| Thursday, 14th February 2019, 2:42 pm

പുഴ കീറി കാതികുടം നിറ്റാ ജലാറ്റിന്‍ കമ്പനിക്ക് വെള്ളം കൊടുക്കുന്നത് കളക്ടര്‍

ജംഷീന മുല്ലപ്പാട്ട്

ചാലക്കുടി: കഴിഞ്ഞ അഞ്ചു മാസത്തോളമായി പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരുന്ന കാതികുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. കമ്പനിക്കു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വെള്ളം ചാലക്കുടി പുഴയില്‍ നിന്നും എടുക്കരുതെന്ന് ചാലക്കുടി മുന്‍സിഫ് കോടതിയുടെ ഉത്തരവുണ്ട്. ഉത്തരവ് വന്ന് രണ്ടാം ദിവസം തന്നെ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ കമ്പനി പുഴയില്‍ നിന്നും ചാലുകീറി വെള്ളമെടുക്കാന്‍ തുടങ്ങി.

പഞ്ചായത്തിന്റെ എതിര്‍പ്പുണ്ടായിട്ടും പൊലീസിന്റെ സാനിധ്യത്തില്‍ ഇറിഗേഷന്‍ വകുപ്പാണ് ചാലുകീറി കമ്പനിക്കു വെള്ളമെടുക്കാന്‍ സൗകര്യം ചെയ്തു കൊടുത്തിരിക്കുന്നത്. പുഴയില്‍ നിന്നും ചാലു കീറാനുള്ള ഉത്തരവ് നിലവിലില്ല. കമ്പനിയില്‍ നിന്നും നിയമാനുസൃതമായി പുഴയിലേക്ക് വെള്ളം വിടാനുള്ള തടസ്സങ്ങള്‍ മാറ്റാന്‍ മാത്രമാണ് സര്‍ക്കാര്‍ ഉത്തരവിലുള്ളത്.

എന്നാല്‍ ഉത്തരവ് വളച്ചൊടിച്ച് തെറ്റായ നിര്‍ദേശമാണ് ജില്ലാ കളക്ടര്‍ ടി.വി അനുപമ ഇറിഗേഷന്‍ വകുപ്പിന് കൊടുത്തിരിക്കുന്നത്. പുഴയുടെ അടിത്തട്ടില്‍ ഒരു തരത്തിലുള്ള മാറ്റവും വരുത്തരുതെന്ന് ഇറിഗേഷന്‍ ആക്ട്റ്റ് നിലനില്‍ക്കേയാണ് തോടുകീറി കമ്പനിക്കു വെള്ളമെടുക്കാന്‍ അനുമതി കൊടുത്തിരിക്കുന്നത്.

മൂന്നടി താഴ്ചയില്‍ ചാലുകീറിയാണ് കമ്പനി വെള്ളമെടുക്കുന്നത്. കമ്പനി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ തന്നെ പുഴയിലെ വെള്ളത്തിന്റെ കളര്‍ മാറി, പച്ചയും ചുവപ്പുമായി ഒഴുകാന്‍ തുടങ്ങി. രണ്ടു കോടി ലിറ്റര്‍ വെള്ളം പ്രതിദിനം നിറ്റാ ജലാറ്റിന്‍ കമ്പനി ചാലക്കുടി പുഴയില്‍ നിന്നും എടുക്കുന്നുണ്ട്.

18 പഞ്ചായത്തുകളിലായി അഞ്ചു ലക്ഷത്തോളം ആളുകള്‍ കുടിക്കുന്നതും ഈ വെള്ളമാണ്. ഈ വെള്ളത്തിലേയ്ക്കാണ് കമ്പനി ആസിഡ് കലര്‍ന്ന മലിന ജലം ഒഴുക്കിവിടുന്നത്. അഞ്ഞൂറു പൊലീസുകാരെ കാതികുടത്ത് വിവിധ ഭാഗങ്ങളില്‍ കാവല്‍ നിര്‍ത്തിയാണ് ഇറിഗേഷന്‍ വകുപ്പ് ചാലുകീറിയതെന്ന് സമരപ്രവര്‍ത്തകര്‍ പറയുന്നു. എതിര്‍ക്കാന്‍ ചെന്ന സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.

നിലവില്‍ കമ്പനി നില്‍ക്കുന്നതിന്റെ ചുറ്റുമുള്ള പ്രദേശം (പുഴ) കമ്പനിയുടേതാക്കി മാറ്റിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലേയ്ക്ക് ആരെങ്കിലും ചെല്ലുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പൊലീസുകാര്‍ കാവലുണ്ടെന്നും സമരപ്രവര്‍ത്തകര്‍ പറയുന്നു. കലക്ടറുടെ തെറ്റായ നടപടിക്കെതിരെ പ്രതിഷേധമുയര്‍ത്തുന്ന സമരക്കാരുടെ ആവശ്യം അടിയന്തരമായി ചാല് മണ്ണിട്ടു മൂടി പുഴ പഴയപടിയാക്കുകയും കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്യണം എന്നാണ്.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം