ചക്കിട്ടപ്പാറ ഖനനാനുമതി വിവാദം: വിജിലന്‍സ് അന്വേഷിക്കും
Kerala
ചക്കിട്ടപ്പാറ ഖനനാനുമതി വിവാദം: വിജിലന്‍സ് അന്വേഷിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th December 2013, 4:36 pm

[] തിരുവനന്തപുരം: ചക്കിട്ടപ്പാറ ഖനനാനുമതി വിവാദം വിജിലന്‍സ് അന്വേഷിക്കും. കാക്കൂര്‍, മാവൂര്‍ എന്നിവിടങ്ങളിലെ ഖനനവും വിജിലന്‍സ് അന്വേഷിക്കും. ഇത് സംബന്ധിച്ച ഫയല്‍ വ്യവസായ വകുപ്പ് വിജിലന്‍സിന് കൈമാറി.

ചക്കിട്ടപ്പാറ വിഷയത്തില്‍ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നില്ല.

വ്യവസായ വകുപ്പ് വിഷയം പഠിക്കുകയാണെന്നും അതിന് ശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നത്.

ഇന്ന് ഉച്ച തിരിഞ്ഞതിന് ശേഷമാണ് വിജിലന്‍സ് അന്വേഷണം സംബന്ധിച്ച ഫയല്‍ വ്യവസായവകുപ്പ് വിജിലന്‍സിന് കൈമാറിയത്.

അന്വേഷണം വൈകുന്നതില്‍  രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു.

അന്വേഷണം വൈകുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ടെന്നും ഇനിയും അന്വേഷണം വൈകുന്നത് ജനങ്ങളില്‍ സംശയം ജനിപ്പിക്കുമെന്നും ചെന്നിത്തല മുഖ്യമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ഖനന വിവാദം സി.ബി.ഐ തന്നെ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജും ആവശ്യപ്പെട്ടു.

എന്നാല്‍ ചക്കിട്ടപ്പാറ ഖനന വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തട്ടെയെന്നും ഏത് രീതിയിലുള്ള അന്വേഷണം ആകാമെന്നുമുള്ള നിലപാടിലാണ് മുന്‍ വ്യവസായ മന്ത്രി എളമരം കരീം.