| Sunday, 1st July 2012, 8:39 pm

ഗുരുവായൂരിനെതിരെ ഒരു കുറ്റപത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

“എനിക്ക് ഇനി ഒരിക്കല്‍പോലും ഗുരുവായൂര്‍ കാണാന്‍ ആഗ്രഹമില്ല. നിങ്ങളോടൊക്കെ എനിക്ക് വലിയ അനുകമ്പയാണ് തോന്നുന്നത്. ഗുരുവായൂരപ്പനോട് ഇനി പ്രാര്‍ത്ഥിച്ചിട്ട് കാര്യമില്ല. അദ്ദേഹമായിരിക്കണമല്ലോ ആദ്യം ശ്വാസം മുട്ടി ചത്തത്”

– ഗുരു നിത്യ ചൈതന്യ യതി

എസ്സേഴ്‌സ്/ശ്രീലേഖ്‌

അന്ന്, കളി കഴിഞ്ഞ് അവര്‍ കൈകാല്‍ കഴുകാനെത്തിയത് ഈ കായലോരത്തായിരുന്നു. വായില്‍ വെള്ളമെടുത്ത് ശുദ്ധിയാക്കുമായിരുന്നു. കായലില്‍ മീന്‍പിടിക്കാന്‍ വഞ്ചിയിറക്കുമായിരുന്നു, മത്സ്യബന്ധനവും പൊക്കാളി കൃഷിയും ചകിരി തല്ലലുമൊക്കെയായി ഗുരുവായൂരിലെ ചക്കംകണ്ടം കായലിനെ ആശ്രയിച്ച് ജീവിക്കുന്ന ആവാസ വ്യവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്.

പക്ഷെ ഇന്ന് എല്ലാം പോയി എല്ലാത്തിനും മീതെ മലം വന്ന് മൂടി. നഗരത്തിന്റെ കക്കൂസ് ടാങ്കായി മാറി ഈ നാട്.

ഇന്ന്, ഗുരുവായൂര്‍ ടൗണ്‍ഷിപ്പുകളില്‍ നിന്നും മലവും മൂത്രവും വന്നടിയുന്നത് ഗ്രാമത്തിന്റെ രക്തധമനിയായിരുന്ന ഈ കായലിലാണ്. ജലം ഉപയോഗ ശൂന്യമായി, മത്സ്യങ്ങള്‍ അപ്രത്യക്ഷമായി. കിണറുകളില്‍ വിസര്‍ജ്യമാലിന്യങ്ങള്‍ , വീട്ടില്‍ വിരുന്ന് വരുന്നവരാരും ഇവിടെ നിന്ന് വെള്ളം കുടിക്കാറില്ല. ഇവിടത്തുകാരുമായി വിവാഹാലോചനകള്‍ വരെ നടക്കുന്നില്ല. ശപിക്കപ്പെട്ട നാടെന്ന ഖ്യാതി.

കൃഷ്ണഭഗവാനാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആരാധ്യന്‍ . ആ ഭഗവാനെ കണ്ട് വണങ്ങാന്‍ ലക്ഷക്കണക്കിന് പേരെത്തുന്നു. ഇവര്‍ക്ക് വേണ്ടിയൊരുക്കിയ ഫ്‌ലാറ്റുകളില്‍ നിന്നെത്തുന്ന മലവും മൂത്രവുമടങ്ങിയ മാലിന്യമാണ് ഒരു ജനതയുടെ മേല്‍ ശാപമാകുന്നത്.

പണ്ട് വിഷമയമായ കാളിന്ദിയെ മോചിപ്പിക്കുകയായിരുന്നു കൃഷ്ണ ഭഗവാന്‍ ചെയ്തത്. കാളിയയെന്ന വിഷസര്‍പ്പം നദിയില്‍ വിഷം കലര്‍ത്തിയപ്പോള്‍ സര്‍പ്പത്തെ കീഴ്‌പ്പെടുത്തി കൃഷ്ണന്‍ നദിയെ സംരക്ഷിച്ചു. അതേ കൃഷ്ണഭഗവാനാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആരാധ്യന്‍ . ആ ഭഗവാനെ കണ്ട് വണങ്ങാന്‍ ലക്ഷക്കണക്കിന് പേരെത്തുന്നു. ഇവര്‍ക്ക് വേണ്ടിയൊരുക്കിയ ഫഌറ്റുകളില്‍ നിന്നെത്തുന്ന മലവും മൂത്രവുമടങ്ങിയ മാലിന്യമാണ് ഒരു ജനതയുടെ മേല്‍ ശാപമാകുന്നത്.

ഹോട്ടലുകളുടെ നഗരം, മാലിന്യങ്ങളുടെയും

1952ലാണ് ഗുരുവായൂരില്‍ ആദ്യമായി ലോഡ്ജ് ഉണ്ടായത്. അക്കാലത്ത് ഇവിടെയെത്തുന്ന ഭക്തര്‍ കുറവായിരുന്നു. അന്ന് അമ്പലത്തിന് ചുറ്റമുള്ള വീടുകളിലായിരുന്നു ഭക്തര്‍ താമസിച്ചിരുന്നത്. ക്ഷേത്രത്തിന് തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് 70പതുകളില്‍ പുതുക്കിപ്പണിയല്‍ നടന്നു. അതിന് ശേഷണാണ് ഗുരുവായൂര്‍ ടൗണ്‍ഷിപ്പായി വികസിച്ചത്. പിന്നീട് എണ്ണമറ്റ ഹോട്ടലുകള്‍ മുളച്ച് പൊന്തി. കെട്ടിനിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെയും ആവശ്യമായ മലിനീകരണ സംസ്‌കരണ സംവിധാനങ്ങളൊരുക്കാതെയുമായിരുന്നു നിര്‍മ്മാണം. പല ഹോട്ടലുകള്‍ക്കും സെപ്റ്റിക് ടാങ്കുകള്‍ ഉണ്ടായിരുന്നില്ല. ഉള്ളവ തന്നെ മൂന്നിരട്ടിയിലധികം മാലിന്യങ്ങള്‍ വന്നതിനെതുടര്‍ന്ന് നിറഞ്ഞ്കവിഞ്ഞു. അസഹ്യമായ ദുര്‍ഗന്ധവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉടലെടുത്തപ്പോഴാണ് ജനത്തിന് തങ്ങള്‍ പോകുന്നത് അപകടത്തിലേക്കാണെന്ന് വ്യക്തമാകുന്നത്.

ഹോട്ടലുകളില്‍ നിന്നും ഫഌറ്റുകളില്‍ നിന്നും സെപ്റ്റിക് മാലിന്യമൊഴുക്കാന്‍ അധികൃതര്‍ കണ്ട് പിടിച്ച എളുപ്പവഴി അത് തോട്ടിലൂടെ ഒഴുക്കി ഗ്രാമത്തിലെത്തിക്കുകയെന്നതായിരുന്നു. മുനിസിപ്പാലിറ്റിയിലൂടെ രണ്ട് കിലോമീറ്റര്‍ ഒഴുകുന്ന ഈ തോടിലൂടെ മലവും മൂത്രവും ഒഴുകാന്‍ തുടങ്ങി. തോട് ചെന്നെത്തുന്നത് തൈക്കാട് പഞ്ചായത്തിലെ ചക്കംകണ്ടം കായലിലാണ്. ഒഴുക്ക് എന്ന് പറയാനാകില്ല. കറുത്ത നിറത്തിലുള്ള കൊഴുത്ത ദ്രാവവകം. അമ്പത് ഏക്കര്‍ വിസ്തൃതമായ കായല്‍ അങ്ങിനെയാണ് നഗരത്തിന്റെ സെപ്റ്റിക് ടാങ്കായി മാറിയത്.

ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍

ഭക്തരുടെ സന്ദര്‍ശനത്തിലൂടെ കോടികളുടെ വരുമാനമാണ് ദേവസ്വം ബോര്‍ഡിനും ഗുരുവായൂര്‍ മുനിസിപ്പാലിറ്റിക്കും ലഭിക്കുന്നത്. എന്നാല്‍ ഈ ഹോട്ടലുകള്‍ പ്രദേശത്തെ ജനതക്ക് മേല്‍ ചൊരിയുന്ന മാലിന്യത്തെക്കുറിച്ച് ആര്‍ക്കും ആവലാതികളില്ല.

ഗുരുവായൂരിലെ മാലിന്യത്തെക്കുറിച്ച് പഠിച്ച എല്ലാ കമ്മിറ്റികളും കണ്ടെത്തിയ റിപ്പോര്‍ട്ടുകള്‍ പ്രദേശം ഭീകരമായ മാലിന്യ ഭീഷണി നേരിടുന്നെന്നായിരുന്നു. പത്താം നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി ഗുരുവായൂരില്‍ നടത്തിയ പഠനത്തില്‍ പല ലോഡ്ജുകള്‍ക്കും സെപ്റ്റിക് ടാങ്കുകളില്ലെന്ന് കണ്ടെത്തി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പഠനത്തില്‍ പ്രദേശത്തെ കിണറുകളില്‍ വര്‍ധിച്ച തോതില്‍ ക്വാളിഫോം ബാക്ടീരിയ (മനുഷ്യമലത്തിലുള്ള ബാക്ടീരിയ)യുടെ അളവ് കണ്ടെത്തി. 2008 ജനുവരിയില്‍ ഡോ, മഹാദേവന്‍ , സാറാ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ പ്രദേശത്ത് വര്‍ധിച്ച മാലിന്യം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇതിന് പുറമെ നിരവധി ഏജന്‍സികള്‍ നടത്തിയ പഠനങ്ങളിലെല്ലാം ഇവിടത്തെ കിണറുകളിലെ വെള്ളം ഉപയോഗ ശൂന്യമായതായി റിപ്പോര്‍ട്ട് തയ്യാറാക്കി. എന്നാല്‍ എല്ലാം അവഗണിക്കപ്പെട്ടു.

ഗ്രാമത്തെ കീഴടക്കാനുള്ള വഴി

വലിയ പ്രതിഷേധം ഒഴിവാക്കാന്‍ ചക്കുംകണ്ടം കായല്‍ സ്ഥിതി ചെയ്യുന്ന തൈക്കാട് പഞ്ചായത്തിനെ നഗരസഭക്കൊപ്പം കൂട്ടിച്ചേര്‍ക്കുകയെന്നതാണ് എളുപ്പവഴിയെന്ന് നഗര സഭ കണ്ടെത്തി. നഗര മാലിന്യം ഗ്രാമത്തില്‍ കൊണ്ട് നിക്ഷേപിക്കുന്നുവെന്ന പേരുദോഷം ഇല്ലാതാക്കാം. അതിനായി തൈക്കാട് പഞ്ചായത്തിനെ ഗുരുവായൂര്‍ നഗരസഭയില്‍ ചേര്‍ക്കാനുള്ള നീക്കം തുടങ്ങി. ഇതിന് പുറമെ കായലിനടുത്ത് മലിനീകരണ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങുകയാണ് നഗരസഭ. ഇതിനായി ആറേക്കര്‍ സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞു. തൈക്കാട് പഞ്ചായത്തിന്റെ അനുമതി ലഭിക്കാത്ത പദ്ധതിക്ക് പ്രദേശത്ത് നിന്ന് ശക്തമായ എതിര്‍പ്പാണുയരുന്നത്. പ്ലാന്റ് എത്തുന്നതോടെ സ്ഥിരമായി മാലിന്യം പേറാനുള്ള സ്ഥലമായി തൈക്കാട് മാറുമെന്ന് ജനത തിരിച്ചറിഞ്ഞിട്ടുണ്ട്.

എല്ലാം പണത്തിന് വേണ്ടി

ഭക്തരുടെ സന്ദര്‍ശനത്തിലൂടെ കോടികളുടെ വരുമാനമാണ് ദേവസ്വം ബോര്‍ഡിനും ഗുരുവായൂര്‍ മുനിസിപ്പാലിറ്റിക്കും ലഭിക്കുന്നത്. എന്നാല്‍ ഈ ഹോട്ടലുകള്‍ പ്രദേശത്തെ ജനതക്ക് മേല്‍ ചൊരിയുന്ന മാലിന്യത്തെക്കുറിച്ച് ആര്‍ക്കും ആവലാതികളില്ല. മാസത്തില്‍ കോടികള്‍ ലാഭം കൊയ്യുമ്പോള്‍ അതില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് ഓരോ ഹോട്ടലിനും ഫഌറ്റുകള്‍ക്കും പ്രത്യേകം മാലിന്യ സംസ്‌കരണ സംവിധാനമുണ്ടാക്കുകയാണ് വേണ്ടത്. എന്നാല്‍ ലാഭ വിഹിതത്തില്‍ കുറവ് വരുമെന്നതിനാല്‍ മുതലാളിമാര്‍ അതിന് തയ്യാറല്ല. പ്രതിഷേധങ്ങളെ ഇല്ലാതാക്കി ഒരു ജനതയെ കൊല്ലാന്‍ പ്ലാന്റ് നിര്‍മ്മിക്കുന്നത്ര പണം വേണ്ട. പണത്തിന് മുന്നില്‍ മനുഷ്യ ജീവനുകള്‍ക്ക് വിലയില്ല.

ഹോട്ടലുകലില്‍ നിന്നും ഓടയിലേക്ക് മനുഷ്യവിസര്‍ജ്യങ്ങള്‍ ഒഴുക്കുന്നില്ലെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്. ഹോട്ടലുകള്‍ക്ക് നഗരസഭ ഇതുവരെ ഒരു നോട്ടീസ് നല്‍കുക പോലും ചെയ്തിട്ടില്ല. ഗുരുവായൂരില്‍ ഒരു വിഭാഗം കോടികളുടെ ലാഭം കൊയ്യുന്നു. ആ ലാഭത്തിന് വേണ്ടി വലിയൊരു സമൂഹം മലിന്യത്തില്‍ മുങ്ങിക്കഴിയുന്നു. ഇത് ചോദ്യം ചെയ്യേണ്ടവര്‍ ഹോട്ടല്‍ ലോബിയുടെ കൈവലയത്തിലാണ്. ഒന്നും ഗുരുവായൂരപ്പന് വേണ്ടിയല്ല, ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്ന തിരിച്ചറിവാണിവരെ നിശബ്ദരാക്കുന്നത്.

ആ തിരിച്ചറിവ് ഇവിടത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലുമുണ്ട്. ഗുരുവായൂരില്‍ ലാഭക്കൊതി മൂത്ത റിസോര്‍ട്ട് വ്യവസായികള്‍ ഒരു ജനതയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നത് എവിടെയും വാര്‍ത്തയാകുന്നില്ല. ഇവിടെ പഠനത്തിന് വന്ന സാറാജോസഫിനെ ചോദ്യങ്ങള്‍ ചോദിച്ച് വിരട്ടുകയായിരുന്നു മാധ്യമ പുംഗവന്‍മാര്‍ ചെയ്തത്. ഹോട്ടലുകാര്‍ വെച്ച് നീട്ടുന്ന എച്ചിലിനേക്കാള്‍ വില തന്റെ പേനയിലെ മഷിക്കുണ്ടെന്ന സത്യം തിരിച്ചറിയാതെ പോകുന്നു. അതെ മറ്റൊരു കാളിയ മര്‍ദനം ആവശ്യമായി വന്നിരിക്കുന്നു.

(2010 ഫെബ്രുവരി 2-ന് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുനപ്രസിദ്ധീകരണം)

We use cookies to give you the best possible experience. Learn more