തൃശൂര്‍: പ്രളയക്കെടുതി മൂലം കോടിക്കണക്കിന് രൂപ വിലവരുന്ന ഭക്ഷ്യധാന്യങ്ങള്‍ നശിച്ചതായി റിപ്പോര്‍ട്ടുകള്‍. ഓണക്കാലം കണക്കിലെടുത്ത് കൂടുതലായി സംഭരിച്ച ടണ്‍കണക്കിനു ഭക്ഷ്യധാന്യങ്ങളും മറ്റ് ഉല്‍പന്നങ്ങളുമാണു ചാലക്കുടി മാര്‍ക്കറ്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നശിച്ചത്.
ചാലക്കുടി മാര്‍ക്കറ്റില്‍ മാത്രം 300 കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടായതെന്നാണ് കണക്കാക്കുന്നത്. ചാലക്കുടി പുഴ കരകവിഞ്ഞപ്പോള്‍ മാളയിലെ പ്രധാന ചെറുകിട വ്യാപാര മേഖല മുഴുവന്‍ വെള്ളത്തിനടിയിലായി.
ബസ് സ്റ്റാന്‍ഡ് വരെ കയറിയ വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് ഇന്നാണ് റോഡുകള്‍ പോലും പൂര്‍ണമായും സഞ്ചാരയോഗ്യമായത്. ഇൗ പ്രദേശത്തെ വ്യാപാര മേഖല പൂര്‍വസ്ഥിതിയിലാക്കാന്‍ ദിവസങ്ങള്‍ ഏറെ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
അതേസമയം പ്രദേശത്ത് ഉണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ബണ്ടുകള്‍ തകര്‍ന്നു. ഇന്നലെ വരെ മാള ബസ് സ്റ്റാന്‍ഡ് മുഴുവന്‍ വെള്ളത്തിനടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ട്രാന്‍സ്‌ഫോമറുകള്‍ പിഴുതെറിഞ്ഞതിനാല്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ ഒരുപാട് സമയമെടുക്കും. ചെറുകിട സ്ഥാപനങ്ങളില്‍ ഓണത്തിനായി കരുതിയ പല വ്യഞ്ജനങ്ങളും വസ്ത്രങ്ങളുമടക്കം എല്ലാം നശിച്ചതായും വ്യാപാരികള്‍ പറഞ്ഞു.