരുൺ കുമാർ വിലയിരുത്തുന്നത്.

കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ നിരവധി പേർ വിദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യം നിലവിലുണ്ട്. ഇവർക്ക് കേരളം ഒരു സുരക്ഷിതമായ സ്ഥലമായി അനുഭവപ്പെട്ടിട്ടുണ്ട്. ഇത് കേരളത്തിലേക്കുള്ള നിക്ഷേപത്തിന് പ്രവാസികൾ താത്പര്യമെടുക്കുന്നതിൽ കാരണമായിട്ടുണ്ട്. മടങ്ങി വരുന്ന പ്രവാസികൾ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് താത്ക്കാലിക ഉണർവ്വ് നൽകാൻ ഇടയാക്കും. നിലവിൽ ഇത്തരമൊരു ട്രെൻഡ് മാർക്കറ്റിൽ ഉണ്ട്. ഇതിന് അനുയോജ്യമായ സാഹചര്യം സർക്കാർ ഒരുക്കി നൽകുമെന്ന് തന്നൊണ് പ്രതീക്ഷ. ഇപ്പോൾ ലോകത്താകമാനം സംജാതമായിരിക്കുന്ന സ്ഥിതി മാർക്കറ്റിലെ വ്യതിചലനങ്ങളെക്കുറിച്ച് നേരത്തെ പ്രവചിക്കാൻ സാധിക്കാത്തതാണ്. സാഹചര്യങ്ങൾക്ക് അനുകൂലമായ തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകുക എന്നത് തന്നെ ഇപ്പോഴത്തെ മാർക്കറ്റ് തന്ത്രം. അരുൺ കുമാർ പറയുന്നു.

നിർമ്മാണ മേഖലയും കേരളവും

കേരളത്തിലെ ഉത്പന്ന നിർമ്മാണ മേഖല മുൻവർഷങ്ങളേക്കാൾ വളർച്ച കൈവരിച്ച് മുന്നോട്ട് പോകുമ്പോഴാണ് കൊവിഡ് നിർമ്മാണ മേഖലയിലെ പ്രവർത്തനങ്ങളെ പൂർണമായും സ്തംഭിപ്പിച്ചിരിക്കുന്നത്. വളരെ അടിയന്തിര സ്വഭാവമുള്ള വർക്കുകൾ മാത്രമാണ് ഇപ്പോൾ നിർമ്മാണ മേഖലയിൽ നടക്കുന്നതെന്ന് കേരള ഗവൺമെന്റ് കോൺക്ടാറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു ഡൂൾ ന്യൂസിനോട് പറഞ്ഞു. നിർമ്മാണ മേഖലയ്ക്ക് ആവശ്യമായ റോ മെറ്റീരിയൽസ് ഹോട്ട് സ്പോട്ടുകളായ തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമാണ് കൂടുതലായും വരുന്നത്. ഇവിടങ്ങളിലെ പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ച അവസ്ഥയിലാണെന്നിരിക്കെ ജില്ലി, സിമന്റ്, കമ്പി, തുടങ്ങിയ റോ മെറ്റീരിയൽസ് കേരളത്തിലേക്ക് എത്താനും ഇപ്പോൾ പ്രയാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“ചെറുകിട നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വലിയ തകർച്ചയാണ് കൊവിഡ് ഉണ്ടാക്കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടത്തി വന്നിരുന്ന ചെറുകിട നിർമ്മാണ മേഖലയിലുള്ളവരുടെ അവസ്ഥ ഇനിയുള്ള അഞ്ച് വർഷകാലത്തേക്ക് പരിതാപകരമായിരിക്കും. എം.പി ഫണ്ട് നിർത്തിവെച്ചതും ഞങ്ങളെ പ്രതികൂലമായി ബാധിക്കും. വൻകിട നിർമ്മാണ മേഖലയിൽ നിന്നും വ്യത്യസ്തമായി കൂടുതലായും മലയാളികളായ തൊഴിലാളികൾ തന്നെയാണ് ചെറുകിട നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ചെറുകിട നിർമ്മാണങ്ങൾ നിലച്ചാൽ അത് കേരളത്തെ പ്രാദേശിക തലത്തിലും ബാധിക്കും” അദ്ദേഹം പറഞ്ഞു.

അതിഥി തൊഴിലാളികൾ നാട്ടിലേക്ക് കൂട്ടമായി തിരിച്ചുപോകുന്നതും, പുതിയ തൊഴിലാളികൾ കേരളത്തിലേക്ക് എത്താത്തതും വരും മാസങ്ങളിലും നിർമ്മാണ മേഖലയെ ബാധിക്കുമെന്ന് കണ്ണൂരിലെ വൈശാഖ് കൺസ്ട്രക്ഷൻസിലെ റോഷൻ ഡൂൾ ന്യൂസിനോട് പറഞ്ഞു.

“ഇപ്പോൾ അടിയന്തിര പ്രാധാന്യമുള്ള നിർമ്മാണ ജോലികൾ മാത്രമാണ് നടക്കുന്നത്. മറ്റ് പ്രധാന വർക്കുകളെല്ലാം പെൻഡിങ്ങിൽ തന്നെയാണ്.മഴക്ക് മുന്നേ തീർക്കേണ്ട നിരവധി വർക്കുകളുടെ എഗ്രിമെന്റ് എഴുതിയിട്ടുണ്ട്. ഇവ സമയത്ത് തീർത്തു നൽകിയില്ലെങ്കിൽ ഫൈൻ ഉൾപ്പെടെ അടയ്ക്കേണ്ട അവസ്ഥയുണ്ടാകും. നിർമ്മാണ പ്രവർത്തനങ്ങൾ പ്രധാനമായും നടക്കുന്ന മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ജോലി ചെയ്യാൻ സാധിക്കാത്തതുകൊണ്ട് തന്നെ അവയെല്ലാം പെൻഡിങ്ങിലുമാണ്. ഇനി അത് പൂർത്തിയാക്കുന്ന മുറയ്ക്ക് മാത്രമേ പുതിയ കോൺട്രാക്റ്റുകളും നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കാൻ സാധിക്കുകയുള്ളൂ”. റോഷൻ പറഞ്ഞു.

കേരളത്തിലെ പലമേഖലകളെയും പിടിച്ചു നിർത്തുന്ന അതിഥി തൊഴിലാളികൾ തിരിച്ചു പോകുന്ന അവസ്ഥയാണുള്ളത്. ഇത് കേരളത്തെയും ബാധിക്കുമെന്ന് എഷ്യയിലെ ഏറ്റവും വലിയ കോപ്പറേറ്റീവ് സൊസൈറ്റിയായ ഊരാളുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാനായ രമേഷ് പാലേരി ഡൂൾ ന്യൂസിനോട് പറഞ്ഞു. ഞങ്ങൾക്ക് തന്നെ പതിമൂവായിരം തൊഴിലാളികളുള്ളതിൽ അയ്യായിരം തൊഴിലാളികളും അതിഥി തൊഴിലാളികളാണ് അദ്ദേഹം പറയുന്നു. പക്ഷേ ഈ പ്രതിസന്ധിയും ഒരു അവസരമായി കണക്കിലെടുത്ത് മുന്നോട്ട് പോകുകയാണ് വഴി. നിർമ്മാണ മേഖലയെ പിടിച്ചു നിർത്താൻ പുതിയ ടെക്നോളജി അനിവാര്യമായി വരും. അദ്ദേഹം കൂട്ടിച്ചേർത്തു.

നിർമ്മാണ മേഖലയിലെ തളർച്ച കേരളത്തിലെ ദളിത് ജീവിതങ്ങളെയും സാരമായി ബാധിക്കുമെന്ന് സാമൂഹിക പ്രവർത്തകനായ എം. ഗീതാനന്ദൻ പറഞ്ഞു. കേരളത്തിലെ ആദിവാസി, ദളിത് വിഭാഗത്തിൽപ്പെടുന്ന ഭൂരിഭാഗം പേരും പരമ്പരാഗത തൊഴിലിൽ നിന്ന് മാറി നിർമ്മാണ മേഖലയിലാണ് ഇപ്പോൾ തൊഴിൽ ചെയ്യുന്നത്. ഇവരെല്ലാം തിരികെയെത്തിയാൽ സങ്കീർണ്ണമായ പ്രശ്നങ്ങൾ തന്നെ ഉണ്ടായേക്കാമെന്നാണ് അദ്ദേഹം പറയുന്നത്. കാർഷിക മേഖലയിൽ സർക്കാർ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും പരമ്പരാഗതമായി കൃഷി ചെയ്ത് വന്നിരുന്ന ദളിത് ,ആദിവാസി മേഖലയിലുള്ളവരെ കൃഷിയിൽ തന്നെ പിടിച്ചു നിർത്താനുള്ള തരത്തിലുള്ള ആലോചനകൾ നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ മാനുഫാക്ച്ചറിങ്ങ് മേഖല താരതമ്യേന ചെറുതാണ്. കേരളത്തിന്റെ ജി.എസ്.വി.എയുടെ 12.8 ശതമാനമവും (2011-12 വിലയുടെ അടിസ്ഥാനത്തിൽ), സംസ്ഥാനത്തെ മൊത്തം തൊഴിലിന്റെ 11.8 ശതമാനവും മാത്രമാണ് 2017-2018 വർഷത്തിൽ മാനുഫാക്ച്ചറിങ്ങ് മേഖലയിൽ ഉണ്ടായിട്ടുള്ളത്. അതേസമയം കഴിഞ്ഞ നാല് വർഷത്തിൽ കേരളത്തിന്റെ മാനുഫാക്ച്ചറിങ്ങ് മേഖലയിൽ വളർച്ചയുണ്ടായിട്ടുണ്ടെന്ന് പ്ലാനിങ്ങ് ബോർഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിന്റെ മാനുഫാക്ച്ചറിങ്ങ് മേഖലയിൽ 2017-2018 വർഷത്തിൽ പതിനഞ്ച് ലക്ഷം തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. തുടർന്നുള്ള വർഷങ്ങളിൽ ഈ സംഖ്യയുടെ എണ്ണത്തിൽ നേരിയ തോതിൽ വർധനയും ഉണ്ടായിട്ടുണ്ട്. എന്നാൽ കൊവിഡിനെ തുടർന്നുള്ള ലോക്ക് ഡൗൺ മാനുഫാക്ച്ചറിങ്ങ് മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേർക്കാണ് തൊഴിൽ നഷ്ടം ഉണ്ടായിരിക്കുന്നത്.

കേരളത്തിന്റെ കയർ, കശുവണ്ടി, കൈത്തറി, മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും വലിയ നഷ്ടമാണ് ലോക്ക് ഡൗണിൽ ഉണ്ടായിരിക്കുന്നത്. കശുവണ്ടിയുടെ പ്രധാന വിളവെടുപ്പ് കാലമായ ഏപ്രിൽ, മെയ് മാസങ്ങളിൽ കൊവിഡ് പ്രതിസന്ധി കടുത്തതോടെ കശുവണ്ടിയുടെ വിലയിൽ ഇടിവുണ്ടായത് വലിയ രീതിയിൽ നഷ്ടം ഉണ്ടാക്കിയെന്ന് കശുവണ്ടി കർഷകനായ ബാലകൃഷ്ണൻ പറയുന്നു. കൈത്തറി മേഖലയിലും വലിയ പ്രതിസന്ധിയാണ് നേരിടുന്നത് എന്ന് വേങ്ങാട് വീവേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സെക്രട്ടറിയായ രസിത്ത് ഡൂൾ ന്യൂസിനോട് പറഞ്ഞു.

“രണ്ട് മാസമായി കൈത്തറി മേഖലയിൽ പണിയെടുക്കാൻ സാധിച്ചിട്ടില്ല. നേരത്തെ മറ്റ് ഏജൻസികൾക്ക് വേണ്ടി എക്സ്പോർട്ട് ഓർഡർ ചെയ്തു കൊടുക്കാറുണ്ടായിരുന്നു. കമ്പനികൾക്ക് ഓർഡർ കിട്ടാതായതോടെ അത്തരം ഓർഡറുകളും ഇപ്പോൾ ലഭിക്കുന്നില്ല. സ്കൂൾ യൂണിഫോം വിപണിയും ഉണരാത്തതോടെ അവിടെയും വലിയ നഷ്ടമാണ് നേരിടുന്നത്. ഇതുമായി ബന്ധപ്പെട്ട് തന്നെ ഡിസംബർ മുതലുള്ള ഫണ്ട് സർക്കാരിൽ നിന്ന് ലഭിക്കാനുമുണ്ട്”. അദ്ദേഹം കൂട്ടിച്ചേർത്തു.

കൈത്തറി മേഖലയിൽ പ്രധാനമായും ബിസിനസ്സ് നടന്നിരുന്ന എക്സിബിഷൻസ് എല്ലാം തടസ്സപ്പെട്ട നിലയിലാണ് ഉള്ളത്. ഇത്തവണ വിഷു എക്സിബിഷനും നടന്നിട്ടില്ല. ഓണത്തിനുള്ള എക്സിബിഷൻ കൂടി തടസ്സപ്പെട്ടാൽ വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് ഉണ്ടാകുക. അങ്ങിനെ സംഭവിക്കുകയാണെങ്കിൽ തൊഴിലാളികൾക്ക് പണി കൊടുക്കാനുള്ള സാഹചര്യം ഇല്ലാതെ വരും. അതുകൊണ്ട് തന്നെ സർക്കാർ കൈത്തറി മേഖലയെ സംരക്ഷിക്കാൻ കൂടി പ്രത്യേക പാക്കേജ് കൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യാപാരികൾക്ക് ലോക്ക് ഡൗണിൽ രണ്ട് മാസത്തെ കച്ചവടമാണ് പൂർണമായും ഇല്ലാതായത്. ഇപ്പോൾ ലോക്ക് ഡൗണിൽ ഭാഗികമായി ഇളവുകൾ ലഭിച്ചിട്ടുണ്ടെങ്കിലും വിറ്റുവരവ് ഇല്ലാത്ത സ്ഥിതിവിശേഷമാണ് ഉള്ളതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീൻ ഡൂൾ ന്യൂസിനോട് പറഞ്ഞു.

പ്രവാസികൾ കൂട്ടമായി തിരിച്ചു വന്നാൽ കേരളം എങ്ങിനെ നേരിടും

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വളരെ സുപ്രധാനമായ പങ്കാണ് പ്രവാസി മലയാളികൾ വഹിക്കുന്നത്. ലോകത്ത് 272 മില്ല്യൺ ആളുകൾ ജന്മനാട് വിട്ട് മറ്റിടങ്ങളിൽ താമസിക്കുന്നു എന്നാണ് 2019ലെ കണക്ക് സൂചിപ്പിക്കുന്നത്. മലയാളികളിൽ ഗൾഫ് മേഖലയിലെ കുടിയേറ്റത്തിന് പുറമെ അന്താരാഷ്ട്ര കുടിയേറ്റത്തിലും വലിയ വർദ്ധനയാണ് സമീപ കാലങ്ങളിൽ ഉണ്ടായിട്ടുള്ളത്. ഇവരെല്ലാം ഒരുമിച്ച് ഇന്ന് ഒരേ പ്രതിസന്ധി നേരിടുകയാണ് എന്നതാണ് നിർഭാഗ്യം.

കേരള മെെഗ്രേഷൻ സർവ്വേയുടെ കണക്കുകൾ വ്യക്തമാക്കുന്നത് കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിൽ 2013 -2018 കാലയളവിൽ 12 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി എന്നാണ്. 2013ൽ 24 ലക്ഷമായിരുന്ന പ്രവാസി മലയാളികളുടെ എണ്ണത്തിൽ 2018 ആയപ്പോഴേക്കും 21 ലക്ഷമായി കുറഞ്ഞു. പ്രവാസികൾ തിരിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവണതും വളരെ വർദ്ധിക്കുന്നതായാണ് കണ്ടുവരുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും നേരത്തെ തന്നെ പ്രതിസന്ധിയിലായ സർക്കാരിന് വലിയ വെല്ലുവിളികൾ തീർത്തേക്കാമെന്ന് ഡോ.കെ. എൻ ഹരിലാൽ പറയുന്നു.

“പ്രവാസികളുടെ തിരിച്ചുവരവ് സർ‍ക്കാരിന് വലിയ വെല്ലുവിളിയാണെങ്കിലും അതിനെ നമ്മൾ നേരിട്ടേ മതിയാകൂ. തിരിച്ചെത്തുന്നവർ വൈദഗ്ധ്യമുള്ളവരും നല്ല പോലെ തൊഴിൽ ചെയ്യാൻ അറിവുള്ളവരുമാണ്. കുറേപേർ മൂലധനമുള്ളവരാണ്. അതുകൊണ്ട് തന്നെ പ്രവാസികളുടെ സാധ്യത ഉപയോഗിച്ചുകൊണ്ട് അവരെ പൊതുധാരയിലേക്ക് തിരികെയത്തിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്”. ഡോ.കെ. എൻ.ഹരിലാൽ പറഞ്ഞു. ഒരേ സമയം എല്ലാ മേഖലകളിലും എത്തിപ്പെടുക,എല്ലാ മേഖലകളെയും സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്ന സർക്കാരിന്റെ മുന്നിലുള്ള വെല്ലുവിളിയുടെ ആഴം വ്യക്തമാക്കുന്നതാണ് ഇത്.

കേരളത്തിലേക്ക് പ്രവാസികൾ തിരികെ വരുന്നതുമായി ബന്ധപ്പെട്ട് നിരവധി സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായേക്കാമെന്ന് സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ പി.ടി കുഞ്ഞുമുഹമ്മദ് പറയുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രതിസന്ധികൾ എല്ലാക്കാലത്തും നിലനിൽക്കുന്നതല്ലെന്നും സ്വാഭാവികമായും കേരളവും ലോകവും ഇതിൽ നിന്ന് കരകയറുമെന്നും അദ്ദേഹം ഡൂൾ ന്യൂസിനോട് പറഞ്ഞു.

“പ്രവാസം കേരളീയന്റെ അല്ലെങ്കിൽ ലോകത്ത് തന്നെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു പ്രതിഭാസമാണ്. ഇരുപതാം നൂറ്റാണ്ടിലാണ് ഇന്ന് കാണുന്നത് പോലെ വളരെ വിപുലമായ രീതിയിൽ ഒരു പ്രവാസം ലോകത്തിലേക്ക് കടന്നു വരുന്നത്. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ഗൾഫ് മേഖലകൾ വലിയ തോതിൽ പ്രെട്രോളിന്റെ വിപണിയായി മാറി അതിന് ശേഷമാണ് ഗൾഫ് മേഖലകളിലെ പ്രവാസം കൂടിവരുന്നത്. മുതലാളിത്തം എങ്ങിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന് ആലോചിച്ച് ചെയ്ത ഒന്നാണ് കുടിയേറ്റം. കുടിയേറ്റത്തിന്റെ ഏറ്റവും വലിയ ദുരിതം ഒരു അവകാശങ്ങളും ആവശ്യപ്പെടാൻ കഴിയാത്ത സമൂഹത്തെയാണ് നമ്മൾ സൃഷ്ടിച്ചത് എന്നതാണ്. അത് ആഭ്യന്തര കുടിയേറ്റം ആയാലും വിദേശ കുടിയേറ്റമായാലും അങ്ങിനെതന്നെയാണ്.

വിദേശത്ത് ജോലി ചെയ്യുന്ന ആളുകൾക്ക് അവിടെ തൊഴിൽ നിയമങ്ങൾ ഒക്കെയുണ്ടെങ്കിലും അത് പലപ്പോഴും തൊഴിൽ ഉടമയുടെ ഔദാര്യമായാണ് കണ്ട് വരുന്നത്. യഥാർത്ഥത്തിൽ പേരില്ലാത്ത നാവില്ലാത്ത നിരവധി ആളുകളെ സൃഷ്ടിക്കുക കൂടി പ്രവാസം ചെയ്തിട്ടുണ്ട്. പക്ഷേ പിന്നീട് അങ്ങോട്ട് പല മാറ്റങ്ങളും വരികയും ലോകത്തിന്റെ എക്കണോമിയിൽ പ്രവാസികൾ ഒരു വലിയ ഘടകം ആയി മാറിയതുമാണ് ലോകം കാണുന്നത്. ആഭ്യന്തര കുടിയേറ്റവും വലിയ രീതിയിൽ നാം കാണുന്നുണ്ട്. പക്ഷേ ഒരു നിയമ വ്യവസ്ഥയും ബാധകമല്ലാത്ത രീതിയിലേക്ക് തൊഴിലാളി വർഗങ്ങളെ മാറ്റുക കൂടി പ്രവാസം ചെയ്തിട്ടുണ്ട്”. അതുകൊണ്ട് തന്നെ ഇപ്പോൾ ഉണ്ടാകുന്ന പ്രതിസന്ധിയുടെ ആഴം കൂടിയേക്കാമെന്നും അദ്ദേഹം പറയുന്നു.

കൊവിഡ് പ്രവാസത്തെ ഭീകരമായി ബാധിക്കുമെന്നോ പ്രവാസം ഇല്ലാതാക്കുകയോ ചെയ്യുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ. പ്രവാസവും പ്രവാസി സമൂഹവും ഇവിടെ തന്നെ നിലനിൽക്കും. യഥാർത്ഥത്തിൽ ഇതിനോടൊപ്പം ജീവിച്ചു പോകലാണ് നമ്മുടെ മുന്നിലുള്ള വ‌ഴി. എല്ലാം അടച്ചിടുക എന്നത് സാധ്യമല്ല. പക്ഷേ കൊവിഡ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രവാസത്തെയും, പ്രവാസവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന അടിസ്ഥാന വർഗത്തേയുമാണ്”. അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ആഭ്യന്തര കൂടിയേറ്റവുമായി ബന്ധപ്പെട്ട് കിടക്കുന്ന അനിശ്ചിതത്വങ്ങളെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം പങ്കുവെക്കുന്നു.
“ആഭ്യന്തര കുടിയേറ്റവും ഇന്ത്യയിൽ വളരെ കൂടുതലാണ്. അടിസ്ഥാന വർഗത്തിൽപ്പെടുന്ന തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇതിനോടകം തന്നെ നമ്മൾ കണ്ടു കഴിഞ്ഞു. ദൽഹിയിലെ തെരുവുകളിൽ ചെറുപ്പക്കാരുൾപ്പെടെയുള്ള ഭിക്ഷാടകരുടെ തിരക്കാണ് അനുഭവപ്പെടുന്നത് എന്ന് എന്റെയൊരു സുഹൃത്ത് പറയുകയുണ്ടായി. ഇത് വിരൽ ചൂണ്ടുന്നത് അതിഭീകരമായി രാജ്യം നേരിടാൻ പോകുന്ന തൊഴിൽ ഇല്ലായ്മ എന്ന പ്രതിസന്ധിയിലേക്ക് കൂടിയാണ്”. പി.ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

അവസാനം രക്ഷപ്പെടുക കേരളത്തിന്റെ ടൂറിസം മേഖല

കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഏറ്റവും അവസാനം രക്ഷപ്പെടുന്ന ഒരു മേഖലയായി കണക്കാക്കാൻ സാധിക്കുന്നതാണ് കേരളത്തിന്റെ ടൂറിസം മേഖലയെന്ന് വയനാട് ഡിസ്ട്രിക്ടറ്റ് ടൂറിസം പ്രമോഷണൽ കൗൺസിൽ സെക്രട്ടറി ആനന്ദ് ബി.ഡൂൾ ന്യൂസിനോട് പറഞ്ഞു. ഈ മേഖലയുമായി ബന്ധപ്പെട്ട് ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയിൽ തൊഴിൽ ചെയ്യുന്നവരും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് തൊഴിലാളികൾ പറയുന്നു. കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് 15000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നത്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി നീങ്ങുമ്പോൾ ഈ മേഖലയ്ക്ക് പ്രത്യകേ പാക്കേജ് ആവശ്യമായി വരുമെന്നും അദ്ദേഹം പറയുന്നു. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് കേരളത്തിന് ലഭിച്ച അന്താരാഷ്ട്ര ശ്രദ്ധ ടൂറിസം മേഖലയ്ക്ക് ഒരു മുതൽക്കൂട്ട് ആക്കിമാറ്റാൻ സാധിക്കുമെന്ന് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. കേരളം കാണുക എന്ന ആശയത്തിൽ ആരോഗ്യപരമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾ സംസ്ഥാന തലത്തിൽ ആലോചിച്ച് വരുന്നുണ്ടെന്ന് ആനന്ദ് ബി. പറയുന്നു.

വികസനത്തിൽ മറ്റ് മേഖലകളുമായുള്ള പരസ്പര യോജിപ്പാണ് ടൂറിസം മേഖലയുടെ സവിശേഷതയെന്നിരിക്കെ ലോകമാകെ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ദീർഘ കാലത്തേക്ക് പ്രതിസന്ധി നിലനിൽക്കുന്നതും ഈ രംഗത്ത് തന്നെയായിരിക്കും. ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ വരവ് ഗണ്യമായി വർദ്ധിച്ച് 2018ൽ 140 കോടിയിലധികമായിരുന്നു. കേരളത്തിൽ 2018ൽ ഏറ്റവുമധികം വിദേശ വിനോദ സഞ്ചാരികളെ സംഭാവന ചെയ്ത യു.കെ, യു.എസ്.എ, ഫ്രാൻസ്, ജർമ്മനി, തുടങ്ങിയ രാജ്യങ്ങളെല്ലാം ഇപ്പോൾ കൊവിഡ് പ്രതിസന്ധിയിലാണ്.
ടൂറിസം മേഖലയോടൊപ്പം തന്നെ കേരളത്തിന്റെ മറ്റ് സർവ്വീസ് മേഖലകളും കടുത്ത പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. ഇത് യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ ഭീഷണി വലിയ തോതിൽ ഉയർത്തുന്നുമുണ്ട്. കേരളത്തിൽ തന്നെ ഇപ്പോൾ അവസാന വർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ പറയുന്നത് തങ്ങളുടെ പ്ലേസ്മെന്റ് അവസരത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത് എന്നാണ്. കേരളത്തിനു പുറത്ത് കേന്ദ്ര സർവ്വകലാശാലകളിൽ ഓൺലൈനായി സബ്മിഷൻ മാറ്റി കോഴ്സ് തീർക്കുകയാണ് ചെയ്തതെന്ന് ഇഫ്ളുവിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾ ഡൂൾ ന്യൂസിനോട് പറഞ്ഞു. തങ്ങൾക്കെല്ലാം സ്ഥിരമായി ലഭിച്ചിരുന്ന പ്ലേസ്മെന്റ് അവസരങ്ങൾ ഈ വർഷം നഷ്ടമായത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നും അവർ പറയുന്നു. സമാനമായ രീതിയിൽ തന്നെ സർക്കാർ ജോലി തേടുന്ന യുവാക്കൾക്കും, ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്കും ഇനിയുള്ള നിയമനങ്ങളെക്കുറിച്ചും അവരങ്ങളെക്കുറിച്ചും വലിയ ആശങ്ക ഉയരുന്നുണ്ടെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.

കേന്ദ്ര നയങ്ങൾ കേരളത്തെ കൂടുതൽ വലയ്ക്കുമോ

കൊവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ കേന്ദ്രം ആദ്യം പ്രഖ്യപിച്ച പാക്കേജിൽ മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയ തുക തുലനം ചെയ്ത് നോക്കുമ്പോൾ വളരെ തുച്ഛമായ തുക മാത്രമാണ് കേന്ദ്രം ദുരന്ത നിവാരണ ധനസഹായമായി കേരളത്തിന് അനുവദിച്ചത്.( കേന്ദ്ര ഫണ്ട് അനുവദിക്കുന്ന സമയത്ത് മഹാരാഷ്ട്രയ്ക്കും ദൽഹിക്കും ശേഷം ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമായിരുന്നു കേരളം). ആ ഘട്ടത്തിൽ കേവലം 157 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് നൽകിയത്.

ചരക്ക് സേവന നികുതി ഇനത്തിൽ നഷ്ടപരിഹാരമായി കേരളത്തിന് ലഭിക്കാനുള്ള 3942 കോടി രൂപ കേന്ദ്രം ഇതുവരെയും അനുവദിച്ചിട്ടില്ല എന്നും കണക്കുകൾ വ്യക്തമാക്കുന്നു. നിയമ പ്രകരാമുള്ള തുക ലഭ്യമാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് കേന്ദ്ര സർക്കാരിനോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല എന്ന് അദ്ദേഹം തന്നെ പലയാവർത്തി മാധ്യമങ്ങളോടുൾപ്പെടെ പ്രതികരിച്ചു കഴിഞ്ഞു.

ഒക്ടോബർ, നവംബർ മാസത്തെ കുടിശ്ശികയായ 14036 കോടിയിൽ നിന്നും 831 കോടി രൂപ കേരളത്തിന് അവകാശപ്പെട്ടതാണ്. നഷ്ടപരിഹാര സെസിൽ 5774 കോടി രൂപയേ ഇനി ശേഖരിക്കാൻ ബാക്കിയുള്ളൂ എന്നാണ് കേന്ദ്രം പറയുന്നത്. എന്നിട്ടും സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാര തുക ആവശ്യമായി നിർണായക ഘട്ടത്തിൽ കേന്ദ്ര സർക്കാർ ഇത് അനുവദിക്കാത്ത നയമാണ് പിന്തുടരുന്നത്. ഇതിന് കേരളത്തിനും മറ്റ് സംസ്ഥാനങ്ങൾക്കും വലിയ വെല്ലുവിളി തന്നെ ഉയർത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.ജി.എസ്.ടി കൗൺസിലിൽ അവതരിപ്പിച്ച കണക്കനുസരിച്ച് ജനുവരി വരെ സംസ്ഥാനങ്ങൾക്ക് 48,000 കോടി രൂപ നഷ്ടപരിഹാര കുടിശ്ശികയുണ്ട്.

നിലവിൽ സംസ്ഥാന സർക്കാരിന്റെ വരുമാനം പൂർണമായും നിലച്ച സാഹചര്യത്തിൽ വൻ പലിശയ്ക്ക് കടമെടുത്താണ് സർക്കാർ മുന്നോട്ട് പോകുന്നത്. പുതിയ സാമ്പത്തിക വർഷത്തെ ആദ്യ വായ്പയായി 6000 കോടി രൂപ കേരള സർക്കാർ 8.96 ശതമാനം പലിശ നിരക്കിൽ എടുത്ത് കഴിഞ്ഞു. സാധാരണ 7 മുതൽ 8 ശതമാനം വരെ പലിശയ്ക്ക് ബോണ്ട് മാർക്കറ്റിൽ നിന്നും കടമെടുത്തിരുന്നിടത്താണ് സംസ്ഥാന സർക്കാരിന് ഇത്തവണ വൻ തുക പലിശ നൽകേണ്ടി വന്നിരിക്കുന്നത്. തോമസ് ഐസക് പറയുന്നു.

സംസ്ഥാനത്തിന്റെ വരുമാനമെല്ലാം നിലച്ചിരിക്കുന്ന സാഹചര്യത്തിൽ അനിവാര്യ ചിലവുകൾക്ക് വായ്പ എടുക്കകയെല്ലാതെ മറ്റ് മാർഗമില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു. ഈ വർഷം കേരളത്തിന്റെ സാമ്പത്തിക ഉത്പാദനം കുറയാനാണ് സാഹചര്യമെന്നും കൊള്ളപ്പലിശയ്ക്ക് വായ്പ എടുക്കേണ്ട സ്ഥിതി കൂടിയാകുമ്പോൾ ധനകാര്യസ്ഥിതി തകരുമെന്നും അദ്ദേഹം പറഞ്ഞ് വെക്കുന്നുണ്ട്. ധനമന്ത്രിയുടെ വാക്കുകൾ വിരൽ ചുണ്ടുന്നത് കേരളം ഇനിയും നേരിടാനിരിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ ഭീഷണിയിലേക്ക് കൂടിയാണ്.

കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥ മറ്റ് ലോക രാഷ്ട്രങ്ങളുമായും ,ഇതര സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ട് തന്നെ സാമ്പത്തിക മേഖലയിൽ മറ്റ് ഇടങ്ങളിൽ അനുഭവപ്പെട്ടുന്ന പ്രതിനസന്ധികളും ഉണർവ്വുകളും കേരളത്തെയും ബാധിക്കാറുണ്ട് എന്ന് പഠനങ്ങൾ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

എല്ലാ മേഖലകളിലേക്കും എല്ലാ വിഭാഗങ്ങളിലേക്കും ഒരേസമയം എത്തിപ്പെടുക, ഇവയെല്ലാം പുനരുജ്ജീവിപ്പിക്കാനുള്ള മാർഗങ്ങൾ ഒരേസമയം തേടുക എന്ന കടുത്ത വെല്ലുവിളിയാണ് ഈ ഘട്ടത്തിൽ സർക്കാരിനു മുന്നിലുള്ളത്. അതോടൊപ്പം തന്നെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളെ മുന്നൊരുക്കത്തോടെ നേരിടേണ്ട സ്ഥിതിയും ഉണ്ട്. രണ്ട് വർഷമായി കേരളത്തെ പിടിച്ചുലച്ച പ്രളയത്തിന് ഇക്കുറിയും സാധ്യതകൾ ഉണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പുകൾ നൽകുന്ന സൂചനയും. ഇതെല്ലാം വിരൽ ചൂണ്ടുന്നത് എളുപ്പമാകില്ല അതിജീവനം എന്ന സത്യത്തിലേക്കാണ്. അതേസമയം സാഹചര്യങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തി തിരിച്ചുവരവിനുള്ള സാധ്യതകളും കേരളത്തിലുണ്ടെന്നും വിദഗ്ധർ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക