കണ്ണൂര്‍: ചാല ടാങ്കര്‍ ദുരന്തത്തില്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ പ്രതിചേര്‍ക്കാനാകുവെന്ന് ഐ.ജി ബി. സന്ധ്യ അറിയിച്ചു. സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിയ അവര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.[]
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുളള സംഘമായിരിക്കും കേസ് അന്വേഷിക്കുകയെന്നും അവര്‍ വ്യക്തമാക്കി. ദുരന്തത്തെക്കുറിച്ചും ഇനിയും ഏറെ വിവരങ്ങള്‍ പുറത്ത് വരാനുണ്ട്. ശാസ്ത്രീയമായ പരിശോധനകള്‍ നടത്തിയ ശേഷം മാത്രമേ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയുകയുള്ളൂ.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനെ വിഷയത്തില്‍ പ്രതിചേര്‍ക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും ഐ.ജി പറഞ്ഞു.
കണ്ണൂര്‍ ചാലയിലുണ്ടായ ടാങ്കര്‍ ദുരന്തത്തില്‍ 19 പേരാണ് മരിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ ടാങ്കര്‍ ദുരന്തമായിരുന്നു ചാലയിലേത്. നിരവധി പേര്‍ പൊള്ളലേറ്റ് ചികിത്സയിലാണ്.
കണ്ണൂരിലെ ചാല ബൈപ്പാസിലാണ് ടാങ്കര്‍ പൊട്ടി തീ പടര്‍ന്നത്. തിങ്കളാഴ്ച്ച ആഗസ്റ്റ് 27ന് രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. ബൈപ്പാസിലെ ഡിവൈഡറില്‍ തട്ടി മറിയുകയും വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. അപകടത്തില്‍ ഗ്യാസ് ടാങ്കര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.