കോഴിക്കോട്: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ ആലമ്പാറ എസ്റ്റേറ്റില്‍ ഇരുമ്പ് ഖനനത്തിന് ഹൈക്കോടതിയുടെ അനുമതിയുണ്ടെന്ന് എം.എസ്.പി.എല്‍ കമ്പനി. നിയമങ്ങളും കമ്പനിക്ക് അനുകൂലമാണെന്ന് കമ്പനിയുടെ ഡയറക്ടര്‍ മേധാ വെങ്കിട്ട അയ്യര്‍ പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്പനിക്ക് അനുകൂലമായ വിധിയുണ്ട്. മറ്റൊരു തരത്തിലുമുള്ള പാരിസ്ഥിതിക പ്രശ്‌നവുമില്ല. ഈ സാഹചര്യത്തില്‍ ഖനനവുമായി മുന്നോട്ടുപോകാന്‍ കേന്ദ്ര മൈനിങ് ട്രിബ്യൂണലിനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആയിരം ഏക്കര്‍ ഭൂമിയില്‍ പരിസ്ഥിതി പ്രത്യാഖാതം ഉണ്ടാക്കാത്ത നാനൂറ് ഏക്കറില്‍ മാത്രമാണ് കമ്പനി ഖനനം ചെയ്യുന്നത്. പ്രാദേശികമായ എതിര്‍പ്പാണ് പദ്ധതി വൈകിപ്പിക്കുന്നത്. ഖനനത്തിന് അനുകൂല തീരുമാനം ഉണ്ടാവണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും മറ്റും സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ഇടതുസര്‍ക്കാറിന്റെ കാലത്ത് എളമരം കരീം വ്യവസായ മന്ത്രിയായിരിക്കെയാണ് ചക്കിട്ടപ്പാറയില്‍ ഇരുമ്പയിരിന് ഖനനത്തിന് എം.എസ്.എല്‍ കമ്പനിക്ക് അുമതി നല്‍കുകയായിരുന്നു. മുപ്പതു വര്‍ഷത്തേയ്ക്ക് ഇരുമ്പയിര് ഖനനത്തിന് തത്വത്തില്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ പരസ്യ ടെണ്ടറുകളൊന്നും വിളിക്കാതെ രഹസ്യമായി ഒരു സ്വകാര്യ കമ്പനിക്ക് ഇത്തരത്തില്‍ അനുമതി നല്‍കിയ നടപടി വന്‍വിവാദമായി.
ഇതേത്തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഖനനാനുമതി റദ്ദാക്കുകയും ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
സ്വകാര്യ കമ്പനിക്ക് ഖനനാനുമതി നല്‍കാന്‍ എളമരം കരീം അഞ്ചുകോടി രൂപ കോഴവാങ്ങിയെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണത്തിന് തെളിവില്ലെന്നായിരുന്നു വിജിലന്‍സിന്റെ റിപ്പോര്‍ട്ട്.