| Saturday, 1st September 2012, 10:41 am

ചാല ദുരന്തസ്ഥലം സന്ദര്‍ശിച്ച എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എയ്ക്ക് നേരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ചാല ടാങ്കര്‍ ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ എ.പി. അബ്ദുള്ളക്കുട്ടി
എം.എല്‍.എയ്ക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. എം.എല്‍.എയുടെ സന്ദര്‍ശനം വൈകിയെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. []

ദുരന്ത സ്ഥലത്ത് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്ന അബ്ദുള്ളക്കുട്ടി. ഇതിനെതിരെ നാട്ടുകാര്‍ പ്രതികരിക്കുകയായിരുന്നു. തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുക്കാതെ അബ്ദുള്ളക്കുട്ടി അദ്ദേഹത്തിന്റെ വാഹനത്തില്‍ കയറി പോയി.
അപകടത്തെ തുടര്‍ന്ന ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് പേരാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഇതോടെ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം പതിനാലായി. ചാല ദേവി നിവാസില്‍ പ്രസാദ്, ഞാറക്കല്‍ വീട്ടില്‍ റമീസ, ചാല സ്വദേശി ഓമന എന്നിവരാണ് ഇന്ന് മരിച്ചത്. ഓമന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, കെ.പി. മോഹനന്‍, കെ. സുധാകരന്‍ എം.പി എന്നിവര്‍ ഇന്നലെ വൈകുന്നേരം ചാലയിലെത്തി മരിച്ചവരുടെ ബന്ധുക്കളെയും നാട്ടുകാരെയും സന്ദര്‍ശിച്ചിരുന്നു. എ.കെ.ജി, കൊയിലി ആശുപത്രികളിലും പരിയാരം മെഡിക്കല്‍ കോളജിലും കഴിയുന്നവരെ മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദര്‍ശിച്ചു.

പാചകവാതകവുമായി പോയ ലോറിയാണ് കണ്ണൂര്‍ ദേശീയപാതയില്‍ ചാല ബൈപ്പാസിന് സമീപം മറിഞ്ഞ് അപകടം വിതച്ചത്. ചാല റോഡിലെ ഡിവൈഡറില്‍ തട്ടി മറിഞ്ഞ ലോറിയില്‍നിന്ന് വാതകം ചോര്‍ന്നു. തുടര്‍ന്ന് പൊട്ടിത്തെറിച്ചു. 40 വീടുകളും 32 സ്ഥാപനങ്ങളും ഒട്ടേറെ വാഹനങ്ങളും അഗ്‌നിക്കിരയായി. ഗ്യാസ് ടാങ്കര്‍ ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ കണ്ണയ്യന്‍ ഇന്നലെ കണ്ണൂര്‍ പോലീസില്‍ കീഴടങ്ങി.

We use cookies to give you the best possible experience. Learn more