| Monday, 14th August 2023, 12:36 pm

അരങ്ങേറ്റം കളറാക്കി നയന്‍സ്; ജവാന്റെ പ്രണയം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജവാനിലെ ചലേയ വീഡിയോ സോങ് പുറത്ത്. നയന്‍താരയും ഷാരൂഖ് ഖാനും ഒന്നിച്ചിരിക്കുന്ന ഗാനം അര്‍ജിത് സിങ്ങും ശില്‍പ റാവോയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. കുമാറിന്റെ വരികള്‍ക്ക് അനിരുദ്ധാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഫറാ ഖാനാണ് കൊറിയോഗ്രഫി ഒരുക്കുന്നത്. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ജവാന്‍.

നേരത്തെ പുറത്തുവന്ന സിന്ദാ ബന്താ എന്ന പാട്ടും ശ്രദ്ധ നേടിയിരുന്നു. പ്രിയാമണിയും സന്ധ്യാ മല്‍ഹോത്രയും ഷാരൂഖിനൊപ്പം ഗാനരംഗങ്ങളില്‍ എത്തിയിരുന്നു. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനാവുന്നത്. കൂടാതെ അതിഥി വേഷത്തില്‍ ദീപിക പദുകോണ്‍ എത്തുന്നു എന്ന പ്രത്യേകതയും ജവാനുണ്ട്. മുമ്പ് ചിത്രത്തില്‍ തമിഴ് നടന്‍ വിജയ് അതിഥി വേഷത്തില്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മിക്കുന്നത്. ജി.കെ. വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം റിലീസ് ചെയ്യുന്നത് സെപ്റ്റംബര്‍ ഏഴിനാണ്.

വന്‍ വിജയമായ പത്താന്‍ ആയിരുന്നു ഷാരൂഖ് ഖാന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. രാജ് കുമാര്‍ ഹിരാനിയുടെ സംവിധാനത്തില്‍ ഡങ്കിയാണ് ഷാരൂഖ് ഖാന്റെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Content Highlight: Chaleya video song from jawan

Latest Stories

We use cookies to give you the best possible experience. Learn more