കോഴിക്കോട്: പ്രളയകാലത്ത് കേരളത്തിന്റെ സൈന്യമായി നിന്ന മത്സ്യത്തൊഴിലാളികള്‍ വീണ്ടും മാതൃകയാകുന്നു. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഹാര്‍ബര്‍ അടച്ചിട്ടുകൊണ്ടാണ് ചാലിയത്തെ മത്സ്യത്തൊഴിലാളികള്‍ ഐക്യപ്പെടുന്നത്.
ഒരാഴ്ചത്തേക്കാണ് ചാലിയം ഹാര്‍ബര്‍ അടച്ചിടുന്നത്.
ആയിരക്കണക്കിനാളുകളുടെ ഉപജീവനമാര്‍ഗ്ഗമായ ഹാര്‍ബറാണ് കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അടച്ചിടാന്‍ തീരുമാനമെടുത്തത്.
കേരളത്തില്‍ കൊവിഡിനെ ചെറുക്കാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പും നടപ്പിലാക്കുന്ന ബ്രേക് ദ ചെയ്ന്‍ ക്യാംപയിന്‍ പദ്ധതിക്കൊപ്പം സ്വമനസ്സാ നില്‍ക്കുകയാണ് ചാലിയം ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികള്‍.
ആര്‍ക്കും കൊവിഡ് ബാധിക്കാതിരിക്കുക, പടരാനുള്ള സാഹചര്യം ഉണ്ടാക്കാതിരിക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ഹാര്‍ബര്‍ അടച്ചിടുന്നത്.
കേരളത്തില്‍ കൊവിഡിന്റെ വ്യാപനം തടയുന്നതിനായി ആരാധനാലയങ്ങളിലെയും മറ്റു പ്രദേശങ്ങളിലെയും ആള്‍ക്കൂട്ടങ്ങളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അതേസമയം കാസര്‍കോട് കൊവിഡ് പിടിപെട്ടയാള്‍ അധികൃതരുമായി സഹകരിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കാസര്‍കോട് സ്ഥിതി രൂക്ഷമാണെന്നും മുഖ്യമന്ത്രി ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.