[]കോഴിക്കോട്:ചക്കിട്ടപ്പാറ ഖനനക്കേസില്‍ സി.പി.എം നേതാവും മുന്‍ വ്യവസായ മന്ത്രിയുമായ എളമരം കരീമിനെതിരായി വിജിലന്‍സിന് മൊഴി. കരീം എം.എസ്.പി.എല്‍ കമ്പനിയില്‍ നിന്ന് 5 കോടിയോളം രൂപ കോഴ വാങ്ങിയെന്നാണ് മൊഴി.
കരീമിന്റെ വിശ്വസ്തനായ നൗഷാദിന്റെ മുന്‍ ഡ്രൈവര്‍ സുബൈറിന്റേതാണ് മൊഴി. ഈ പണം ഉപയോഗിച്ച് കരീം ഭൂമി വാങ്ങിയതായും സുബൈര്‍ വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ബിനാമി പേരിലാണ് കരീം ഭൂമിയിടപാട് നടത്തിയതെന്നും കോഴയായി വാങ്ങിയ പണം താനാണ് കരീമിന്റെ വീട്ടിലെത്തിച്ചതെന്നും സുബൈര്‍ പറയുന്നു.
മൂന്ന് മണിക്കൂര്‍ നീണ്ട വിജിലന്‍സിന്റെ മൊഴിയെടുക്കലില്‍ കരീമും നൗഷാദും തമ്മില്‍ നടന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ച് താന്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സുബൈര്‍ അറിയിച്ചു.
കോഴിക്കോട് ചക്കിട്ടപ്പാറയിലും കാക്കൂര്‍, മാവൂര്‍ എന്നീ വില്ലേജുകളിലും ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവിട്ടിരുന്നു.
ഇതിനായി നിയമിച്ച പ്രത്യേകസംഘത്തോടാണ് സുബൈര്‍ കരീമിന്റെ ഭൂമിയിടപാട് സംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിച്ചിരിക്കുന്നത്.
വ്യവസായവകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവായത്.
2009 ജനുവരി 27ന് സംസ്ഥാനസര്‍ക്കാര്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ലഭിച്ചു. തുടര്‍ന്ന് 2010 ഏപ്രില്‍ 23ലെ കത്ത് പ്രകാരം ചക്കിട്ടപ്പാറയില്‍ 406.4500 ഹെക്ടര്‍ സ്ഥലത്ത് എം.എസ്.പി.എല്‍ കമ്പനിയ്ക്ക് മുപ്പത് വര്‍ഷത്തേയ്ക്ക് ഇരുമ്പയിര് ഖനനത്തിന് തത്വത്തില്‍ അനുമതി നല്‍കുകയായിരുന്നു.