കേരള ഫുട്‌ബോള്‍ അസോസിയേഷന് കീഴിലെ കേരള യൂത്ത് ഡെവലപ്‌മെന്റ് പ്രൊജക്ടിന്റെ ഭാഗമായുള്ള ഗ്രാസ് റൂട്ട് ടൂര്‍ണമെന്റ് ചാക്കോള ഗോള്‍ഡ് കപ്പിന്റെ ആദ്യ സീസണ്‍ ഉജ്ജ്വല വിജയം.
ഡി.ഡി.എസ് സ്‌പോര്‍ട്‌സ് അക്കാദമി പറവൂര്‍ (അണ്ടര്‍ 14), കേരള ബ്ലാസ്റ്റേഴ്സ് (അണ്ടര്‍ 15), തൃശൂര്‍ റെഡ്സ്റ്റാര്‍ (അണ്ടര്‍ 16), ടാലന്റ് അസോസിയേഷന്‍ പാലക്കാട് (അണ്ടര്‍ 17), ഐഫ കൊപ്പം, പാലക്കാട് (അണ്ടര്‍ 18) എന്നീ ടീമുകള്‍ വിവിധ വിഭാഗങ്ങളില്‍ ജേതാക്കളായി.
പാലക്കാട് ടി.എം.കെ അരീനയാണ് ഫൈനല്‍ മത്സരങ്ങള്‍ക്ക് വേദിയായത്.
അഞ്ച് വിഭാഗങ്ങളിലായി ടൂര്‍ണമെന്റില്‍ 832 മത്സരങ്ങള്‍ നടന്നു. 3,659 ഭാവി താരങ്ങള്‍ ബൂട്ടുകെട്ടി. ചെറിയ പ്രായത്തില്‍ തന്നെ ഫുട്‌ബോള്‍ കളിക്കാര്‍ക്ക് തുടര്‍ച്ചയായി മത്സരങ്ങള്‍ ലഭ്യമാക്കുകയും അതിലൂടെ അവര്‍ക്ക് മത്സരപരിചയവും ആത്മവിശ്വാസവും നല്‍കുകയുമാണ് കേരള യൂത്ത് ഡെവലപ്‌മെന്റ് പ്രോജക്ട് ലക്ഷ്യമിടുന്നത്.
ആദ്യ സീസണില്‍ തന്നെ ടൂര്‍ണമെന്റ് മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍ പറഞ്ഞു. ഈ പ്രൊജക്ട് പുരോഗമിക്കും തോറും ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ടാലന്റ് ഹബ്ബായി കേരളം മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് പദ്ധതിയുടെ ആദ്യ സീസണിലെ മത്സരങ്ങള്‍ നടന്നത്. അടുത്ത സീസണില്‍ പ്രൊജക്ട് കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഗ്രാസ് റൂട്ട് ടൂര്‍ണമെന്റില്‍ ഇത്രയേറെ മത്സരങ്ങള്‍ നടക്കുന്നതും താരങ്ങള്‍ പങ്കെടുക്കുന്നതും.
യുവ താരങ്ങള്‍ക്കായി നടത്തിയ ചാക്കോള ഗോള്‍ഡ് കപ്പ് കേരളത്തിലെ ജനങ്ങളുടെ ഫുട്‌ബോളിനോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റിയതായി ടൂര്‍ണമെന്റിന്റെ സംഘാടകരായ സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു.
യുവ ഫുട്‌ബോള്‍ പ്രതിഭകള്‍ മാറ്റുരച്ച ടൂര്‍ണമെന്റ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കൊണ്ടും വേറിട്ടുനിന്നു. ജേതാക്കളായ എല്ലാ ടീമുകളെയും അഭിനന്ദിക്കുന്നതായും ടൂര്‍ണമെന്റ് ചരിത്രവിജയമാക്കുന്നതില്‍ പങ്കാളികളായ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ഫിറോസ് മീരാന്‍ പറഞ്ഞു.
Content Highlight: Chakolas Gold Trophy Tournament by KYDP